ADVERTISEMENT

മെക്‌സിക്കോയിൽ നിന്ന് ഒരു വിചിത്രവാർത്ത വന്നിരുന്നു. ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലെ ഒരു ധാതുഖനിയിൽ നിന്നു കണ്ടെത്തിയ 2 മമ്മികളുടെ 30 ശതമാനം ജനിതകവ്യവസ്ഥ മനുഷ്യരുടേതല്ല എന്നായിരുന്നു ഇതിന്റെ പിന്നിലുള്ളവർ പറഞ്ഞത്. പ്രമുഖ യുഎഫ്ഒ കുതുകിയായ ജോസ് ജെയിംസ് മോസനും സംഘവുമാണ് ഇതിനു പിന്നിൽ. ഇവരാണ് പെറുവിൽ നിന്നു ലഭിച്ച മമ്മിയുടെ ജനിതകവ്യവസ്ഥയിൽ മനുഷ്യാംശമില്ലെന്ന് പറഞ്ഞു രംഗത്തുവന്നത്. മെക്‌സിക്കോയിലെ ജനപ്രതിനിധി സഭയുടെ മുന്നിൽ ഹാജരായാണ് മോസൻ ഈ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ഈ മമ്മികളുടെ ബാക്കി 70 ശതമാനം എന്താണെന്നു വെളിപ്പെടുത്തിയിട്ടില്ല.

മുൻപും ഈ മമ്മികൾ സംബന്ധിച്ച തെളിവുകളുമായി മോസനും സംഘവും രംഗത്തുണ്ടായിരുന്നു. ഒരിക്കൽ ഇവർ മെക്‌സിക്കൻ ജനപ്രതിനിധി സഭയിൽ ഇവയുടെ ചിത്രങ്ങളും എക്‌സ്‌റേകളും പങ്കുവച്ചത് വലിയ വാർത്ത നേടി. ആ മമ്മികൾക്ക് ശ്വാസകോശവും വാരിയെല്ലുമില്ലെന്നൊക്കെ മോസൻ അടിച്ചുവിട്ടു. എന്നാൽ ഒരു ചെറിയ പ്രശ്‌നമുണ്ട്. സ്റ്റീവൻ സ്്പിൽബർഗിന്റെ വിഖ്യാത സയൻസ് ഫിക്ഷൻ ചിത്രമായ ഇടിയിൽ അവതരിപ്പിക്കപ്പെടുന്ന ഏലിയന്റെ രൂപവുമായി ഇതിനു സാമ്യമുണ്ട്. അതിനാൽ തന്നെ ഇതു കെട്ടിച്ചമച്ചതാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ചിത്രത്തിന് കടപ്പാട് :  എക്സ്
ചിത്രത്തിന് കടപ്പാട് : എക്സ്

മരത്തിലെ ഭീകരസത്വം മെക്‌സിക്കോയിൽ ഇത്തരം ഗുലുമാലുകൾ ഇതാദ്യമായല്ല. മരത്തിലിരിക്കുന്ന ഒരു ഭീകരസത്വത്തിന്റെ ചിത്രം ഇടക്കാലത്ത് മെക്‌സിക്കോ പ്രസിഡന്റ് ആന്ദ്രേ മാനുവൽ ലോപസ് ഒബ്രഡോർ പങ്കുവച്ചിരുന്നു. മെക്‌സിക്കോയിൽ മുൻപ് നിലനിന്നിരുന്ന മായൻ ഐതിഹ്യങ്ങളിലുള്ള അല്യൂക്‌സ് എന്ന ജീവിയാണിതെന്ന് പ്രസിഡന്റ് അടിക്കുറിപ്പായി അടിച്ചുവിടുകയും ചെയ്തു. ഏതായാലും പ്രസിഡന്റിന്റെ പോസ്റ്റ് താമസിയാതെ ജനപ്രിയമായി. 28 ലക്ഷം പേർ അതു കാണുകയും കാൽ ലക്ഷത്തോളം പേർ ലൈക്കുകൾ നൽകുകയും ചെയ്തു. എന്നാൽ താമസിയാതെ തന്നെ മറ്റുചിലർ, ഇത് ഫെബ്രുവരി 21ന് എടുത്ത ചിത്രമാണെന്നും പ്രസിഡന്റ് തെറ്റി ട്വീറ്റ് ചെയ്തതാണെന്നും പറഞ്ഞ് തെളിവുകളുമായി വന്നു. യൂക്കാട്ടൻ മേഖലയിൽ റെയിൽവേ ജോലികളിൽ ഏർപ്പെട്ടു നിന്ന ഒരു എൻജിനീയറാണു ചിത്രമെടുത്തതെന്നാണ് മെക്‌സിക്കൻ പ്രസിഡന്റ് പറഞ്ഞത്.

മായൻ വിശ്വാസമനുസരിച്ച് വനത്തിലും പാടങ്ങളിലും അധിവസിക്കുന്ന അതിമാനുഷ ജീവികളാണ് അല്യൂക്‌സ്. ഇവ വലുപ്പത്തിൽ ചെറുതുമാണെന്നാണു വിശ്വാസം. മനുഷ്യർക്കു നേരെ ഒരുപാട് വികൃതികൾ ഇവർകാട്ടും. സാധനങ്ങൾ ഒളിപ്പിച്ചുവച്ചു വിഷമിപ്പിക്കുകയും മറ്റും ചെയ്യും. ഇതിനാൽ തന്നെ അല്യൂക്‌സുകളെ പ്രസാദിപ്പിക്കാനായി നേർച്ചകളൊക്കെ ഇന്നും ആളുകൾ മെക്‌സിക്കോയിൽ നൽകാറുണ്ട്. എഡി 300 മുതൽ എഡി 900 വരെയുള്ള കാലയളവിലാണ് മായൻ സംസ്‌കാരം മെക്‌സിക്കോയിലും മധ്യ അമേരിക്കയിലെ മറ്റു ചില രാജ്യങ്ങളിലുമായി പ്രൗഢോജ്വലമായ രീതിയിൽ നിലനിന്നത്. പിന്നീട് ഇതു നശിച്ചു. അമേരിക്കൻ വൻകരകളിലേക്കു യൂറോപ്യൻമാരും മറ്റും വൻരീതിയിൽ എത്തുകയും അധീശത്വം സ്ഥാപിക്കുകയും ചെയ്തു.

എന്നാൽ ഇന്നും മായൻ വംശജക്കാരുടെ പിന്മുറക്കാർ യൂക്കാട്ടൻ മേഖലയിൽ വസിക്കുന്നുണ്ട്. ഇവരിൽ പലരും മായൻ ഭാഷകൾ സംസാരിക്കുന്നവരും പരമ്പരാഗത വേഷം ധരിക്കുന്നവരുമാണ്. പരമ്പരാഗത ഭക്ഷണം, വിളകൾ, വൈദ്യരീതികൾ തുടങ്ങിയവയൊക്കെ ഇന്നും നിലനിർത്തുന്നവരും മയൻ പിന്മുറക്കാരുടെ ഇടയിലുണ്ട്. ഏതായാലും മെക്‌സിക്കൻ പ്രസിഡന്റ് ഞെട്ടിച്ചുകളഞ്ഞു. സമൂഹമാധ്യമങ്ങളിൽ ഇത്തരം പോസ്റ്റുകളൊക്കെ ഒട്ടേറെ പേർ ഷെയർ ചെയ്യാറുണ്ട്. എന്നാൽ ഒരു രാജ്യത്തിന്റെ പ്രഥമപൗരൻ തന്നെ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് വളരെ അപൂർവമായ സംഭവമായിരുന്നു.

English Summary:

Mexican President encounters Mayan mythology: Aleux Sighting Causes Social Media Stir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com