പാമ്പുകളില്ലാത്ത രാജ്യം; അയർലൻഡിലെ പാമ്പുകളൊക്കെ എവിടെപ്പോയി?
Mail This Article
കേൾക്കുമ്പോൾ തന്നെ ഉള്ളിൽ അല്പം ഭീതി പടരുന്ന ഉരഗവർഗ്ഗമാണ് പാമ്പുകൾ. വിഷമുള്ളതും ഇല്ലാത്തതുമായി കരയിലും കടലിലുമായി ലക്ഷക്കണക്കിന് ഇനം പാമ്പുകളാണ് ലോകത്തുള്ളത്. ഇതിൽ നമ്മുടെ നാട്ടിൽ കാണപ്പെടുന്ന വിഷമില്ലാത്ത ഇത്തിരിക്കുഞ്ഞൻ നീർക്കോലികൾ മുതൽ ആമസോൺ കാടുകളെ അടക്കിവാഴുന്ന ഭീമന്മാരായ അനക്കോണ്ടകൾ വരെ ഉൾപ്പെടുന്നു.
ഇരുട്ടൊന്നു വീണാൽ, രാത്രി ഒറ്റക്കായാൽ പാമ്പിനെ ഭയന്ന് നടക്കാൻ മടിക്കുന്നവരാണ് നമ്മൾ. അങ്ങനെയുള്ളപ്പോൾ, പാമ്പുകൾ ഇല്ലാത്ത ഒരു രാജ്യത്തെപ്പറ്റി ഒന്ന് ഓർത്ത് നോക്കൂ. ആഹാ... എന്ത് സുഖം...രാവെന്നോ പകലെന്നോ ഇല്ലാതെ വിഷപ്പാമ്പുകളെ ഭയക്കാതെ, എവിടെയും സ്വതന്ത്രമായി കാൽനടയായി സഞ്ചരിക്കാൻ കഴിയും .ഇത്തരത്തിൽ പാമ്പുകളുടെ അസാന്നിധ്യത്തിൽ ശ്രദ്ധേയമായ രാജ്യമാണ് അയർലൻഡ്.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും എന്തുകൊണ്ടാണ് അയർലൻഡിൽ പാമ്പുകളെ കാണാൻ കഴിയാത്തതിന് ചിന്തിച്ചിട്ടുണ്ടോ? പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ അയർലൻഡിൽ എന്തുകൊണ്ട് പാമ്പുകളില്ലെന്നു ചോദിക്കുമ്പോൾ ഒരു വിഭാഗം ആളുകൾ പറഞ്ഞിരുന്നത് മതപരമായ ഒരു കാരണമായിരുന്നു. പാട്രിക് പുണ്യാളന്‍ പാമ്പുകളെ സമുദ്രത്തിലേക്കു പായിച്ചുവെന്ന ആ കഥയ്ക്ക് മുകളിൽ ശാസ്ത്രജ്ഞർ വയ്ക്കുന്ന സത്യം മറ്റൊന്നാണ്.
കണക്കുകൾ പ്രകാരം 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് പാമ്പുകള്‍ ഭൂമിയില്‍ ഉണ്ടായതെന്ന് ശാസ്ത്രജ്ഞർ തെളിവുകളുടെ പിൻബലത്തിൽ പറയുന്നു. ആ സമയത്ത് ഭൂമിയിൽ ഇത്രയേറെ വൻകരകളോ രാജ്യങ്ങളോ ഉണ്ടായിരുന്നില്ല. ഗ്വോണ്ടോലാന്റ് എന്ന് ഒറ്റ വന്‍കരയായിരുന്നു ഉണ്ടായിരുന്നത്. അയർലൻഡ് ഈ വന്‍കരയുടെ ഭാഗമായിരുന്നില്ല.
ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കുശേഷം വൻകര വ്യാപനത്തെത്തുടർന്നു പലവൻകരകളും രൂപപ്പെട്ടപ്പപ്പോൾ സമുദ്രത്തിനടിയില്‍നിന്നാണ് അയർലൻഡ് രൂപം പ്രാപിച്ചു വന്നത്. ഇത്തരത്തിൽ ഉയര്‍ന്നു വന്നപ്പോള്‍ അയർലൻഡ് പൂർണമായും മഞ്ഞുമൂടിയ പ്രദേശമായിരുന്നു. മഞ്ഞുപാളികൾ വഴി ബ്രിട്ടനുമായി അയര്‍ലന്റ് ബന്ധപ്പെട്ടു കിടന്നിരുന്നുവെങ്കിലും മഞ്ഞ് പാമ്പിനെ അകറ്റിനിര്‍ത്തി എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
15000 വര്‍ഷങ്ങള്‍ക്കുശേഷമാണ് അയർലൻഡില്‍ നിന്നും മഞ്ഞു പൂര്‍ണ്ണമായി ഇല്ലാതെയായത്. എന്നാല്‍ ഇത്തരത്തിൽ മഞ്ഞുരുകുന്നു പ്രതിഭാസത്തിനിടയില്‍ ബ്രിട്ടനും അയർലൻഡിനും ഇടയിൽ 12 മൈല്‍ ദുരത്തില്‍ സമുദ്രം രൂപപ്പെട്ടു. അതോടെ അയർലൻഡിലേക്ക് പാമ്പുകള്‍ക്ക് കയറാനുള്ള സാഹചര്യം ഇല്ലാതെയായി. ഇത്തരത്തിൽ പാമ്പുകൾ ഇല്ലാത്ത രാജ്യമെന്ന നിലക്ക് അയർലൻഡ് പ്രശസ്തവുമായി. ന്യൂസിലാൻഡ്, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലും പാമ്പുകൾ ഇല്ല.