നെപ്പോളിയനെ ചെസ് കളിച്ചു തോൽപിച്ച അദ്ഭുത യന്ത്രം; ഉള്ളിൽ മറഞ്ഞിരുന്നത് ചരിത്രത്തിലെ വലിയ തട്ടിപ്പ്
Mail This Article
ചെസ് രംഗത്തെ അതികായനാണ് ഗാരി കാസ്പറോവ്. ഗാരിയെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ ഭീകരപ്പട്ടികയിൽപെടുത്തിയത് വലിയ ചർച്ചയായിരുന്നു. ഇന്ത്യയിൽ പണ്ട് പ്രചാരത്തിലുണ്ടായിരുന്ന ചതുരംഗത്തിൽനിന്നു വികസിക്കപ്പെട്ടുവന്ന കളിയാണ് ചെസ്. ബുദ്ധികൂർമതയുടെയും തീരുമാനങ്ങളെടുക്കാനുള്ള പാടവത്തിന്റെയുമൊക്കെ ഒരു ചിഹ്നമായി ഈ ഗെയിം വിലയിരുത്തപ്പെടുന്നു. ഇന്നത്തെ കാലത്ത് സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ചെസ് കളിക്കാനായി ഒരുപാട് സംവിധാനങ്ങളുണ്ട്. എന്നാൽ ഇതിനെല്ലാം മുൻപ് പതിനെട്ടാം നൂറ്റാണ്ടിൽ ചെസ് കളിക്കുന്ന ഒരു യന്ത്രം ഇറങ്ങിയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായിരുന്നു ഇത്.
1770ൽ ആണ് വൂൾഫ്ഗാങ് വോൻ കെംപലൻ എന്ന വ്യക്തി ചെസ് കളിക്കുന്ന യന്ത്രവുമായി എത്തിയത്. ഓസ്ട്രിയയിലെ മറിയ തെരേസ ചക്രവർത്തിനിയുടെ മുൻപിലാണ് ഈ യന്ത്രം ആദ്യം അവതരിപ്പിക്കപ്പെട്ടത്.
ഒരു ചെസ്ബോർഡും അതിനു മുന്നിൽ ഇരിക്കുന്ന ഒരു പാവയും ചില ലോഹഭാഗങ്ങളുമൊക്കെയുള്ള വലിയ ഒരു യന്ത്രമായിരുന്നു ഇത്.രാജസദസ്സിൽ വച്ച് കെംപലൻ ആളുകളോട് യന്ത്രത്തെ പരീക്ഷിക്കാൻ പറഞ്ഞു. എതിരാളിയുടെ നീക്കങ്ങൾക്കനുസരിച്ച് പാവ കരുക്കൾ നീക്കുന്നത് രാജസദസ്സിലുള്ളവർ അദ്ഭുതത്തോടെ കണ്ടു.
പലരും തോറ്റുപോയി. ചക്രവർത്തിനിക്ക് സന്തോഷവും ആശ്ചര്യവും തോന്നി. തുടർന്ന് കെംപലൻ യൂറോപ്പിലും യുഎസിലുമായി നിരവധി പ്രദർശനങ്ങൾ നടത്തി. നെപ്പോളിയൻ ബോണപ്പാർട്ട്, കംപ്യൂട്ടറിന്റെ സ്രഷ്ടാവ് ചാൾസ് ബാബേജ്, ബെഞ്ചമിൻ ഫ്രാങ്ക്ളിൻ തുടങ്ങിയ അതിപ്രശസ്തർ ഇതുമായി ചെസ് കളിച്ചു തോറ്റു. ഈ യന്ത്രം വലിയ ശ്രദ്ധനേടി. കംപ്യൂട്ടറിന്റെയോ റോബട്ടിക്സിന്റെയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയോ വിദൂര ചിന്തകൾ പോലുമില്ലാത്ത ഒരു കാലത്തായിരുന്നു ഇതെല്ലാമെന്ന് ഓർമിക്കണം. ഒടുവിൽ 87 വർഷങ്ങൾക്കു ശേഷം 1857ൽ ഈ അദ്ഭുതയന്ത്രത്തിന്റെ ഗുട്ടൻസ് വെളിയിൽ വന്നു. ഇതിനുള്ളിൽ ഒരു മനുഷ്യൻ ഒളിച്ചിരിക്കാനുള്ള ഇടമുണ്ടായിരുന്നത്രേ.
ഇതിനുള്ളിൽ ഇരിക്കുന്നയാൾ നീക്കുന്നതനുസരിച്ച് കരുക്കൾ നീങ്ങാനുള്ള സംവിധാനവും ഈ യന്ത്രത്തിനുണ്ടായിരുന്നു. ചുരുക്കത്തിൽ നെപ്പോളിയനും ചാൾസ് ബാബേജുമൊക്കെ തോറ്റത് ഒരു യന്ത്രത്തോടല്ല, മറിച്ച് യന്ത്രത്തിനുള്ളിൽ ഒളിച്ചിരുന്ന ഒരു ചെസ് കളിക്കാരനോടാണ്.