ഭിന്നശേഷിയുള്ള കുട്ടിയുടെ ഉത്തരവാദിത്തം അമ്മയ്ക്കു മാത്രമോ? അറിയാം 5 കാര്യങ്ങൾ
Mail This Article
‘എന്റെ ജീവിതം മുഴുവൻ കുട്ടിക്കായി മാറ്റിവച്ചിരിക്കുന്നു’ എന്ന് പലപ്പോഴും അമ്മമാർ പറയുന്നതു കേട്ടിട്ടുണ്ട്. മിക്കവാറും എല്ലാ അമ്മമാരുടെ കാര്യത്തിലും അത് ശരിയും ആണ്. ജീവിതം എല്ലാവർക്കും ഒന്നല്ലേ ഉള്ളൂ. അപ്പോൾസ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് അതു വലിയ പ്രശ്നങ്ങൾക്കു കാരണമാകും. അത് കുട്ടിയെ പരിചരിക്കുന്നതിനെ ബാധിക്കുകയും ചെയ്യും. ദീർഘകാല രോഗങ്ങൾ ഉള്ള ആളുകളെ പരിചരിക്കുന്നവരിൽ കത്തിത്തീരുക (burned out) എന്ന അവസ്ഥ വളരെ സാധാരണമാണ്. വലിയ തോതിൽ മടുപ്പും ഇനി ഒന്നും ശരിയാകില്ല എന്ന തോന്നലും വിഷാദത്തിനും നിസ്സഹായതയ്ക്കുമൊക്കെ കാരണമാകാം. ചില നിർദേശങ്ങൾ ആണ് ഇവിടെ പറയുന്നത്.
1. കുട്ടിയെ പരിചരിക്കുന്നതിന്റെ ഉത്തരവാദിത്തം അമ്മയ്ക്കു മാത്രം ആകരുത്. കുടുംബത്തിലെ മറ്റ് അംഗങ്ങളെക്കൂടി അതിൽ പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കണം.
2. ദിവസവും കുറച്ചു സമയം തനിക്കു മാത്രമായി മാറ്റിവയ്ക്കുക. ഉദാഹരണത്തിന് ദിവസവും ഒരു മണിക്കൂർ. അത് ഇഷ്ടപ്പെട്ട ഏതെങ്കിലും കാര്യങ്ങൾക്കായി ചെലവഴിക്കുക. വായന, പാട്ടു കേൾക്കുക, സിനിമ കാണുക, തോട്ടപ്പണി അങ്ങനെയുള്ളവ.
3. ആഘോഷങ്ങളിലും സൗഹൃദ കൂട്ടായ്മകളിലും കുടുംബസംഗമങ്ങളിലും ഒക്കെ ആവുന്നത്ര പങ്കെടുക്കുക.
4. കുട്ടിയെ പരിചരിക്കുന്നതിന് സഹായിയെ ഏർപ്പെടുത്താൻ പറ്റുമെങ്കിൽ ചെറിയ യാത്രകൾ (ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ) പോകുന്നത് മനസ്സിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
5. ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാൻ പഠിപ്പിക്കുകയും കുറേശ്ശെയായി കുട്ടിക്ക് ദൈനംദിന കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിവുണ്ടാക്കുകയും ചെയ്യുക. ഇൗ കാര്യങ്ങൾ ഒക്കെ പറയാൻ എളുപ്പമാണ്. എന്നാൽ, യാഥാർഥ്യമാക്കാൻ വലിയ പ്രയാസമാണ്. പ്രത്യേകിച്ചും വലിയ തോതിൽ പ്രശ്നങ്ങളുള്ള കുട്ടികളുടെ അമ്മമാരെ സംബന്ധിച്ചിടത്തോളം. സാമൂഹിക പിന്തുണ നൽകുന്ന സംവിധാനങ്ങൾ (social support system) മെച്ചപ്പെടുത്തുക മാത്രമാണ് അതിനുള്ള പോംവഴി. ഇത്തരം പ്രശ്നങ്ങൾ ഉള്ള കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മകൾ ഇൗ കാര്യത്തിൽ ശ്രദ്ധിച്ചാൽ ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിയും.
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ