ADVERTISEMENT

കീടങ്ങളെയും പ്രാണികളെയും തിന്നുന്ന സസ്യങ്ങളുണ്ട്. വീനസ് ഫ്ലൈ ട്രാപ്, പിച്ചർ പ്ലാന്റ് തുടങ്ങിയവയൊക്കെ ഉദാഹരണം. പിച്ചർ പ്ലാന്റിന്റെ ശ്രേണിയിൽ പെട്ട വലിയ ചെടിയായ നെപെന്തസ് രാജയ്ക്ക് എലികളെയും തവളകളെയുമൊക്കെ ദഹിപ്പിക്കാനാകും. വളർച്ചയ്ക്കാവശ്യമായ നൈട്രജൻ നേടുന്നതിനായാണ് ഈ സസ്യങ്ങൾ പ്രാണികളെ ഭക്ഷണമാക്കുന്നത്. എന്നാൽ മനുഷ്യനെയോ വലിയ മൃഗങ്ങളെയോ തിന്നുന്ന മരങ്ങൾ ലോകത്തൊരിടത്തും കണ്ടെത്തിയിട്ടില്ല. അതിനുള്ള സാധ്യതയുമില്ല. എന്നാൽ ഇങ്ങനെയൊരു അഭ്യൂഹം പത്തൊൻപതാം നൂറ്റാണ്ടിൽ വളരെ ശക്തമായി പ്രചരിച്ചിരുന്നു- നരഭോജി മരം. 

ജർമൻ പര്യവേക്ഷകനും സസ്യശാസ്ത്രജ്ഞനുമായ കാൾ ലിഷെ 19 ാം നൂറ്റാണ്ടിൽ തന്റെ സുഹൃത്തും ശാസ്ത്രജ്ഞനുമായ ഡോ. ഒമീലിയസ് ഫ്രീഡ്‌ലോസ്കിക്ക് അയച്ച കത്തിലെ വിവരണത്തെത്തുടർന്നാണ് ഈ കഥ രൂപപ്പെട്ടത്. ആഫ്രിക്കൻ ദ്വീപരാജ്യമായ മഡഗാസ്കറിലെ എംകൊടോ എന്ന ഗോത്രം നടത്തിയ നരബലിയെക്കുറിച്ചാണ് ഇതു പ്രതിപാദിക്കുന്നത്. ഭയങ്കര രൂപമുള്ള നരഭോജി മരത്തിന് ഗോത്രത്തിലൊരാളെ ഇരയാക്കി ഇട്ടുകൊടുക്കുകയായിരുന്നെന്ന് വിവരണം പറയുന്നു. മരത്തെപ്പറ്റി വളരെ നാടകീയമായും പേടിപ്പെടുത്തുന്ന രീതിയിലും വിവരിച്ചിട്ടുണ്ട്. എട്ടടി പൊക്കമുള്ള വലിയൊരു കൈതച്ചക്കയുടെ രൂപമുള്ള മരമാണത്രേ നരഭോജി മരം. ഇതിന് ഏഴടിയോളം നീളമുള്ള മുടി പോലെ പറക്കുന്ന വലിയ ശിഖരങ്ങളുമുണ്ട്. 

കാൽ ലീഷേ എഴുതിയെന്നു പറയുന്ന ഈ കത്തിനെപ്പറ്റി അമേരിക്കൻ ശാസ്ത്രമാസികയായ ന്യൂയോർക്ക് വേൾഡിൽ ഒരു ലേഖനം വന്നതോടെ അതു പ്രശസ്തമായി. ലോകമെമ്പാടും ഒട്ടേറെ പത്രങ്ങളും മാസികകളും ഇതിനെ അടിസ്ഥാനപ്പെടുത്തി ലേഖനങ്ങളെഴുതി. വന നിബിഡവും ഒറ്റപ്പെട്ടതുമായ ദ്വീപാണ് മഡഗാസ്കർ. കരയുമായി ബന്ധമില്ലാത്തതിനാൽ, ലോകത്ത് മറ്റെവിടെയും കാണാത്ത തരം വൃക്ഷങ്ങളും മൃഗങ്ങളുമൊക്കെ ഇവിടെയുണ്ട്. വിചിത്രമായ രൂപമുള്ള ബോബാബ് തുടങ്ങിയ മരങ്ങൾ ഇതിന് ഉദാഹരണം. അതിനാൽത്തന്നെ മഡഗാസ്കറിൽ ഇത്തരമൊരു നരഭോജി മരമുണ്ടാകാമെന്നു തന്നെ പലയാളുകളും ഉറച്ചുവിശ്വസിച്ചു. എന്നാൽ കാലങ്ങൾ കഴിഞ്ഞപ്പോൾ ഇതിനെപ്പറ്റി അന്വേഷണങ്ങൾ നടന്നു. നരഭോജി മരത്തെക്കുറിച്ചുള്ള കഥ പച്ചക്കള്ളമാണെന്നു തെളിഞ്ഞു. കാൽ ലീഷേ എന്നൊരു സസ്യശാസ്ത്രജ്ഞൻ ഇതുവരെ ജീവിച്ചിരുന്നിട്ടു പോലുമില്ല. ന്യൂ യോർക് വേൾഡിലെ എഡ്മണ്ട് സ്പെൻസർ എന്ന വിരുതൻ റിപ്പോർട്ടർ പറ്റിച്ച പണിയായിരുന്നു ‘മഡഗാസ്ക്കറിലെ നരഭോജിമരം’. ആ ലേഖനത്തിലെ എല്ലാ കാര്യങ്ങളും കള്ളമായിരുന്നു. മഡഗാസ്കറിൽ എംകൊടൊ എന്നു പേരുള്ള ഒരു ഗോത്രവുമുണ്ടായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com