കടലവലിപ്പമുള്ള ബാക്ടീരിയ, കടലാഴത്തിലെ വമ്പൻ അമീബ, രണ്ടായിരം ഏക്കർ വിസ്തീർണമുള്ള വമ്പൻ ഫംഗസ്
Mail This Article
സൂക്ഷ്മജീവികളെപ്പറ്റി നമ്മൾ പാഠപുസ്തകങ്ങളിൽ പഠിച്ചിട്ടുണ്ട്. എന്നാൽ നമ്മൾ പഠിച്ചിട്ടുള്ള പല സൂക്ഷ്മജീവികൾക്കും വലുപ്പമേറിയ വകഭേദങ്ങളുണ്ട്. ഇവയിൽ ചിലതിനെ പരിചയപ്പെടാം.
ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ബാക്ടീരിയയെ കരീബിയൻ മേഖലയിലുള്ള ഒരു കണ്ടൽക്കാടിൽ നിന്നു കഴിഞ്ഞവർഷം കണ്ടെത്തിയിരുന്നു. സാധാരണ ഗതിയിൽ ബാക്ടീരിയകൾ കാണാൻ വളരെ സൂക്ഷ്മവും മൈക്രോസ്‌കോപ്പുകളുടെ സഹായത്താൽ മാത്രം ദൃശ്യവുമാണ്. എന്നാൽ ഈ ബാക്ടീരിയ സാധാരണ സൂക്ഷ്മകോശ ജീവികളേക്കാൾ 5000 മടങ്ങ് വലുപ്പമുള്ളതാണ്.
വലുപ്പത്തിൽ മാത്രമല്ല, കോശഘടനയിലും ഈ ബാക്ടീരിയയ്ക്കു വ്യത്യാസമുണ്ട് സാധാരണ ബാക്ടീരിയകളുടെ ജനിതകഘടന കോശത്തിനുള്ളിൽ സ്വതന്ത്രമായി വിന്യസിക്കപ്പെട്ടതാണ്. എന്നാൽ ഈ ബാക്ടീരിയകളുടെ കാര്യത്തിൽ, ജനിതകഘടന കോശങ്ങൾക്കുള്ളിൽ ഒരു പ്രത്യേക ഘടനയ്ക്കുള്ളിൽ ശേഖരിക്കപ്പെട്ട നിലയിലാണ്. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഒരു പ്രീപ്രിന്റെ ജേണലിലാണ് ഈ ബാക്ടീരിയയെക്കുറിച്ചുള്ള വിവരങ്ങൾ്. ബാക്ടീരിയകളുടെ ശരീരവലുപ്പത്തെക്കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ ധാരണകൾ മാറ്റിമറിച്ചതായിരുന്നു ഈ കണ്ടെത്തൽ.
ചില ഈച്ചകളേക്കാളും ചില പുഴുക്കളേക്കാളും വലുപ്പമുള്ളതായിരുന്നു ഈ കണ്ടെത്തപ്പെട്ട ബാക്ടീരിയ. ലോകത്തു കോശജീവനെ രണ്ട് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഏകകോശജീവികളായ പ്രോക്കാരിയോട്ടുകളും ബഹുകോശജീവികളായ യൂക്കാരിയോട്ടുകളും. പ്രോക്കാരിയോട്ടുകളുടെ സവിശേഷത സ്വതന്ത്രമായി വിന്യസിക്കപ്പെട്ട ജനിതകഘടനയാണ്. എന്നാൽ ഈ പുതിയ ബാക്ടീരിയ രണ്ടു വിഭാഗങ്ങളുടെയും അതിർവരമ്പിലാണുള്ളത്. തയോമാമാർഗരിറ്റ മാഗ്‌നിഫിക്ക എന്നാണ് ഈ ബാക്ടീരിയയുടെ ശാസ്ത്രനാമം.
നമുക്കറിയാവുന്ന മറ്റൊരു സൂക്ഷ്മജീവിയാണ് ഫംഗസ്. പലപ്പോഴും പല അസുഖങ്ങൾക്കും ഫംഗസ് കാരണമാകാറുണ്ട്. എന്നാൽ ഫംഗസ് കുടുംബം വലിപ്പം കൊണ്ടും വൈവിധ്യംകൊണ്ടും അതിബൃഹത്താണ്. ലോകത്തിലെ ഏറ്റവും വലിയ ജീവി നീലത്തിമിംഗലമാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ജീവനുള്ള വസ്തു നീലത്തിമിംഗലമല്ല, അതൊരു ഫംഗസാണ്. യുഎസ് സംസ്ഥാനമായ ഒറിഗണിലെ മൽഹ്യൂർ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന ഈ ഫംഗസിന് 2200 ഏക്കറോളമാണ് വിസ്തീർണം.,
മറ്റൊരു പ്രശസ്ത സൂക്ഷ്മജീവിയായ അമീബയെക്കുറിച്ചും പല കൂട്ടുകാർക്കുമറിയാമല്ലോ. സാധാരണഗതിയിൽ അമീബകളെ കാണണമെങ്കിൽ മൈക്രോസ്‌കോപ് ഉപയോഗിക്കണം. എന്നാൽ ലോകത്തെ ഏറ്റവും വലിയ അമീബയ്ക്ക് മനുഷ്യന്‌റെ കൈപ്പത്തിയുടെ വലുപ്പമുണ്ട്. ശാന്തസമുദ്രത്തിലെ ആഴമേറിയ മേഖലയായ മരിയാന ട്രെഞ്ചിലാണ് ഇത്തരം അമീബകൾ കാണപ്പെടുന്നത്
NOAA Photo Library expl2233