ADVERTISEMENT

കുട്ടികൾ സ്കൂളിനു പുറത്തുള്ള ലോകത്തെ അറിയുകയും അനുഭവിക്കുകയും ചെയ്യുക എന്നത് സമഗ്രമായ വളർച്ചയ്ക്കും വ്യക്തിത്വ വികാസത്തിനും ആവശ്യമാണ്. മധ്യവേനൽ അവധിക്കാലം ഇതിനുതകുന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയണം. അസഹ്യമായ ചൂട്, കുടിവെള്ളക്ഷാമം തുടങ്ങിയവ അനുഭവപ്പെടുന്നു എന്ന കാരണങ്ങളും ഏപ്രിൽ, മേയ് മാസങ്ങളിൽ സ്കൂളുകൾക്ക് അവധി നൽകുന്നതിലുണ്ട്. സ്കൂളില്ല എന്നതുകൊണ്ട് എപ്പോഴെങ്കിലും ഉറങ്ങുക, എപ്പോഴെങ്കിലും ഉണരുക എന്നത് ശരിയല്ല. പിന്നീട് അതു ശീലമാകാനിടയുണ്ട്. അതുകൊണ്ട് കഴിയുന്നതും സ്കൂൾ കാലത്തുള്ള ദിനചര്യ – കൃത്യസമയത്ത് ഉറങ്ങുക, കൃത്യസമയത്ത് ഉണർന്നെണീക്കുക– നിലനിർത്തുന്നതാണു നല്ലത്.

പഠനത്തിരക്കും പരീക്ഷകളെക്കുറിച്ചുള്ള വേവലാതിയും കാരണം മിക്ക‍ കുട്ടികൾക്കും തങ്ങൾക്കിഷ്ടപ്പെട്ട കാര്യങ്ങൾ പഠിക്കുന്നതിനോ ചെയ്യുന്നതിനോ സമയം കിട്ടാറില്ല. അവധിക്കാലം വെറുതെ കളയുന്നതിനു പകരം ഇഷ്ടപ്പെട്ട കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്താം. ഏതെങ്കിലും പ്രത്യേക വിഷയത്തെക്കുറിച്ചുള്ള വായനയും പഠനവും ആകാം. ഇഷ്ടപ്പെട്ട ഏതെങ്കിലും കല അഭ്യസിക്കാം. സംഗീതം, നൃത്തം, ചിത്രരചന തുടങ്ങി ഇത്തരം പഠനങ്ങൾ കലാകാരനാകാൻ മാത്രമല്ല, ആ കല ആസ്വദിക്കുന്നതിനുള്ള കഴിവുണ്ടാക്കാനും സഹായിക്കും. എന്തെങ്കിലും ക്രിയാത്മകമായ കാര്യങ്ങൾ ചെയ്യുന്നതിനോ പഠിക്കുന്നതിനോ സമയം കണ്ടെത്താം. ഉദാഹരണത്തിന്, ഹാൻഡിക്രാഫ്റ്റ് അല്ലെങ്കിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുളള കാര്യങ്ങൾ.

‘ഇഷ്ടപ്പെട്ട കാര്യങ്ങൾ’ വളരെ പ്രധാനപ്പെട്ടതാണ്. അച്ഛനോ അമ്മയോ‌ നിർബന്ധിച്ച് ചെയ്യിക്കാനോ പഠിപ്പിക്കാനോ തുടങ്ങുന്നത് കുട്ടികളുടെ മാനസിക സമ്മർദത്തിന് ഇടയാക്കും. ചെറിയ യാത്രകൾ, പ്രത്യേകിച്ച് കുടുംബാംഗങ്ങൾ ചേർന്നുള്ള യാത്രകൾ, കുടുംബാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. സുഹൃത്തുക്കളെ സന്ദർശിക്കുന്നതിനും ബന്ധുവീടുകൾ സന്ദർശിക്കുന്നതിനും സൗഹൃദങ്ങൾ പുതുക്കുന്നതിനും സമയം കണ്ടെത്താം. ആഴ്ചയിൽ കുറച്ചു സമയം ഏതെങ്കിലും പഠനത്തിനാവശ്യമുളള പുസ്തകങ്ങൾ വായിക്കുന്നതിനു മാറ്റിവയ്ക്കുന്നത് പഠനത്തുടർച്ച നിലനിർത്താൻ സഹായിക്കും. ചുരുക്കിപ്പറഞ്ഞാൽ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുതകുന്ന രീതിയിൽ അവധിക്കാലം ചെലവഴിക്കുക. അടുത്തവർഷം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നതിന് അതു സഹായകരമാകും.
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)

കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ

English Summary:

Perfect time table and activities for vacations - Dr. P. Krishnakumar explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com