ADVERTISEMENT

ഹിറ്റ്ലർ ആത്മഹത്യ ചെയ്തതിന്റെ 78ാം വാർഷികമാണ് ഈ ഏപ്രിൽ 30ന് കടന്നുപോകുന്നത്. രണ്ടാം ലോകയുദ്ധത്തിന് അവസാനം കുറിച്ചതായിരുന്നു ഹിറ്റ്ലറിന്റെ ആത്മഹത്യ. ലോകത്ത് പല സംഭവങ്ങളെക്കുറിച്ചും പ്രചരിക്കാറുള്ളതുപോലെ തന്നെ ഒട്ടേറെ ഗൂഢവാദങ്ങൾ ഹിറ്റ്ലറിന്റെ മരണം സംബന്ധിച്ച് ഉയർന്നിട്ടുണ്ട്. ഇതിൽ ഏറെ കൗതുകകരമായ ഒന്നാണ് ഹിറ്റ്ലർ യാഥാർഥ്യത്തിൽ ആത്മഹത്യ ചെയ്തില്ലെന്നും മറിച്ച് ചന്ദ്രനിലേക്കു പോയെന്നുമുള്ളത്.

 

ഹിറ്റ്ലറും നാത്സികളും വളരെയേറെ സാങ്കേതികമായ അറിവ് നേടിയിട്ടുണ്ടായിരുന്നെന്ന് ഇവർ പറയുന്നു. അതു കൊണ്ടുതന്നെ നേരത്തെ തന്നെ ഒരു രഹസ്യ ബങ്കർ അവർ ചന്ദ്രനിൽ പണികഴിപ്പിച്ചിരുന്നത്രേ. ലോകരംഗത്ത് തനിക്ക് എതിരായി കാറ്റ് വീശാൻ തുടങ്ങിയതോടെ ഹിറ്റ്ലർ നേരെ ചന്ദ്രനിലേക്കു വച്ചുപിടിച്ചത്രേ. ചന്ദ്രനിലേക്കല്ല, മറ്റേതോ ഗ്രഹത്തിലേക്കാണ് ഹിറ്റ്ലർ പോയതെന്നും നിഗൂഢവാദമുയർത്തുന്നവരുണ്ട്. അന്യഗ്രഹജീവികളുമായി ഹിറ്റ്ലറിനു നല്ല ബന്ധമുണ്ടായിരുന്നെന്ന് അവർ പറയുന്നു. ഇതെല്ലാം രസകരമായ വിഡ്ഢിത്തങ്ങളായാണ് ചരിത്രകാരൻമാർ കണക്കാക്കുന്നത്.

 

∙ഹിറ്റ്ലറിന്റെ ആത്മഹത്യ

 

1945 ഏപ്രിൽ 30നാണ് ഹിറ്റ്ലർ ആത്മഹത്യ ചെയ്തത്.ബെർലിനിൽ തന്റെ ഔദ്യോഗിക ആസ്ഥാനത്തിനു താഴെയുള്ള ബങ്കറിലായിരുന്നു അത്. കൂട്ടിന് ഒരു ദിവസം മുൻപ് വിവാഹം കഴിച്ച ഭാര്യ മാത്രം. എല്ലാ പ്രതീക്ഷകളും ഹിറ്റ്ലർക്കു നശിച്ചിരുന്നു. ഭാര്യയ്ക്കു കൊടുത്തശേഷം സയനൈഡ് നിറച്ച കാപ്സ്യൂൾ വിഴുങ്ങിയായിരുന്നു ആത്മഹത്യ. തന്റെ മരണമുറപ്പാക്കാനായി സ്വയം തലയ്ക്കു വെടിവയ്ക്കുകയും ചെയ്തു.

ഭീകരതയുടെയും മനുഷ്യത്വമില്ലായ്മയുടെയും ഒരു യുഗം ആ ബങ്കറി‍ൽ പിടഞ്ഞുതീർന്നു. ആയിരം വർഷങ്ങൾ നാത്‌സി ഭരണമെന്ന വലിയ സ്വപ്നത്തെ വെട്ടിമുറിച്ചിട്ടുകൊണ്ട്. 56 വയസ്സായിരുന്നു ഹിറ്റ്ലറിന്റെ അന്നത്തെ പ്രായം.

 

1943 മുതൽ തന്നെ ജർമനിയുടെ പതനം സുനിശ്ചിതമായിരുന്നു. ആ വർഷം ഫെബ്രുവരിയിൽ തന്നെ സ്റ്റാലിൻഗ്രാഡ് യുദ്ധത്തിൽ ജർമനിയുടെ ആറാം സേന സോവിയറ്റ് പടയ്ക്കു മുന്നിൽ അടിയറവു പറഞ്ഞു. പിന്നീടങ്ങോട്ടു തകർച്ചകളുടെ പരമ്പരകളായിരുന്നു. തൊട്ടടുത്ത വർഷമായ 1944 ജൂണിൽ സഖ്യകക്ഷികൾ ഫ്രാൻസിലെ നോർമൻഡി പിടിച്ചടക്കുകയും ജർമൻപടയെ തള്ളിനീക്കുകയും ചെയ്തു. കിഴക്കു നിന്നും പടിഞ്ഞാറു നിന്നും ഒരേപോലെ സൈനികസമ്മർദ്ദം ഉടലെടുത്തു. ജർമൻ സൈന്യാധിപർ തന്നെ ആസന്നമായ ഒരു തോൽവിയെപ്പറ്റി ചർച്ചകൾ നടത്തുകയും ഹിറ്റ്ലറിനെ വധിക്കാൻ പദ്ധതിയിടുകയും ചെയ്തു.

 

ഇവയെല്ലാം പരാജയപ്പെട്ടു. എന്നാൽ ഇതിനു പ്രതികാരമായി ഹിറ്റ്ലർ നടത്തിയ നടപടികളിൽ നാലായിരത്തിലധികം ജർമൻകാരാണു കൊല്ലപ്പെട്ടത്. 1945 ജനുവരിയായപ്പോഴേക്കും സോവിയറ്റ് സേന ബെർലിൻ പിടിച്ചടക്കുമെന്ന നില വന്നു. ഇതോടെ തന്റെ ഓഫിസിന് 55 അടി താഴെ സ്ഥിതി ചെയ്ത ബങ്കറിലേക്കു ഹിറ്റ്ലർ പിൻവാങ്ങി. യുദ്ധങ്ങളോ പൊടുന്നനെയുള്ള വ്യോമാക്രമണങ്ങളോ വന്നാൽ ഉടനടി രക്ഷപ്പെടാനായാണ് ആ ബങ്കർ പണികഴിപ്പിച്ചിരുന്നത്. 18 മുറികളുണ്ടായിരുന്ന അതിൽ പ്രത്യേക വൈദ്യുതി, ജല വിതരണ സംവിധാനങ്ങളുമുണ്ടായിരുന്നു. കൂടെ ഭാര്യ ഈവാ ബ്രൗണും ജീവിച്ചു.

 

ജനുവരിക്കു ശേഷം ഹിറ്റ്ലർ ഒരു തവണ മാത്രമേ ആ ബങ്കറിനു പുറത്തു വന്നിരുന്നുള്ളൂ. ഉന്നത നാത്‌സി കമാൻഡർമാരായ ഹെർമൻ ഗറിങ്, ഹെയിൻറിച് ഹിംലർ, ജോസഫ് ഗീബൽസ് എന്നിവരുമായി ബങ്കറിൽ അയാൾ കൂടിക്കാഴ്ച നടത്തി. ഭരണപരമായ പല തീരുമാനങ്ങളുമെടുത്തത് ഇത്തരം ചർച്ചകളിലാണ്. മരിക്കുന്നതിനു മുൻപായി അഡ്മിറൽ കാൾ ഡോണിറ്റ്സ് എന്നയാളെ രാഷ്ട്രമേധാവിയും ഗീബൽസിനെ ചാൻസലറുമാക്കിയതായിരുന്നു ഹിറ്റ്ലറിന്റെ അവസാനതീരുമാനം.

 

ഹിറ്റ്ലറിന്റെയും ഈവയുടെയും മൃതശരീരങ്ങൾ പിന്നീട് നാത്‌സി അനുകൂലികൾ ചാൻസലറിയുടെ പൂന്തോട്ടത്തിൽ സംസ്കരിച്ചു. താമസിയാതെ തന്നെ സോവിയറ്റ് പട ബെർലിൻ ആക്രമിച്ചു കീഴ്പ്പെടുത്തി. അവർ ഹിറ്റ്ലറിന്റെ ചിതാഭസ്മം അവിടെനിന്നു മാറ്റി. വരും കാലങ്ങളിൽ ഹിറ്റ്ലറിന്റെ ആരാധകർ അവിടെ അയാൾക്കായി ഒരു സ്മാരകം പണിയാതിരിക്കാനായിരുന്നു അത്. 

 

Content Summary : Conspiracy theories about Adolf Hitler's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com