മക്കള്‍ ഒന്നും അനുസരിക്കുന്നില്ല എന്നൊരു പരാതിയുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
Mail This Article
കുട്ടികളുടെ അനുസരണക്കേട് പല മാതാപിതാക്കളും നേരിടേണ്ടി വരുന്ന വലിയൊരു വെല്ലുവിളിയാണ്. ഇത് ചിലപ്പോഴെങ്കിലും കുടുംബത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തെയും കുട്ടിയുടെ സ്വാഭാവികമായ വളര്‍ച്ചയെയും സാരമായി ബാധിക്കാറുണ്ട്. കുട്ടികളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നതും അതനുസരിച്ചുള്ള ചില പ്രായോഗിക പരിഹാരങ്ങള്‍ നടപ്പിലാക്കുന്നതും ഈ വെല്ലുവിളിയെ സമര്‍ത്ഥമായി അതിജീവിക്കാന്‍ മാതാപിതാക്കളെ സഹായിക്കും.
∙ വളര്‍ച്ചയുടെ ഘട്ടങ്ങളും അനുസരണശീലവും
ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ വിവിധ വികസന ഘട്ടങ്ങളിലൂടെയാണ് കുട്ടികള്‍ കടന്നുപോകുന്നത്. ഈ ഘട്ടങ്ങള്‍ മനസ്സിലാക്കുന്നത് ഫലപ്രദമായ രക്ഷാകര്‍തൃത്വത്തിന് വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ചില നിയമങ്ങള്‍ പറയുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കില്ല. അവര്‍ മാതാപിതാക്കള്‍ നല്‍കുന്ന സങ്കീര്‍ണ്ണമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്ന് കരുതുന്നതില്‍ ഒരു യുക്തിയുമില്ല. പകരം, സുരക്ഷിതമായ കാര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടുകയാണ് വേണ്ടത്. തീയില്‍ തൊട്ടാല്‍ കൈ പൊള്ളും, അതിനാല്‍ തൊടരുത് എന്ന നിയമത്തിന് പകരം തീയില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തണം എന്നര്‍ത്ഥം. അവരുടെ വൈജ്ഞാനികമായ വളര്‍ച്ചയ്ക്കനുസരിച്ചു, ക്രമേണ ലളിതമായ നിയമങ്ങള്‍ അവതരിപ്പിക്കണം. അഞ്ചു വയസുള്ളപ്പോള്‍ നിങ്ങളുടെ കുട്ടി പ്രതികരിക്കുന്നത് പോലെയല്ല കൗമാര കാലഘട്ടത്തില്‍ കുട്ടികള്‍ പ്രതികരിക്കുന്നതെന്ന് തിരിച്ചറിയാന്‍ മാതാപിതാക്കള്‍ക്കാവണം. രക്ഷാകര്‍ത്വരീതികളില്‍ കുട്ടികളുടെ പ്രായത്തിനനുസരിച്ചു മാറ്റം കൊണ്ട് വരാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കുട്ടിയുടെ പ്രായത്തിനും വളര്‍ച്ചയുടെ ഘട്ടത്തിനും അനുസൃതമായി മാതാപിതാക്കള്‍ അവരുടെ പ്രതീക്ഷകളും അച്ചടക്ക രീതികളും രൂപപ്പെടുത്തണം.
∙ തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കാം
രക്ഷിതാക്കളും കുട്ടികളും തമ്മില്‍ ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം തുറന്ന ആശയവിനിമയമാണ്. ഈ ആശയവിനിമയത്തില്‍ രക്ഷിതാക്കള്‍ക്ക് കുട്ടികളില്‍ നിന്നും തങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാനാകും. കുട്ടികളുടെ ചിന്തകളും വികാരങ്ങളും അവര്‍ മാതാപിതാക്കളുമായി പങ്കിടുന്ന അവസ്ഥ സംജാതമാകുന്നതോടെ കുട്ടികളുടെ ഭാഗത്തു നിന്നുള്ള അനുസരണക്കേടിന്റെ എണ്ണം വളരെ കുറയുമെന്ന് ഡോ. ജോണ്‍ ഗോറ്റ്മാന്റെ 'ദ സെവന്‍ പ്രിന്‍സിപ്പിള്‍സ് ഫോര്‍ മേക്കിങ് മാര്യേജ് വര്‍ക്ക്' എന്ന പ്രസിദ്ധമായ പുസ്തത്തില്‍ പറയുന്നുണ്ട്. കാരണം രക്ഷിതാക്കളുമായുള്ള തുറന്ന സംസാരത്തില്‍ നിന്ന് എന്ത് കൊണ്ട് ചില കാര്യങ്ങള്‍ ചെയ്യണമെന്നും ചിലത് അരുതെന്നും പറയുന്നതിന് പിന്നിലെ യുക്തിയും മാതാപിതാക്കളോടുള്ള സ്‌നേഹത്തില്‍ നിന്നും അല്പം ബുദ്ധിമുട്ടാണെങ്കില്‍ കൂടിയും അനുസരിക്കാനുള്ള സന്നദ്ധതയും കുട്ടികളില്‍ ഉണ്ടാകും.
∙ അഭിനന്ദനങ്ങളില്‍ പിശുക്ക് വേണ്ട
നിയമങ്ങള്‍ തെറ്റിക്കുമ്പോള്‍ നല്‍കുന്ന ശിക്ഷയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ കുട്ടികള്‍ നിയമങ്ങള്‍ പാലിക്കുമ്പോള്‍ അവരെ അഭിനന്ദിക്കാനും ഇടയ്‌ക്കൊക്കെ സമ്മാനങ്ങള്‍ നല്‍കാനുമെല്ലാം മാതാപിതാക്കള്‍ ശ്രദ്ധിക്കണം. നിയമങ്ങള്‍ പാലിക്കുമ്പോള്‍ ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങള്‍ തുടര്‍ന്നും അപ്രകാരം പ്രവര്‍ത്തിക്കുന്നതിന് കുട്ടികളെ പ്രേരിപ്പിക്കുമെന്ന് ബി എഫ് സ്‌കിന്നറുടെ വളരെ പ്രസിദ്ധമായ 'വെര്‍ബല്‍ ബിഹേവിയര്‍' എന്ന പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന്, രക്ഷിതാക്കള്‍ ഓര്‍മ്മപ്പെടുത്താതെ തന്നെ കുട്ടികള്‍ അവരുടെ ഗൃഹപാഠം പൂര്‍ത്തിയാക്കുകയാണെങ്കില്‍, അവരെ പ്രശംസിക്കുകയും ഒപ്പം അവര്‍ക്ക് അല്പസമയം കൂടുതല്‍ കളിക്കാന്‍ അനുവാദം നല്‍കുകയോ ഒരു ചെറിയ സമ്മാനം നല്‍കുകയോ ഒക്കെ ചെയ്യാവുന്നതാണ്. (അതേസമയം സമ്മാനങ്ങള്‍ നല്‍കുന്നതും മറ്റും ഒരു ശീലമാകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുകയും വേണം.)
∙ നിയമങ്ങള്‍ ശീലങ്ങളായി മാറട്ടെ
കുട്ടികളില്‍ നല്ല പെരുമാറ്റം രൂപപ്പെടുത്തുന്നതിന് രക്ഷാകര്‍തൃത്തിലെ സ്ഥിരത നിര്‍ണായകമാണ്. രക്ഷിതാക്കള്‍ അച്ചടക്കത്തില്‍ പുലര്‍ത്തുന്ന സ്ഥിരതയില്‍ നിന്ന് നിയമങ്ങള്‍ ശീലങ്ങളായി മാറും. നിയമങ്ങള്‍ കൃത്യമായി സ്ഥാപിക്കേണ്ടതിന്റെയും അനുസരണക്കേടിന്റെ അനന്തരഫലങ്ങള്‍ സ്ഥിരമായി നടപ്പിലാക്കുന്നതിന്റെയും പ്രാധാന്യം ഡി ബൗമ്രിന്‍ഡിന്റെ 'ചൈല്‍ഡ് കെയര്‍ പ്രാക്ടീസസ് ആന്റീസിഡിങ് ത്രീ പാറ്റെണ്‍സ് ഓഫ് പ്രീസ്‌കൂള്‍ ബിഹേവിയര്‍' എന്ന പഠനത്തില്‍ അടിവരയിടുന്നു. മാതാപിതാക്കള്‍ ആദ്യ കാലഘട്ടങ്ങളില്‍ കുട്ടിയോട് 'രാവിലെ എഴുന്നേല്‍ക്കുമ്പോഴും കിടക്കാന്‍ നേരത്തും പല്ല് തേക്കണം' എന്ന് പറയുന്ന നിയമം ഒരു ശീലമായി മാറുന്നത് പോലെ തന്നെ ദിവസത്തില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ സ്‌ക്രീന്‍ ടൈം പാടില്ല എന്ന് തീരുമാനിക്കാനും ആ നിയമം കര്‍ക്കശമായി തുടരാനും രക്ഷിതാക്കള്‍ക്ക് സാധിക്കണം. അതോടെ കുട്ടികളെ സംബന്ധിച്ചു അതൊരു ശീലമായി മാറും. ഒരു കാര്യം ശീലമായി മാറിക്കഴിഞ്ഞാല്‍ പിന്നെ അവിടെ അനുസരണക്കേടിനുള്ള സാഹചര്യം വളരെ കുറവാണ്.
∙ പ്രൊഫഷണലകളുടെ സഹായം തേടാം
യാതൊരു തരത്തിലും രക്ഷിതാക്കളെ അനുസരിക്കാത്ത കുട്ടികളുടെ കാര്യത്തില്‍ ചിലപ്പോള്‍ പ്രൊഫഷണല്‍ ഇടപെടല്‍ ആവശ്യമായി വന്നേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റുകളുമായോ ഫാമിലി തെറാപ്പിസ്റ്റുകളുമായോ കൂടിയാലോചിക്കുന്നത്, കുട്ടിയുടെ പെരുമാറ്റത്തിന് കാരണമാകുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനും മാതാപിതാക്കളെസഹായിക്കും.