കുട്ടികൾക്ക് വേണ്ടത് നിങ്ങളുടെ ഉപദേശമല്ല, സ്വയം തീരുമാനം എടുക്കാനുള്ള കഴിവാണ്
Mail This Article
അത് ചെയ്യരുത്, ഇത് ചെയ്യരുത്, അവിടെ പോകണം, ഇവിടെ പോകണ്ട എന്ന് തുടങ്ങി നൂറു കണക്കിന് ഉപദേശങ്ങൾ കുട്ടികൾക്ക് നൽകാൻ നമ്മൾ മിടുക്കരാണ്. എന്നാൽ, മാതാപിതാക്കളും മുതിർന്നവരും പറയുന്നത് കേട്ട് മാത്രം ശരി - തെറ്റുകളെ തിരിച്ചറിയേണ്ടവരാണോ കുട്ടികൾ. ഒരിക്കലുമല്ല. ഒരു വിഷയം വരുമ്പോൾ അക്കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിവുള്ളവർ ആയിരിക്കണം കുട്ടികൾ. ചെറുപ്പത്തിലേ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തയുള്ളവരായി കുട്ടികളെ വളർത്തണം. കുട്ടികളായിരിക്കുമ്പോൾ തന്നെ തീരുമാനം എടുക്കാൻ കെൽപുള്ളവരായി വളരുന്ന കുട്ടികൾ വളർന്ന് കഴിയുമ്പോഴും ആ മികവ് ജീവിതത്തിൽ ഉടനീളം പുലർത്തും.
ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവും പാകതയും ചെറുപ്പത്തിലേ ശീലിച്ചാൽ , ദൈനംദിന ജീവിതത്തിൽ അത്രമേൽ പ്രധാനപ്പെട്ട ഒന്നാണ് സ്വയം തീരുമാനമെടുക്കാനുള്ള കഴിവ്. നമ്മുടെ ചുറ്റുമുള്ള ആളുകളിൽ നിന്നും കാലക്രമേണ നമ്മൾ ഇത് പഠിച്ചു വരികയാണ് ചെയ്യുന്നത്. എന്നാൽ, കുട്ടികൾ മിക്കപ്പോഴും തീരുമാനം എടുക്കുന്നത് ബാഹ്യപ്രേരണയുടെ അടിസ്ഥാനത്തിൽ ആയിരിക്കും. എന്നാൽ ചെറുപ്രായം തൊട്ടു തന്നെ ആരോഗ്യകരമായ തീരുമാനമെടുക്കാൻ കഴിവുള്ളവരായി കുട്ടികളെ വളർത്താൻ കഴിയണം. അത് അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ വലിയ രീതിയിലുള്ള ഗുണങ്ങൾ ആയിരിക്കും ഉണ്ടാക്കുക.
എന്താണ് തീരുമാനം എടുക്കാനുള്ള കഴിവ് ?
ഇഷ്ടമുള്ളത് എന്താണെന്ന് തിരഞ്ഞെടുക്കുന്നതിനേക്കാൾ കുറച്ചു കൂടി ഉയരത്തിലാണ് അല്ലെങ്കിൽ പ്രധാനപ്പെട്ടതാണ് ഒരു തീരുമാനം എടുക്കാനുള്ള കഴിവ്. ഒരു കാര്യത്തിൽ തീരുമാനം എടുക്കുമ്പോൾ അതിന്റെ ഗുണഫലങ്ങളെക്കുറിച്ചും വരും വരായ്മകളെക്കുറിച്ചും നമ്മൾ ബോധ്യമുള്ളവരായിരിക്കണം. ഒരു കാര്യത്തിന് ഇറങ്ങിത്തിരിക്കുമ്പോൾ അത് എങ്ങനെ നേടിയെടുക്കാമെന്നും അതിനു വേണ്ടി എന്തൊക്കെ ത്യാഗങ്ങൾ ചെയ്യേണ്ടി വരുമെന്നും അറിവുണ്ടായിരിക്കണം. നല്ല തീരുമാനം എടുക്കാൻ കഴിവുകളുള്ള വ്യക്തിക്ക് മറ്റുള്ളവരുടെ ആശങ്ക വക വെക്കാതെ അവനവന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാൻ കഴിയും. പെട്ടെന്നുണ്ടാകുന്ന ചില വികാരങ്ങൾക്ക് അടിപ്പെട്ട് തീരുമാനം കൈക്കൊള്ളുന്നതിന് പകരം ഭാവായിൽ ഗുണം നൽകുന്ന തീരുമാനങ്ങൾ എടുക്കാൻ കഴിയണം.
എങ്ങനെയാണ് ഒരു തീരുമാനത്തിലേക്ക് എത്തുന്നത് ?
ഒരു കാര്യത്തിൽ തീരുമാനം എടുക്കുക എന്നത് ഒരു പ്രക്രിയയാണ്. കാരണം, കാര്യത്തെക്കുറിച്ച് കൃത്യമായി പഠനം നടത്തുക, പ്രശ്നം എന്താണെന്ന് തിരിച്ചറിയുക, പ്രശ്ന പരിഹാരത്തിനായുള്ള വിവരങ്ങൾ ശേഖരിക്കുക, എന്തൊക്കെ പരിഹാരമാർഗങ്ങളാണ് മുമ്പിലുള്ളത് എന്ന് തിരിച്ചറിയുക, അതിനു ശേഷം കൃത്യമായ തീരുമാനമെടുക്കുക. ഇക്കാര്യങ്ങൾ കുട്ടികൾക്ക് വളരെ ചെറുപ്പത്തിൽ തന്നെ പറഞ്ഞുകൊടുക്കണം. സ്വയം തീരുമാനം എടുക്കുന്നതിന്റെ പ്രാധാന്യവും അത് ജീവിതത്തെ നല്ലതും മോശവുമായി എങ്ങനെയെല്ലാം ബാധിക്കുമെന്നും കുട്ടികൾക്ക് മാതാപിതാക്കൾ പറഞ്ഞു കൊടുക്കണം. നിത്യജീവിതത്തിൽ ചെറിയ ചെറിയ കാര്യങ്ങളിൽ സ്വയം തീരുമാനം എടുക്കാൻ കുട്ടികളെ മാതാപിതാക്കൾ പരിശീലിപ്പിക്കണം. ഏത് വസ്ത്രം ധരിക്കണം, എന്ത് കളി കളിക്കണം തുടങ്ങി ചെറിയ കാര്യങ്ങളിൽ സ്വയം തീരുമാനം എടുക്കാൻ മക്കളെ പഠിപ്പിക്കണം. ഇത് അവരുടെ ആത്മവിശ്വാസത്തെ വളർത്തുകയും ചിന്താശേഷിയെ വികസിപ്പിക്കുകയും ചെയ്യും. സ്വയം തീരുമാനമെടുക്കുമ്പോൾ ചിലപ്പോൾ തെറ്റുകൾ പറ്റും. പക്ഷേ, അത് മുന്നോട്ടുള്ള ജീവിതത്തിൽ ഒരു പാഠമായിരിക്കും. തെറ്റുകളിൽ നിന്ന് പുതിയ പാഠങ്ങൾ പഠിച്ച് മുന്നേറാനും ഭാവിയിൽ കൂടുതൽ നല്ല തീരുമാനങ്ങൾ എടുക്കാനും അത് സഹായിക്കും.
സ്വയം തീരുമാനം എടുക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ ചില കാര്യങ്ങൾ
വിമർശനാത്മകമായി ചിന്തിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക. സ്വയം തീരുമാനം എടുക്കാനും അതിന്റെ ഗുണഫലങ്ങളും ദോഷഫലങ്ങളും എന്താണെന്ന് വിലയിരുത്താനും അവരെപ്രാപ്തരാക്കുക. ശരിയായ തീരുമാനം എടുക്കുന്നതിൽ നമ്മളും കുട്ടികൾക്ക് ഒരു മാതൃകയാകണം. ഏതെങ്കിലും ഒരു കാര്യത്തിൽ നമ്മൾ ഒരു തീരുമാനം എടുക്കുമ്പോൾ എന്തുകൊണ്ട് അത്തരത്തിൽ ഒരു തീരുമാനം എടുത്തു എന്ന് കുട്ടികൾക്ക് വിശദീകരിച്ച് നൽകാൻ കഴിയണം. കൂടാതെ, ഒരു പ്രശ്നം വരുമ്പോൾ അതിന് എങ്ങനെ പരിഹാരം കണ്ടെത്താമെന്നും ഏതൊക്കെ തരത്തിൽ ചിന്തിച്ച് പരിഹാരം കണ്ടെത്താമെന്നുമുള്ള പരിശീലനം കുട്ടികൾക്ക് ലഭിക്കണം. ചില സാഹചര്യങ്ങളിൽ സ്വയം തീരുമാനം എടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കണം. അതിന്റെ ഫലം നല്ലതോ മോശമോ ആയാൽ ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കുട്ടികളെ പഠിപ്പിക്കുകയും വേണം. കൃത്യമായ തീരുമാനം എടുക്കാൻ ആവശ്യമായതും പ്രായത്തിന് യോജ്യവുമായ വിവരങ്ങൾ കുട്ടികൾക്ക് നൽകുക. തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ കുട്ടികൾക്ക് കരുത്ത് പകർന്ന് നൽകണം. പരാജയങ്ങളിൽ തളർന്നു പോകേണ്ടതില്ലെന്നും അത് കൂടുതൽ പഠിക്കാനും വളരാനുമുള്ള അവസരങ്ങളാണെന്നും കുട്ടികളെ പറഞ്ഞ് മനസിലാക്കുക.