ADVERTISEMENT

ലോകത്തിൽ മമ്മിയാക്കൽ പ്രക്രിയയ്ക്കു വിധേയമായ ഏറ്റവും പ്രശസ്തനായ മമ്മി ഈജിപ്ഷ്യൻ ചക്രവർത്തിയായ തൂത്തൻ ഖാമുനിന്റേതാകും. എന്നാൽ ചിലപ്പോൾ പ്രകൃതി തന്നെ മൃതശരീരങ്ങൾ സംരക്ഷിക്കാറുണ്ട്. സ്വാഭാവിക മമ്മികളെന്ന് ഇവയെ വിളിക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് ഓറ്റ്സി. യൂറോപ്പിലെ ആൽപ്സ് മേഖലയിൽ ഓസ്ട്രിയയ്ക്കും വിയന്നയ്ക്കും ഇടയിലുള്ള മേഖലയിൽ നിന്നു ലഭിച്ച ഈ പ്രാചീന മമ്മി മനുഷ്യന് അയ്യായിരത്തിലധികം വർഷം പഴക്കമുണ്ടെന്നു കരുതുന്നു. ഇപ്പോൾ ഓറ്റ്‌സിയുടെ രൂപത്തെക്കുറിച്ചും ആകാരത്തെക്കുറിച്ചും ശ്രദ്ധേയമായ വിവരങ്ങൾ ലഭിച്ചിരിക്കുകയാണ്. യൂറോപ്യനായിരുന്നെങ്കിലും ഇരുനിറവും ഇരുണ്ട കണ്ണുകളുമാണ് ഓറ്റ്‌സിക്കെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതുവരെ വിചാരിച്ചു വന്നതുപോലെ അധികം മുടി ഓറ്റ്‌സിക്കുണ്ടായിരുന്നില്ലെന്നും ഗവേഷകർ പറയുന്നു. കഷണ്ടിയായിരുന്നു ഓ്റ്റ്‌സി ഇതിനു മുൻപ് നന്നായി വെളുത്ത മുടിയും താടിയുമുള്ള വ്യക്തിയായിട്ടാണ് ഓറ്റ്‌സിയുടെ രൂപം നിർണയിച്ചിരുന്നത്.

1991ൽ ആണ്് ഐസിൽ മുഖമമർത്തിയ നിലയിൽ ഓറ്റ്സിയുടെ ശരീരം ഓറ്റ്സ്റ്റാൽ ആൽപ്സ് മേഖലയിൽ നിന്നു ലഭിച്ചത്. 3.2 കിലോമീറ്ററോളം പൊക്കമുള്ള മേഖലയിൽ പർവതാരോഹണം നടത്തിയ രണ്ടു ജർമൻ ഹൈക്കർമാരാണ് ഓറ്റ്സിയെ കണ്ടെത്തിയത്. അന്നുമുതൽ ഇന്നുവരെ ദുരൂഹത തുടരുന്നു. നിരവധി പുസ്തകങ്ങൾക്കും ഡോക്യുമെന്ററികൾക്കും ഒരു ചലച്ചിത്രത്തിനും ഓറ്റ്സി പ്രമേയമായി.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തരമായ ആർക്കയോളജിക്കൽ കണ്ടെത്തലുകളിലൊന്നായിട്ടാണ് ഓറ്റ്സി വിലയിരുത്തപ്പെടുന്നത്. ഓറ്റ്സിയുടെ ശരീരത്തെ അഞ്ച് സഹസ്രാബ്ദങ്ങളോളം പൊതിഞ്ഞ കട്ടിയുള്ള മഞ്ഞാണ് മഹാരഹസ്യമടങ്ങുന്ന ആ ശരീരത്തെ ഗവേഷകർക്കും പിന്നീടുള്ള മനുഷ്യരാശിക്കുമായി സൂക്ഷിച്ചത്.

ഇന്ന് ഇറ്റലിയിലെ ബോൽസാനോയിലുള്ള സൗത്ത് ടൈറോൾ മ്യൂസിയത്തിലാണ് ഓറ്റ്സിയുടെ ശരീരം സൂക്ഷിച്ചിരിക്കുന്നത്. നശിച്ചുപോകാതിരിക്കാനായി -21.2 ഡിഗ്രി ഫാരൻഹീറ്റിലുള്ള താപനില ഇവിടെ ഒരുക്കിയിരിക്കുന്നു. ഇടയ്ക്കിടെ പ്രത്യേക രാസ ട്രീറ്റ്മെന്റുകൾക്കും ഈ മമ്മിശരീരത്തിനെ വിധേയമാക്കും. മൂന്നുലക്ഷത്തോളം ആളുകളാണ് വർഷം തോറും ഓറ്റ്സിയെ കാണാനായി ഈ മ്യൂസിയം സന്ദർശിക്കുന്നത്. പിന്നീട് നടത്തിയ പരീക്ഷണങ്ങളും പരിശോധനകളും ബിസി 3300ൽ ജീവിച്ചിരുന്നയാളാണു ഓറ്റ്സിയെന്നു വെളിവാക്കി. ഈ കാലഘട്ടത്തെ താമ്രയുഗം എന്നാണു വിളിക്കുന്നത്. യൂറോപ്പിലുള്ള ആദിമമനുഷ്യർ ശിലായുഗ ഉപകരണങ്ങൾക്കൊപ്പം ലോഹങ്ങളും ഉപയോഗിക്കാൻ പ്രാപ്തി നേടിയ കാലഘട്ടമാണത്.

ഓറ്റ്സി വസ്ത്രങ്ങൾ അണിഞ്ഞിരുന്നു. മാനിന്റെ തോലും  പുല്ലുകളും ഇഴചേർത്തുള്ള വസ്ത്രമായിരുന്നു അവ. ഒരു വേട്ടക്കാരനോ യോദ്ധാവോ ആയിരുന്നിരിക്കണം ഓറ്റ്സി. അമ്പുകളും വില്ലും കോടാലിയും ഓറ്റ്സിയുടെ മൃതദേഹത്തിനൊപ്പം കണ്ടെത്തിയിരുന്നു. ഓറ്റ്സിയുടെ ശരീരത്തിൽ 61 പച്ചകുത്തലുണ്ടായിരുന്നു. ഇവ ആചാരത്തിന്റെ ഭാഗമായോ അല്ലെങ്കിൽ ചികിത്സയുടെ ഭാഗമായോ ചെയ്തതാകാമെന്നു കരുതുന്നു.

അഞ്ചടി മൂന്നിഞ്ച് മാത്രം ഉയരവും 50 കിലോ ഭാരവുമുള്ള ഓറ്റ്സി ദൃഢഗാത്രനായിരുന്നെങ്കിലും നിരവധി അസുഖങ്ങൾ ഈ പ്രാചീനമനുഷ്യനെ വേട്ടയാടിയിരുന്നത്രേ. അൾസർ, വാതം, ശ്വാസകോശ രോഗങ്ങൾ, മോണരോഗങ്ങൾ, ദന്തക്ഷയം എന്നിവ ഓറ്റ്സിക്കുണ്ടായിരുന്നു. ഹൃദ്രോഗവും ഓറ്റ്സിക്കുണ്ടായിരുന്നതായി സംശയിക്കപ്പെടുന്നു.

മാനിറച്ചിയും ഗോതമ്പ് അടങ്ങിയ എന്തോ പലഹാരവുമാണ് ഓറ്റ്സി അവസാനം കഴിച്ചതത്രേ. വിഷമയമുള്ള ഒരു സസ്യത്തിന്റെ അവശിഷ്ടങ്ങളും ഓറ്റ്സിയുടെ വയറ്റിൽ നിന്നു കണ്ടെത്തി. ഒരു പക്ഷേ തന്റെ വയറ്റിലുള്ള വിരകളെ നശിപ്പിക്കാൻ അദ്ദേഹം പ്രയോഗിച്ച ഒറ്റമൂലിയായിരുന്നിരിക്കാം അത്. പിന്നീടാണ് ആ ചോദ്യമുയർന്നത്. എങ്ങനെയായിരിക്കാം ഓറ്റ്സി മരിച്ചത്. പർവതം കയറുന്നതിനിടെ മഞ്ഞിടിച്ചിലോ മറ്റോ മൂലം അപകടമരണം സംഭവിച്ചതാകാം എന്നായിരുന്നു സ്വാഭാവികമായ ആദ്യ അനുമാനം. എന്നാൽ പിന്നീടു നടത്തിയ ശാസ്ത്രീയ അനുമാനങ്ങളിൽ ഇതു തെറ്റെന്നു തെളിഞ്ഞു. ഓറ്റ്സിയെ കൊന്നതാണ്. ഓറ്റ്സിയുടെ മൃതശരീരത്തിൽ aരണ്ടു മുറിവുകളുണ്ടായിരുന്നു. ഒന്നു തോളിലും മറ്റൊന്നു തലയിലും. തലയിലെ മുറിവ് അമ്പു തുളഞ്ഞുകയറിയുണ്ടായതാണ്. തോളിലേത്, കൂടം പോലെ ഏതോ ഭാരമുള്ള വസ്തു ഉപയോഗിച്ചുള്ള മർദനത്തിൽ സംഭവിച്ചതും. തലയിലെ മുറിവാണ് ഓറ്റ്സിയെ കൊന്നത്.

അയ്യായിരം വർഷം മുൻപ് യൂറോപ്പിലെ മഞ്ഞുനിറഞ്ഞ മേഖലയിൽ ഓറ്റ്സിയെ കൊന്ന ശേഷം ആ അജ്ഞാത കൊലപാതകി നടന്നകന്നിരിക്കാം. ആരാകും അയാൾ. ഒരു തെളിവും ഇതുവരെയില്ല. ഇനിയുണ്ടാകാനും സാധ്യത വളരെ കുറവ്...പ്രാചീന ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായി ഓറ്റ്സിയുടെ കാലാതിവർത്തിയായ ശരീരം ഇന്നും ബൊൽസാനോയിലെ മ്യൂസിയത്തിൽ വിശ്രമിക്കുന്നു. 

Content Highlight -  Ancient mummy Oatsi | Otzi the mummy | Otzi's appearance and shape | Mystery of Otzi's death | South Tyrol Museum in Bolzano

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com