ആ മുടി യതിയുടേതല്ല; ഭീകര ജീവിക്കായുള്ള തിരച്ചിലിൽ കിട്ടിയ ആ തെളിവും വെറുതെയായി
Mail This Article
നൂറ്റാണ്ടുകളായി ഹിമാലയൻ മേഖലയിൽ യതിയെപ്പറ്റിയുള്ള ദുരൂഹകഥകളുണ്ട്. യതിക്കായി വലിയ ഒരു തിരച്ചിൽ അടുത്തകാലത്ത് നടന്നിരുന്നു. ആൻഡ്രൂ ബെൻഫീൽഡ് എന്ന എഴുത്തുകാരനും സുഹൃത്തായ റിച്ചഡ് ഹോഴ്‌സിയുമായിരുന്നു ഇതിനു പിന്നിൽ. ഇരുവരും ഇന്ത്യ. മ്യാൻമർ, നേപ്പാൾ. ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലായി തങ്ങളുടെ തിരച്ചിൽ തുടർന്നു. ഇത് പിന്നീട് ഒരു ബിബിസി റേഡിയോ പരമ്പരയായി മാറുകയും ചെയ്തു. ഇതിനിടയ്ക്ക് യതിയുടേതെന്ന പേരിൽ അവർക്കൊരു തലമുടി എവിടെ നിന്നോ കിട്ടി. ഇപ്പോഴിതാ ആ മുടിയുടെ രഹസ്യം ഡിഎൻഎ പരിശോധനയിലൂടെ വെളിവാക്കപ്പെട്ടു. ആ മുടി യതിയുടേതല്ല. മറിച്ച് ഒരു കുതിരയുടേതായിരുന്നു.
1950ൽ ബ്രിട്ടിഷ് പർവതാരോഹകനായ എറിക് ഷിപ്ടൺ യതിയുടേതെന്ന അവകാശവാദവുമായി കുറേ വലുപ്പമുള്ള കാൽപ്പാടുകളുടെ ചിത്രങ്ങളുമായി ബ്രിട്ടനിൽ തിരിച്ചെത്തി. ഈ സംഭവം യതിയെക്കുറിച്ചുള്ള ചിന്തകൾ കാട്ടുതീ പോലെ പാശ്ചാത്യലോകത്തു പടർത്തി. പിൽക്കാലത്ത് പല പര്യവേക്ഷണങ്ങളും തിരച്ചിലുകളും നടന്നെങ്കിലും യതിയെ കണ്ടെത്താൻ സാധിച്ചില്ല. ഭൂട്ടാനിലെ സാക്തങ് ദേശീയോദ്യാനത്തിലും തിരച്ചിൽ നടത്തി. 2013ൽ റിച്ചഡ് ആറ്റൻബറോ ഒരു അഭിമുഖത്തിൽ യതികളെക്കുറിച്ചുള്ള ദുരൂഹതയിൽ എന്തെല്ലാമോ ഉണ്ടെന്ന് പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവച്ചു. ബെൻഫീൽഡിന്റെയും ഹോഴ്‌സിയുടെയും തിരച്ചിൽ സംബന്ധിച്ചുള്ള ചർച്ചയിലായിരുന്നു ഈ പരാമർശം.
ഹിമാലയൻ മലനിരകളിൽ ജീവിക്കുന്നുണ്ടെന്നു ചിലർ വിശ്വസിക്കുന്ന ആൾക്കുരങ്ങുപോലുള്ള ജീവിയാണ് യതി. 10 മുതൽ 20 അടിവരെ പൊക്കം ഇവയ്ക്കുണ്ട്. 1921ൽ ബ്രിട്ടിഷ് പര്യവേക്ഷകനായ ചാൾസ് ഹോവാർഡ് ബറിയാണ് ഹിമാലയത്തിലെ ലാഖ്പ ലാ ചുരത്തിനു സമീപം യതിയുടെ കാൽപാടുകൾ ആദ്യമായി കണ്ടതെന്നു പറഞ്ഞുവന്നത്. യതിയെപ്പറ്റി നാട്ടുകാർക്കിടയിൽ പല കഥകളുമുണ്ടെങ്കിലും ഇതുണ്ടെന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അതിനാൽ തന്നെ സാങ്കൽപിക ജീവികളെ ഉൾപ്പെടുത്തുന്ന ക്രിപ്റ്റിഡ് എന്ന വിഭാഗത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
2019ൽ യതിയുടെ കാൽപാടുകൾ എന്ന ക്യാപ്ഷനോടെ ഇന്ത്യൻ കരസേന ഒരു ചിത്രം ട്വീറ്റ് ചെയ്തു. ഇതു വലിയ വിവാദമായി മാറി. യതി ഒരു അന്യഗ്രഹജീവിയാണെന്നും ഭൂമിയിലെ കാര്യങ്ങൾ നിരീക്ഷിക്കാനായി അയയ്ക്കപ്പെട്ടതാണെന്നും ഇടയ്ക്ക് സൈബീരിയൻ കൗൺസിലറായ ഇഗോർ ഇഡിമിഷേവ് പറഞ്ഞിരുന്നു. എന്നാൽ ആരും ഇതു വലിയ കാര്യമായി എടുത്തില്ല. സൈബീരിയയിലെ കെരമോവോ എന്ന സ്ഥലത്തു നിന്നുള്ളയാളാണ് ഇഡിമിഷേവ്. ഇവിടെ യതിയെ ഇടയ്ക്കിടെ കാണാറുണ്ടെന്ന് വാദങ്ങളുയരാറുണ്ട്.