ADVERTISEMENT

കുഞ്ഞുങ്ങളെ വളർത്തുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് ഉള്ള പങ്ക് വളരെ വലുതാണ്. എന്നാൽ അച്ഛന്മാരെക്കാൾ കൂടുതൽ അമ്മമാരുടെ സ്വഭാവം, വികാരവിചാരങ്ങൾ എന്നിവ കുട്ടികളുടെ വളർച്ചയെയും സ്വഭാവരൂപീകരണത്തെയും ബാധിക്കുമെന്നാണ്‌ പഠനങ്ങൾ പറയുന്നത്. അമ്മമാർ സന്തോഷത്തോടെയും സ്മാർട്ടായും ഇരുന്നാൽ കുട്ടികൾ ഇരട്ടി സ്മാർട്ടായി വളരും എന്നാണ് ഈ രംഗത്തെ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. എന്നാൽ പലപ്പോഴും ഇത് മനസിലാക്കാതെ വീട്ടിലെ ജോലി, പ്രാരാബ്ധങ്ങൾ, തൊഴിലിടത്തിലെ സമ്മർദ്ദം എന്നിവ മൂലം കുട്ടികളോട് പോലും സംയമനത്തോടെ പെരുമാറാൻ പല അമ്മമാർക്കും കഴിയുന്നില്ല. പ്രത്യേകിച്ച് കുട്ടിക്ക് പാലൂട്ടുന്ന അമ്മമാർ പൂർണമായും സമാധാനപരമായ അന്തരീക്ഷത്തിൽ വേണം അവരോട് ഇടപെടേണ്ടത്.

സമൂഹത്തിൽ നിന്നും അമ്മമാർ പലവിധത്തിലുള്ള ചോദ്യം ചെയ്യപ്പെടലുകൾ അകാരണമായി നേരിടുന്നുണ്ടെന്നതും അമ്മമാരുടെ മാനസികാവസ്ഥയെ സമ്മർദ്ദത്തിലാക്കുന്നു. കുട്ടികളുടെ പരിപാലനം, ഭക്ഷണം, കൈകാര്യം ചെയ്യുന്ന രീതി എന്നിവയെ മറ്റുള്ളവർ അവരുടെ കണ്ണുകളിലൂടെ വിലയിരുത്തുന്നത് അമ്മമാർക്കുണ്ടാക്കുന്ന വിഷമം വളരെ വലുതാണ്. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ സ്വയം സജ്ജരാകുക എന്നതാണ് പ്രധാനം. തന്റെ കുഞ്ഞിന്റെ സംരക്ഷണം, പരിപാലനം എന്നിവ തന്റെ കടമയും തീരുമാനവുമാണെന്ന ധാരണ മനസ്സിൽ ഉറപ്പിക്കുക. മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി നൽകുന്ന ശീലം ഒഴിവാക്കുക. 

മുൻവിധികൾ വേണ്ട 
തന്റെ പ്രവർത്തികളെ ഒരു ജഡ്ജ്‌മെന്റൽ കണ്ണിലൂടെ കാണാൻ ശ്രമിക്കുന്ന ആളുകളിൽ നിന്നും പരമാവധി ഒഴിഞ്ഞു നിൽക്കുക. എന്തിനും ഏതിനും കൂടെ നിൽക്കുന്ന, പേരന്റിങ് സംബന്ധമായ സംശയങ്ങൾക്ക് പരിഹാരം കാണാനും പരസ്പരം പിന്തുണയാകാനും കഴിയുന്ന ഒരു പറ്റം  അമ്മമാരുടെ കൂട്ടായ്മയുടെ ഭാഗമാക്കുക. സമാന മനസ്കരായ ആളുകളുമായി മനസ് തുറന്നു സംസാരിക്കുകയും ഇടപഴകുകയും ചെയ്യുക. ഇതിലൂടെ ഒരു പരിധിവരെ സ്വയം റിലാക്സ് ചെയ്യാനും ആനന്ദം കണ്ടെത്താനും അമ്മമാർക്കു കഴിയും.

പെർഫെക്ഷനിസ്റ്റ് ആകരുത് 
അമ്മയാകുന്നതോടു കൂടി കുഞ്ഞിനെ വളർത്താൻ താനൊരു പെർഫെക്റ്റ് ആയ സ്ത്രീ ആകണം, എല്ലാം കൃത്യ സമയത്ത് ചിട്ടയോടെ ചെയ്യണം തുടങ്ങി ധാരണകൾ കാറ്റിൽ പറത്തുക. നിങ്ങൾ എങ്ങനെയാണോ അതുപോലെ തുടരുക. ആരോഗ്യകരമായ മാറ്റങ്ങൾ അനിവാര്യമെങ്കിൽ ജീവിതത്തിൽ കൊണ്ട് വരിക. പെർഫെക്റ്റ് 'അമ്മ എന്ന പട്ടത്തിനായി രാപ്പകൽ ഇല്ലാതെ, കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ടും ചിന്തിച്ചുകൊണ്ടും ഇരുന്നാൽ അത് കുഞ്ഞിനൊപ്പമുള്ള നിങ്ങളുടെ നല്ല സമയം ഇല്ലാതാക്കും എന്നല്ലാതെ മറ്റൊരു ഗുണവും ഇല്ല. അതിനാൽ നല്ലമ്മ പട്ടത്തിനായി ശ്രമിക്കാതിരിക്കുക. കുഞ്ഞിനെ വളർത്തുക എന്നത് മാതാപിതാക്കളുടെ കൂട്ടുത്തരവാദിത്വം ആണെന്ന് തിരിച്ചറിയുക.

സ്വന്തം കാര്യങ്ങൾ മറക്കണ്ട
കുഞ്ഞുണ്ടായ ശേഷം സ്വന്തം കാര്യങ്ങൾ. താല്പര്യങ്ങൾ, ഇഷ്ടങ്ങൾ എന്നിവയെല്ലാം വേണ്ടെന്നു വച്ച്, കുഞ്ഞിനെ വളർത്താനും കുഞ്ഞിന് വേണ്ട കാര്യങ്ങൾ ചെയ്യാനും ശ്രമിക്കരുത്. അത് വലിയ അപകടമാണ്. കുഞ്ഞിനൊപ്പം തന്റെ ഇഷ്ടങ്ങൾക്കും സന്തോഷങ്ങൾക്കും പ്രാധാന്യം നൽകണം. സ്വയം സ്നേഹിക്കുക, അതു കണ്ടു വളരുന്ന കുഞ്ഞ് ആത്മവിശ്വാസം, സെൽഫ് റെസ്പെക്റ്റ് എന്നിവയുള്ള കുട്ടിയായി വളരും.സ്വന്തം കാര്യങ്ങളെല്ലാം മാറ്റി വച്ച് കുഞ്ഞുങ്ങൾക്കായി സമയം ചെലവഴിച്ചാൽ കുഞ്ഞുങ്ങൾ വളർന്നു വരുമ്പോൾ നഷ്ടബോധം ഉണ്ടാകുന്നത് സ്വാഭാവികമാണ്.

ആവാം അല്പം പാട്ടും ഡാൻസും 
മക്കൾക്ക് നല്ല ഭക്ഷണം ഉണ്ടാക്കി നൽകുക, കഴിപ്പിക്കുക, അവർക്കായി മറ്റു ജോലികൾ ചെയ്യുക, പഠിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് അമ്മയുടെ ദിനചര്യയുടെ ഭാഗമെന്ന് കരുതരുത്. പണികളിൽ നിന്നെല്ലാം ഒഴിഞ്ഞു കുഞ്ഞിനൊപ്പം വർത്തമാനം പറഞ്ഞിരിക്കുകയോ, നടക്കാൻ പോകുകയോ, നൃത്തം ചെയ്യുകയോ ഒക്കെ ചെയ്യുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം വർധിപ്പിക്കും. 'അമ്മ ഇത്തരം കാര്യങ്ങളിലൂടെ ഹാപ്പിയാണെന്നു മനസിലാക്കിയാൽ കുഞ്ഞും ഹാപ്പി ആയിരിക്കും. സന്തോഷം നിറഞ്ഞു തുളുമ്പുന്ന കണ്ണുകളിലൂടെയായിരിക്കും പിന്നീട് അവൻ ഈ ലോകത്തെ നോക്കിക്കാണുക. 

English Summary:

The Impact of a Mother's Happiness on Child Development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com