ADVERTISEMENT

പരീക്ഷയിൽ തോറ്റതു കൊണ്ട് അല്ലെങ്കിൽ മാർക്ക് കുറഞ്ഞതു കൊണ്ട് ആത്മഹത്യ ചെയ്യുന്ന കുട്ടികളെക്കുറിച്ചും വീടുവിട്ടു പോകുന്ന കുട്ടികളെക്കുറിച്ചും ഉള്ള വാർത്തകൾ ഇപ്പോൾ വളരെ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. പരീക്ഷയുടെ ഫലത്തെക്കുറിച്ചുള്ള ആശങ്ക എല്ലാ കുട്ടികളിലും ഉണ്ടാകും. രക്ഷിതാക്കളുടെ ഇടപെടൽ ഈ ആശങ്ക കൂടുന്നതിനു കാരണമാകരുത്. പരീക്ഷാഫലം അറിയുമ്പോഴും കുട്ടികൾക്ക് മാനസിക പിന്തുണ നൽകാനാണ് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്. മാർക്ക് കുറഞ്ഞതിന്റെ പേരിലോ അല്ലെങ്കിൽ തോറ്റതിന്റെ പേരിലോ കുട്ടിയെ കുറ്റപ്പെടുത്തുന്നതും ശിക്ഷിക്കുന്നതും ഒഴിവാക്കുക. ശിക്ഷിക്കുന്നതു കൊണ്ട് മാർക്ക് കൂടാൻ പോകുന്നില്ലല്ലോ. ‘സാരമില്ല എന്നും അടുത്ത തവണ നന്നാക്കാൻ പറ്റും’ എന്നും ഉള്ള സന്ദേശമാണ് കുട്ടികൾക്കു നൽകേണ്ടത്. ഒരു പരീക്ഷയിൽ തോറ്റു പോയതു കൊണ്ടോ മാർക്ക് കുറഞ്ഞു പോയതുകൊണ്ടോ ജീവിതം അവസാനിക്കുന്നില്ല. പരീക്ഷയിൽ നല്ല മാർക്കോടെ ജയിക്കുന്ന ആൾക്ക് ജീവിതം കുറെക്കൂടി എളുപ്പമായിരിക്കുമെന്നു മാത്രം. എന്നാൽ, തോൽവി ഒന്നിന്റെയും അവസാനമല്ല. ‘എന്തുകൊണ്ടു തോറ്റു?’, ‘ഇങ്ങനെ പഠിക്കാമായിരുന്നു’, ‘ഞാൻ അന്നേ പറഞ്ഞതാണ്’ എന്നൊക്കെ പറയുന്നതിനു പകരം കുട്ടിയെ ചേർത്തു നിർത്തുക. അവനെ അംഗീകരിക്കുകയും ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിൽ പെരുമാറുകയും ചെയ്യുക. ‘എന്തുകൊണ്ടു തോറ്റു’ തുടങ്ങിയ അപഗ്രഥനങ്ങളും ഉപദേശങ്ങളു മൊക്കെ കുട്ടിയുടെ മാനസിക, വൈകാരിക അവസ്ഥ മെച്ചപ്പെട്ടതിനുശേഷം മാത്രമേ പാടുള്ളൂ. മനസ്സു ശാന്തമാകുമ്പോൾ മാത്രമേ കുട്ടിക്കു സ്വയം തിരുത്തുന്നതിനാവശ്യമായ രീതിയിൽ ചിന്തിക്കാൻ കഴിയൂ. അല്ലാതുള്ള തിരുത്തലുകളും ഉപദേശങ്ങളും ഒക്കെ കുട്ടിയുടെ മാനസിക പ്രയാസം കൂട്ടുന്നതിനു മാത്രമേ ഉതകൂ. പരീക്ഷയുടെ ഫലം മോശമാണെങ്കിൽ, ഉടനടി വീണ്ടും അടുത്ത പരീക്ഷയ്ക്കുള്ള തയാറെടുപ്പ് തുടങ്ങുന്നതിനു പകരം (ട്യൂഷനോ മറ്റു പരിശീലനങ്ങളോ) കുറച്ചു നാൾ പഠനത്തിൽ നിന്നും ആകുലതകളില്‍ നിന്നും മാറി നിൽക്കാൻ സഹായിക്കുന്നതാകും നല്ലത്. ചെറിയ യാത്രകളോ മറ്റെന്തെങ്കിലും പ്രവൃത്തികളോ ആകാം. ‘തോറ്റ കുട്ടിയെ തോളത്തുവച്ച് പൂത്തു നിന്നു മരതകക്കുന്ന് തോൽക്കുകയില്ല നീയെന്നേ പറഞ്ഞു കാത്തു നിൽക്കുന്നൊരമ്പിളിത്തെല്ല്’ എന്ന് റഫീക് അഹമ്മദിന്റെ കവിത; തോറ്റ കുട്ടി.
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ

English Summary:

Things to say if your child fails in an exam - Dr. P. Krishnakumar Explains

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com