ഗിസ പിരമിഡിലെ രഹസ്യ അറകൾ എന്താണ്? വമ്പൻ പരിശോധന നടത്താൻ ശാസ്ത്രജ്ഞർ
Mail This Article
ലോകമെമ്പാടുമുള്ള ചരിത്ര കുതുകികളുടെയും പുരാവസ്തു ഗവേഷകരുടെയും പ്രിയപ്പെട്ട രാജ്യമാണ് ഈജിപ്ത്. ലോകത്തെ അമ്പരപ്പിച്ച പിരമിഡുകൾ തലയുയർത്തി നിൽക്കുന്ന രാജ്യം. തൂത്തൻ ഖാമുൻ, റാംസെസ്, തുത്‌മോസ് തുടങ്ങി ഈജിപ്തിലെ ഒട്ടേറെ രാജാക്കൻമാരുടെ കല്ലറകളും പിരമിഡുകളുമൊക്കെ പുരാതനകാലത്തെക്കുറിച്ചുള്ള ഒട്ടേറെ അറിവുകൾ മനുഷ്യരാശിക്കു നൽകിയവയാണ്. പിരമിഡുകളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണു ഗിസയിലേത്. ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ എന്ന് ഇതറിയപ്പെടുന്നു. ഈജിപ്തിൽ ബിസി 2551 മുതൽ 2528 വരെ അധികാരത്തിലിരുന്ന ഫറവോയായിരുന്ന കുഫുവിന്റെ അന്ത്യവിശ്രമകേന്ദ്രം എന്ന നിലയ്ക്കാണ് ഇതു നിർമിച്ചത്. പൗരാണിക ഈജിപ്തിൽ നിർമിച്ചവയിൽ വച്ച് ഏറ്റവും വലുപ്പമുള്ള പിരമിഡാണ് ഗിസയിലേത്. പുരാതന കാലത്തെ ഏഴ് അത്ഭുതങ്ങളിൽ ഇന്നും നില നിൽക്കുന്ന ഒരേയൊരു അത്ഭുതവും ഈ പിരമിഡാണ്.
എന്നാൽ ഗിസ പിരമിഡിനെക്കുറിച്ച് ഒട്ടേറെ ദുരൂഹതകളുണ്ട്. ഇതിലൊന്നാണ് രഹസ്യ അറകൾ. ഇവ അറകൾ തന്നെയോ എന്ന് ഉറപ്പിക്കാൻ ഇപ്പോൾ ആയിട്ടില്ല. പിരമിഡിനുള്ളിലെ പൊത്തുകളോ പൊള്ളയായ ഭാഗമോ ആണ്. 1960 മുതൽ തന്നെ ഗിസ പിരമിഡിലെ ഘടനകൾ പരിശോധിക്കാനും വിലയിരുത്താനും ശാസ്ത്രജ്ഞർ വിവിധ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിരുന്നു. 2016–17 കാലഘട്ടത്തിൽ നടത്തിയ സ്കാൻ പിരമിഡ് എന്ന സർവേയാണ് ഇതിനുള്ളിൽ വലിയ ഒരു പൊള്ളയായ ഭാഗമുണ്ടെന്നു കണ്ടെത്തിയത്. ഈ ഗവേഷണഫലം നേച്ചർ എന്ന ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു ചരിത്ര കണ്ടെത്തലായിട്ടാണു ഇതു കണക്കാക്കപ്പെടുന്നത്.
മ്യൂയോൺ ടോമോഗ്രഫി എന്ന അതിനൂതന സാങ്കേതികവിദ്യയുപയോഗിച്ചാണ് എക്സ്പ്ലോർ ദ ഗ്രേറ്റ് പിരമിഡ് എന്ന പുതിയ ദൗത്യം ഗിസയിലെ പിരമിഡ് പരിശോധിക്കാൻ ഒരുങ്ങുന്നത്. പ്രപഞ്ചത്തിൽ നിന്നുള്ള അതീവ ഊർജ രശ്മികളായ കോസ്മിക് കിരണങ്ങൾ ഭൂമിയിൽ പതിക്കുമ്പോഴാണു മ്യൂയോണുകളുണ്ടാകുന്നത്. ഇവയുടെ തോത് ഉപയോഗിച്ചുള്ള ഇമേജിങ് വിദ്യയാണു മ്യൂയോൺ ടോമോഗ്രഫി. ഇതുപയോഗിച്ച് ഇമേജിങ് ചെയ്യുമ്പോൾ മറ്റ് രീതികളെക്കാൾ 100 മടങ്ങ് മിഴിവോടെ ഘടന വെളിവാക്കപ്പെടുമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.
എന്താകാം ഈ ശൂന്യമായ പൊള്ളസ്ഥലം എന്നതു സംബന്ധിച്ച് ഇപ്പോൾ തന്നെ വിവിധ വാദങ്ങളുണ്ട്. ചക്രവർത്തിയുടെ കല്ലറ ഇവിടെയാകാം എന്നതാണ് ശാസ്ത്രജ്ഞരെ ഏറ്റവും കുടുതൽ ആഹ്ലാദിപ്പിച്ചേക്കാവുന്ന വാദം. എന്നാൽ ചിലപ്പോൾ ഇതു വെറുതെ ഘടനാപരമായ ഒരു ശൂന്യത മാത്രമാകാനും മതി. ഇതിനു സമീപത്തായി തന്നെ ശൂന്യമായ ഒരു ചെറിയ പൊള്ളഭാഗവുമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇതെന്താണെന്നു കണ്ടെത്തുന്നതിലേക്കും എക്സ്പ്ലോർ ദ ഗ്രേറ്റ് പിരമിഡ് ദൗത്യം വഴിതുറന്നേക്കും.
English Summary : Hidden blocks’ of Egypt’s Great Pyramid