ഇലോൺ മസ്‌കിന്റെ ടെലിപ്പതി നമ്മളെ വെട്ടിലാക്കുമോ? മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
Mail This Article
കൂട്ടുകാരേ, കഴിഞ്ഞ ദിവസം ഒരു വിചിത്ര വാർത്ത നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. കീബോർഡിലോ കീപാഡിലോ ടൈപ്പ് ചെയ്യാതെ, ചിന്തിക്കുമ്പോൾത്തന്നെ അതിനനുസരിച്ച് പ്രവർത്തിക്കുന്ന കംപ്യൂട്ടർ, മൊബൈൽ സംവിധാനങ്ങൾ. മനസ്സിലെ വിചാരങ്ങളെ കംപ്യൂട്ടറിലേക്കെത്തിച്ച് അത് ഡീകോഡ് ചെയ്യാനുള്ള ശേഷി. സയൻസ് ഫിക്‌ഷൻ സിനിമകളിൽ കണ്ടിരുന്ന ഇത്തരം സംഭവങ്ങൾ യാഥാർഥ്യമാക്കാനുള്ള ആദ്യഘട്ടം പിന്നിട്ടെന്ന് ശതകോടീശ്വരനും ടെസ്‌ല, സ്‌പേസ്എക്‌സ് തുടങ്ങിയ കമ്പനികളുടെ ഉടമയുമായ ഇലോൺ മസ്‌ക് ഇന്നലെ അറിയിച്ചു.
മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്ക് കമ്പനി മനുഷ്യമസ്തിഷ്‌കത്തിൽ ആദ്യമായി ചിപ് ഇംപ്ലാന്റുകൾ സ്ഥാപിച്ചു. മനുഷ്യമസ്തിഷ്‌കവും കംപ്യൂട്ടറുകളുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങൾ നടത്തുന്ന കമ്പനിയാണ് ന്യൂറാലിങ്ക്. കഴിഞ്ഞ വർഷം മേയിൽ ഈ പരീക്ഷണം നടത്താൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അനുവദിച്ചിരുന്നു. തലച്ചോറിനുള്ളിൽ ചിപ് ഇംപ്ലാന്റുകൾ സ്ഥാപിച്ചാണ് ഇതിന്റെ ആദ്യഘട്ടം. ഇതൊടെ മനുഷ്യ നാഡീവ്യൂഹവും കംപ്യൂട്ടർ സർക്യൂട്ടുകളുമായി ബന്ധിപ്പിക്കപ്പെടും. തലച്ചോറിൽ നിന്നുള്ള ന്യൂറോൺ സിഗ്നലുകൾ കംപ്യൂട്ടർ സർക്യൂട്ടുകൾ പിടിച്ചെടുത്ത് അതനുസരിച്ച് പ്രവർത്തിക്കും. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യനും യന്ത്രങ്ങളുമായി ഒരു ടെലിപ്പതിക് ബന്ധം ഉടലെടുക്കും. ഇതിനാൽ ടെലിപ്പതി എന്നു തന്നെയാണ് ഈ ഭാവി സാങ്കേതികവിദ്യയ്ക്ക് മസ്‌ക് പേരിട്ടിരിക്കുന്നത്.
തലമുടി നാരിഴയേക്കാൾ നേർത്ത 64 ചെറിയ നൂലുകൾ പോലുള്ള ഇംപ്ലാന്റുകളാണ് ന്യൂറാലിങ്ക് സ്ഥാപിച്ചത്. ഇതിനുള്ളിൽ സെൻസറുകളും വയർലസ് രീതിയിൽ ചാർജ് ചെയ്യാവുന്ന ബാറ്ററികളുമുണ്ട്. പരീക്ഷണം പരിപൂർണവിജയമാണെന്നും സ്വീകരിച്ചയാൾ സുഖം പ്രാപിക്കുന്നെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ന്യൂറോൺ വ്യതിയാനങ്ങൾ ഇംപ്ലാന്റ് തിരിച്ചറിയുന്നുണ്ടെന്നും വെളിപ്പെടുത്തലുണ്ട്. 6 വർഷം നീളുന്ന ബൃഹദ്പദ്ധതിയുടെ തുടക്കമാണിത്.
ചലനശേഷി നഷ്ടപ്പെട്ടവർക്കും ശാരീരിക അവശതകളുള്ളവർക്കും സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ ന്യൂറലിങ്കിന്റെ ടെലിപ്പതി പദ്ധതി സഹായിക്കുമെന്നാണു കരുതപ്പെടുന്നത്. എന്നാൽ ലോകത്ത് മനുഷ്യന് സ്വകാര്യതയുള്ളത് സ്വന്തം മനസ്സിൽ മാത്രമാണെന്നും ന്യൂറാലിങ്കിന്റെ പരീക്ഷണം ഇതിനെയും ബാധിക്കുമെന്നും പദ്ധതിയുടെ വിമർശകർ പറയുന്നു. ഈ പരീക്ഷണം കുറേക്കാലം കഴിഞ്ഞ് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി മനുഷ്യന്റെ തലച്ചോറിനെ ബന്ധിപ്പിക്കാൻ സഹായകമാകുമെന്നൊക്കെ ഇലോൺ മസ്ക് പറയുന്നുണ്ട്. ഇങ്ങനെയൊക്കെ സംഭവിച്ചാൽ അതു മനുഷ്യരാശിക്ക് ദോഷമുണ്ടാക്കുമെന്നാണു ചില ശാസ്ത്രജ്ഞർ പറയുന്നത്. നമ്മുടെ ചിന്താരീതികളൊക്കെ മെഷീനുകൾ മനസ്സിലാക്കിയാൽ അവ മനുഷ്യനെപ്പോലെ പെരുമാറാൻ തുടങ്ങുകയും ഒരുപക്ഷേ മനുഷ്യർക്കുമേൽ ആധിപത്യം പുലർത്താൻ അതു വഴിയൊരുക്കുമെന്നും ചില ഗവേഷകർ പറയുന്നു.