ADVERTISEMENT

സിംബ എന്നു പേരുകേട്ടാൽ തന്നെ മനസ്സിൽ ഓർമ വരുന്നത് ഒരു സിംഹക്കുട്ടിയുടെ ചിത്രമാകും. ഡിസ്നിയുടെ ക്ലാസിക് അനിമേഷൻ ചിത്രമായ ലയൺകിങ്ങിലെ നായകൻ. സിംഗപ്പൂരിലുമുണ്ട് ഒരു സിംബ, അതുമൊരു സിംഹക്കുട്ടിയാണ്. 2  വയസ്സും 9 മാസവും പ്രായമുള്ള ഒരു സിംഹക്കുട്ടി. പേരിൽ സിംഹമൊക്കെയുണ്ടെങ്കിലും സിംഗപ്പൂർ ഒരുകാലത്തും സിംഹങ്ങളുടെ ആവാസ വ്യവസ്ഥയായിരുന്നിട്ടില്ല. ആഫ്രിക്കയിൽ നിന്നും മറ്റുമാണ് സിംഹങ്ങളെ ഇവിടത്തെ മൃഗശാലകളിൽ എത്തിക്കുന്നത്. വലിയ ശ്രദ്ധയാണ് മൃഗശാലകളിൽ ഇവയ്ക്ക് കിട്ടുന്നത്. ഇത്തരത്തിൽ സിംഗപ്പൂരിലെ മൃഗശാലയിൽ എത്തിയ ഒരു ആഫ്രിക്കൻ സിംഹമായിരുന്നു മുഫാസ.

കൂട്ടിലിട്ടതിനാലാണോ എന്തോ, തികച്ചും ഏകാകിയായിരുന്നു മുഫാസ. മറ്റുള്ള മൃഗങ്ങളോട് സഹവസിക്കാൻ താൽപര്യമില്ലാതിരുന്ന മുഫാസയ്ക്ക് പക്ഷേ മറ്റു സിംഹങ്ങളേക്കാൾ ആയുസ്സ് കൂടുതലായിരുന്നു. 20 വയസ്സായിരുന്നു മുഫാസയുടെ പ്രായം. സാധാരണ സിംഹങ്ങൾ 13–14 വയസ്സു വരെയെ ജീവിച്ചിരിക്കൂ.

discover-the-real-life-lion-king-in-singapore
Simba. Photo by Wildlife Reserves Singapore.

ഏകാന്തത ഇഷ്ടപ്പെടുന്ന സ്വഭാവമായതിനാൽ മുഫാസയ്ക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല. ഒടുവിൽ കൃത്രിമ ഗർഭധാരണത്തിലൂടെ മുഫാസയുടെ ജീനുകളുള്ള ഒരു സിംഹക്കുട്ടിയെ ജനിപ്പിക്കാൻ മൃഗശാല അധികൃതർ തീരുമാനിക്കുകയായിരുന്നു. കെയ്‌ല എന്ന പെൺ‌സിംഹത്തിനെയാണ് അമ്മയായി തീരുമാനിച്ചത്. ഏറെ പഠനങ്ങൾക്കു ശേഷം അവർ പ്രക്രിയ നടപ്പാക്കാൻ തുടങ്ങി. സിംഹങ്ങളിൽ കൃത്രിമ ഗർഭധാരണം നടത്തുന്നത് വളരെ അപൂർവമായാണ്.

എന്നാൽ ഇതിനു വേണ്ടിയുള്ള പ്രക്രിയയി‍ൽ മുഫാസ തീർത്തും അവശനായി. ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടായിരുന്ന മുഫാസയുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായിത്തീർന്നു, കഠിനമായ വേദനയിൽ പേശികൾ പോലും മടക്കാനാകാതെ മുഫാസ അലറിക്കരഞ്ഞു. ഒടുവിൽ വേദനകൾക്കെല്ലാം അറുതി നൽകാനായി മൃഗശാല അധികൃതർ മുഫാസയെ ദയാവധത്തിനു വിധേയനാക്കി.

 

മുഫാസ ഈ ലോകത്തിൽ നിന്ന് എന്നെന്നേക്കുമായി പോയെങ്കിലും മൃഗശാല അധികൃതരുടെ ശ്രമം വിജയിച്ചു.മുഫാസയുടെ ജീനുകളും അതേ കണ്ണുകളുമായി സുന്ദരൻ ആൺസിംഹക്കുട്ടി മൃഗശാലയിൽ ജനിച്ചു. മുഫാസയുടെ പുത്രൻ....അവന് പേരിടാൻ മൃഗശാലക്കാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.സിംബ...അവർ അവനെ അങ്ങനെ വിളിച്ചു.സിംബ എന്ന വാക്കിന് ആഫ്രിക്കയിലെ സ്വാഹിലി ഭാഷയിൽ സിംഹം എന്നാണ് അർഥം. സിംബയുടെ ജനനശേഷം അണുബാധയുണ്ടായതിനാൽ അമ്മ കെയ്‌ലയ്ക്ക് സിംബയ്ക്ക് പാൽ കൊടുക്കാൻ പറ്റിയിരുന്നില്ല. പ്രത്യേകം തയാർ ചെയ്ത കുപ്പിപ്പാലാണ് കുട്ടിസിംഹത്തിന് മൃഗശാല അധികൃതർ നൽകിയിരുന്നത്. കഴിഞ്ഞ മേയിൽ സിംബയെ പബ്ലിസിസ് ഗ്രൂപ്പ് സിംഗപ്പൂർ എന്ന എൻജിഒ ദത്തെടുത്തു.

 

Content Highlight - Lion cub in Singapore | Mufasa, the lion in Singapore | Lion King in Singapore | Artificial insemination in lions | Simba, the lion cub with Mufasa's genes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com