ADVERTISEMENT

ഇക്കഴിഞ്ഞ നാളുകളിൽ ലോകത്തെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായിരുന്നു ബ്രിട്ടനിലെ ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങ്,.ധാരാളം പേർ നേരിട്ടും മറ്റുള്ളവർ ടെലിവിഷനിലൂടെയും ഈ ചടങ്ങ് വീക്ഷിച്ചു. ചടങ്ങിന്റെ ചിത്രങ്ങൾ പകർത്താനായി എത്തിയ ഒരു ഫൊട്ടോഗ്രഫർ എടുത്ത ചിത്രങ്ങളിൽ വിചിത്രമായ ഒരു വസ്തു പതിഞ്ഞെന്ന് ഒരു വാദമുയരുന്നുണ്ട്. ചടങ്ങ് നടന്ന വേദിക്കു മുകളിൽ പറന്ന റോയൽ എയർഫോഴ്‌സ് വിമാനങ്ങളുടെ മുകളിലായി ഒരു പൊട്ടുപോലെയാണ് ഈ വസ്തു കാണപ്പെട്ടത്.

ലണ്ടനിലെ തന്റെ അപ്പാർട്‌മെന്റിന്റെ പതിമൂന്നാം നിലയിൽ നിന്ന് സൈമൺ ബാൽസൺ എന്ന 59 വയസ്സുള്ള ഫൊട്ടോഗ്രഫറാണ് ചിത്രം പകർത്തിയത്. ആദ്യം താൻ ഈ വസ്തു ചിത്രത്തിൽ കണ്ടില്ലെന്നും പിന്നീട് ഒരിക്കൽകൂടി ചിത്രങ്ങൾ പരിശോധിച്ചപ്പോഴാണ് വസ്തു ശ്രദ്ധയിൽപെട്ടതെന്നും ബാൽസൺ പറഞ്ഞു. ഈ വസ്തു എന്താണെന്നു കണ്ടെത്താനായി ചിത്രം എൻഹാൻസ് ചെയ്യുകയും സൂം ചെയ്യുകയും ചെയ്തു ബാൽസൺ.ചുവന്ന നിറത്തിൽ ത്രികോണാകൃതിയിലുള്ള ഏതോ വസ്തുവാണിതെന്ന് അങ്ങനെ ചെയ്തപ്പോൾ കണ്ടെത്തി.

സംഭവദിവസം കാലാവസ്ഥ മോശമായതിനാൽ ആകാശത്ത് പക്ഷികളും മറ്റുമില്ലായിരുന്നെന്നും എന്താണിതെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്നും ബാൽസൺ പറഞ്ഞു. യുഎഫ്ഒ ഗണത്തിൽ പെടുത്താവുന്ന ഒട്ടേറെ അജ്ഞാതവസ്തുക്കൾ ഈസ്റ്റ് ലണ്ടൻ ഭാഗത്ത് അടുത്തിടെയായി കണ്ടെത്തുന്നുണ്ടെന്നും ബാൽസൺ അറിയിച്ചു.

എന്നാൽ ചാൾസ് രാജാവിന്റെ കിരീടധാരണച്ചടങ്ങിന്റെ ആഘോഷത്തിനായി എത്തിച്ച ബലൂണുകളിലേതെങ്കിലുമാണോ ഇതെന്നും സംശയം ബാക്കിനിൽക്കുന്നുണ്ട്.കഴിഞ്ഞ മേയ് ആറിനാണ് ചാൾസ് രാജാവിന്റെ ഔപചാരികമായ കിരീടധാരണം നടന്നത്. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്ന് കഴിഞ്ഞവർഷം സെപ്റ്റംബറിൽ തന്നെ ചാൾസ് രാജാവായിരുന്നു.

ചാൾസ് രാജാവിന്റെയും പത്‌നി കാമില രാജ്ഞിയുടെയും കിരീടധാരണം ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ബ്രിട്ടിഷ് രാജവംശ കിരീടധാരണമാണ്. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ ആബിയിൽ നടക്കുന്ന ഇരുപതാമത്തെ കിരീടധാരണവുമായിരുന്നു ഇത്.

 

Content Summary : British photographer spots UFO at King Charles lll coronation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com