ADVERTISEMENT

പണ്ടു കാലങ്ങളെ അപേക്ഷിച്ച് കുറേക്കൂടി വിശാലമായ തുറന്നു പറച്ചിലുകളുടെ ലോകത്താണ് നമ്മൾ ജീവിക്കുന്നത്. എന്നിരുന്നാലും കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം (Sex Education) പകർന്നു കൊടുക്കുന്ന കാര്യത്തിൽ ഇന്നും വൈമുഖ്യം കാണിക്കുന്ന മാതാപിതാക്കളുണ്ട്. ചെറിയ പ്രായത്തിൽ കുട്ടികൾക്ക് ഗുഡ് ടച്ചും (Good Touch) ബാഡ് ടച്ചും (Bad Touch) പഠിപ്പിച്ച് കൊടുക്കുന്നവർ പോലും കൗമാരത്തിലേക്ക് എത്തുന്ന കുട്ടിയോട് ശരീര വളർച്ചയെക്കുറിച്ചും ശരീരത്തിൽ ഉണ്ടാകുന്ന മാറ്റത്തെക്കുറിച്ചും പറഞ്ഞു കൊടുക്കാൻ തയാറാകാറില്ല. അത്തരം അറിവില്ലായ്മ കുട്ടികൾ ശാരീരികമായി പീഡിപ്പിക്കപ്പെടാൻ പ്രധാന കാരണവുമായി മാറാറുണ്ട്. അതുകൊണ്ട് ശരീരത്തെക്കുറിച്ചും അതിനുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും ശരീരത്തിലെ അവയവങ്ങളെക്കുറിച്ചും എല്ലാം കുട്ടികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ആ അറിവ് പകർന്നു നൽകുന്നതിൽ മാതാപിതാക്കൾ ഒരിക്കലും വിമുഖത കാണിക്കാൻ പാടില്ല.

ഏതൊക്കെ തരം ആളുകൾ  സമൂഹത്തിലുണ്ടെന്ന് കുട്ടികൾക്കു മനസ്സിലാക്കിക്കൊടുക്കാ‌ൻ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ആണും പെണ്ണും എന്ന രണ്ടു ലിംഗങ്ങൾ മാത്രമല്ല വിഭിന്ന ലിംഗക്കാർ കൂടി ഉൾപ്പെട്ടതാണ് ഈ സമൂഹം എന്ന തിരിച്ചറിവ് കുട്ടിക്ക് ഉണ്ടാകണം. അതിനൊപ്പം അവനവന്റെ ശരീരത്തെക്കുറിച്ചും സ്വത്വബോധത്തെക്കുറിച്ചുമുള്ള അറിവ് കുട്ടിക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയണം. സ്വന്തം ശരീരത്തെയും മറ്റുള്ളവരുടെ ശരീരത്തെയും അംഗീകരിക്കാൻ കുട്ടികളെ പഠിപ്പിക്കുക. വളരുന്ന പ്രായത്തിൽ പല തരത്തിലുള്ള ബോഡി ഷെയിമുകൾക്കും കുട്ടികൾ വിധേയരാകാൻ സാധ്യതയുണ്ട്. അതിനെ മറികടക്കാൻ മാനസികമായ കരുത്തും അത്തരം ആക്രമണങ്ങൾക്ക് വിധേയരാകേണ്ടി വരുന്ന സഹപാഠികളെ ചേർത്തു പിടിക്കാനുള്ള വിവേകവും കുട്ടികൾക്ക് പകർന്ന് നൽകണം. സ്വന്തം ശരീരം മാറ്റങ്ങൾക്ക് വിധേയമാകുമ്പോൾ ലജ്ജിക്കേണ്ട കാര്യമില്ലെന്ന് അവർക്കു പറഞ്ഞു കൊടുക്കണം. 

അതേസമയം, കുട്ടികൾക്ക് ഇക്കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതിന് മുമ്പ് ചില മാതാപിതാക്കളെയെങ്കിലും ബോധവൽക്കരിക്കേണ്ടതുണ്ട്. കാരണം, കുട്ടികളെ പഠിപ്പിക്കേണ്ടത് ശരിയായ കാര്യങ്ങളാണ്. ആദ്യമായി ഇക്കാര്യങ്ങൾ കുട്ടിയുമായി സംസാരിക്കുമ്പോൾ ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. എന്നാൽ, ഇത്തരം കാര്യങ്ങൾ കുട്ടിയുമായി സംസാരിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് ഓരോ മാതാപിതാക്കളും തിരിച്ചറിയണം.

scream-woman-saying-no-doidam-10-shutterstock-com
Representative Image. Photo Credit : Doidam 10 / Shutterstock.com

ചോദ്യങ്ങൾ സ്വാഗതം ചെയ്യുക, നേരത്തേ തന്നെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുക
കുട്ടികളുടെ സംശയങ്ങൾ ഒരിക്കലും അവസാനിക്കില്ല. പലപ്പോഴും ലൈംഗികപരമായ ചോദ്യങ്ങളിൽ നിന്ന് മാതാപിതാക്കൾ തന്ത്രപരമായി ഒഴിഞ്ഞു മാറുകയോ യാഥാർഥ്യവുമായി ബന്ധമില്ലാത്ത മറുപടികൾ നൽകുകയോ ചെയ്യും. ഇത് കുട്ടികളെ കൂടുതൽ അപകടത്തിലേക്കാണ് കൊണ്ടു ചെന്നെത്തിക്കുക. ഉദാഹരണത്തിന്, കുഞ്ഞുങ്ങൾ എങ്ങനെയാണ് ഉണ്ടാകുന്നത് എന്നു ചോദിക്കുന്ന കുഞ്ഞിനോട് എന്തെങ്കിലും മണ്ടത്തരം ഉത്തരമായി പറയുന്നതിന് പകരം അമ്മയുടെ വയറ്റിലെ ഒരു ചെറിയ മുട്ടയിൽ നിന്നാണ് കുഞ്ഞുണ്ടാകുന്നത് പറഞ്ഞു നൽകാം.  ലളിതവും എന്നാൽ ശാസ്ത്രീയവുമാണ് ആ ഉത്തരം. കൂടാതെ, ലൈംഗികതയെക്കുറിച്ച് ഒരു കുഞ്ഞിന് ഉണ്ടാകുന്ന സംശയങ്ങൾക്ക് പ്രായത്തിന് അനുയോജ്യമായ രീതിയിൽ ഉത്തരം നൽകാൻ ശ്രമിക്കാം.

boy-sitting-in-ground-new-africa-shutterstock-com
Representative Image. Photo Credit : New Africa / Shutterstock.com

ശരീരത്തെക്കുറിച്ചുള്ള ജിജ്ഞാസ മാറ്റുക, അവയവങ്ങളുടെ ശരിയായ പേര് ഉപയോഗിക്കുക
ചില മാതാപിതാക്കളുടെ ശീലമാണ് കുട്ടികളോടു സംസാരിക്കുമ്പോൾ ശരീരഭാഗങ്ങൾക്ക് എന്തെങ്കിലും വസ്തുക്കളുടെ പേര് ഉപയോഗിക്കുക എന്നത്. എന്നാൽ ഇത് നല്ലതല്ല. അനാവശ്യമായ ലജ്ജ കുട്ടികളിൽ വളർത്തുന്നതിനേ അത് ഉപകരിക്കൂ. സ്വകാര്യ ശരീരഭാഗങ്ങൾക്ക് അതിന്റെ കൃത്യമായ പേരുകൾ ഉപയോഗിക്കാൻ പഠിപ്പിക്കുക. ഡോക്ടർമാരുമായി കുട്ടികൾക്ക് കൃത്യമായ ആശയവിനിമയം നടത്താൻ ഇത് സഹായിക്കും. കൂടാതെ, നല്ലതും മോശവുമായ സ്പർശനത്തെക്കുറിച്ചുള്ള അവരുടെ ധാരണ വർദ്ധിക്കുകയും ആരോഗ്യകരമായ അതിരുകൾ സ്ഥാപിക്കുകയും ചെയ്യുന്നു. ലൈംഗികപരമായ രംഗങ്ങൾ ചാനലിൽ വരുമ്പോൾ പെട്ടെന്ന് ചാനൽ മാറ്റുന്നത് നല്ല ശീലമല്ല. കാരണം, ലൈംഗികത വൃത്തികെട്ട, അപകടം നിറഞ്ഞ, അതീവരഹസ്യമായ എന്തോ ഒന്നാണെന്ന ചിന്ത കുട്ടിയിൽ ഉണ്ടാകാൻ ഇത് കാരണമാകും. പകരം, ഇത്തരം രംഗങ്ങൾ വരുമ്പോൾ അത് എന്താണെന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുക. കുട്ടിയുടെ ശരീരഭാഗങ്ങളെക്കുറിച്ച് അവർക്ക് തന്നെ ശരിയായ ധാരണ ഉണ്ടാക്കി കൊടുക്കാനും ശ്രദ്ധിക്കുക. ശരീരത്തിൽ മാറ്റം വരുന്നത് വളരെ സാധാരണമായ ഒരു കാര്യമാണെന്നും അതിന്റെ പേരിൽ ലജ്ജിക്കേണ്ടതില്ലെന്നും കുട്ടിയെ പറഞ്ഞ് മനസ്സിലാക്കുക. 

കുട്ടികളോട് ലൈംഗികപരമായ കാര്യങ്ങൾ സംസാരിക്കാൻ ഒരിക്കലും വൈകരുത്. ഇക്കാര്യത്തിൽ കാലതാമസം ഉണ്ടാകുന്നത് തെറ്റായ വഴികളിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കാൻ കാരണമാകും. ലൈംഗിക വിഷയങ്ങളെക്കുറിച്ച് മാതാപിതാക്കൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നില്ലെങ്കിൽ പോൺ സിനിമകളിലേക്കും ചിത്രങ്ങളിലേക്കും കുട്ടികൾ വഴി തെറ്റിപ്പോകും. പോൺ സിനിമകൾ, അശ്ലീല പുസ്തകങ്ങൾ എന്നിവയിൽ കുട്ടികൾ അവരുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ അന്വേഷിക്കും. ഇത് ലൈംഗികതയെക്കുറിച്ചുള്ള വികലമായ വീക്ഷണത്തിലേക്കും ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളിലേക്കും കുട്ടികളെ നയിക്കും. കുട്ടിക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ ലഭിക്കാത്ത പക്ഷം അവർക്ക് അവരുടെ ശരീരത്തെക്കുറിച്ച് ലജ്ജ തോന്നുകയും അപകടകരമായ ചില പെരുമാറ്റങ്ങളിലേക്ക് എത്തപ്പെടുകയും ചെയ്തേക്കാം. ശരീരത്തെക്കുറിച്ച് കൃത്യമായ അറിവില്ലാത്തത് ലൈംഗിക ദുരുപയോഗം തിരിച്ചറിയുന്നതിൽ കുട്ടികളെ പരാജിതരാക്കും. അത് കൂടുതൽ അപകടമാണ്. ദുരുദ്ദേശ്യത്തോടു കൂടിയുള്ള മറ്റുള്ളവരുടെ പെരുമാറ്റവും ഉചിതമല്ലാത്ത സമീപനവും തിരിച്ചറിയാൻ കുട്ടിക്ക് കഴിയാതെയാകും. ഇത് കൂടുതൽ അപകടങ്ങളിലേക്ക് വഴി തെളിക്കും. കൂടാതെ, ലൈംഗികത എന്തോ മറയുള്ള സാധനമാണെന്ന വിചാരം വന്നാൽ ലൈംഗിക സംബന്ധമായ അസുഖങ്ങൾ സംബന്ധിച്ച് മാതാപിതാക്കളോട് തുറന്നു പറയാൻ കുട്ടികൾ മടി കാണിക്കും. ഇത് ചികിത്സ വൈകിക്കുകയും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.

മാനസികമായും ശാരീരികമായും കരുത്തുള്ളവരായി വളരാൻ ലൈംഗികത എന്താണെന്നതിനെക്കുറിച്ചുള്ള കൃത്യമായ അറിവ് കുട്ടികളെ സഹായിക്കും. മാതാപിതാക്കളോട് എന്തും സംസാരിക്കാൻ കഴിയുമെന്ന ചിന്ത കുട്ടികൾക്കുണ്ടാകണം. അത് മാനസികമായും ശാരീരികമായും ആരോഗ്യമുള്ള കുട്ടികളായി വളരാൻ അവരെ സഹായിക്കും. തനിക്ക് എന്ത് സംഭവിച്ചാലും മാതാപിതാക്കളുടെ പിന്തുണ ഉണ്ടെന്നുള്ള ഉറച്ച ബോധ്യം കുട്ടികളെ കരുത്തുള്ളവരാക്കി തീർക്കും.

ചതിവലകളിൽ കുരുങ്ങരുത് കൗമാരം - വിഡിയോ

English Summary:

Good touch and bad touch: How to make your child understand the difference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com