ADVERTISEMENT

ഈജിപ്ഷ്യൻ ചരിത്രത്തിലെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളായ അമെൻഹോടെപ് മൂന്നാമന്റെ മുഖം അത്യാധുനിക കംപ്യൂട്ടർ ഗ്രാഫിക്സ് വിദ്യയിലൂടെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ഗവേഷകർ. പ്രമുഖ ഗ്രാഫിക്സ് ഡിസൈനറായ സിസറോ മോറെസാണ് മുഖം പുനഃസൃഷ്ടിച്ചത്. ലോകത്ത് ഇതുവരെ ജീവിച്ച മഹാധനികൻമാരിലൊരാളായിരുന്നു അമെൻഹോടെപ് മൂന്നാമൻ. അതിപ്രശസ്തനായ ഫറവോ തുത്തൻഖാമന്റെ മുത്തച്ഛനായ ഇദ്ദേഹത്തെക്കുറിച്ചറിയാം.

ബിസി 1550ൽ അഹ്മോസ് ഒന്നാമനാണ് പതിനെട്ടാം രാജവംശം സ്ഥാപിച്ചത്. ഈജിപ്തിൽ നിന്നു നാമറിയുന്ന പ്രശസ്ത ഫറവോമാരിൽ നല്ലൊരു പങ്കും ഈ രാജവംശത്തിലേതാണ്. ബിസി 1386 ൽ 12–ാം വയസ്സിൽ അധികാരത്തിലേറിയ അമെൻഹോടെപ് മൂന്നാമന്റെ സാമ്രാജ്യം ആഫ്രിക്കയിലെ സുഡാൻ മുതൽ ഇറാഖിലെ യൂഫ്രട്ടീസ് നദിക്കര വരെ പരന്നു കിടന്നു. 156 സെന്റിമീറ്റർ പൊക്കവും അമിതവണ്ണവും കഷണ്ടിയുമുള്ളയാളായിരുന്നു അമെൻഹോടെപ് മൂന്നാമനെന്ന് ഗവേഷകർ വിലയിരുത്തുന്നു.

ഇടയ്ക്ക് അമെൻഹോടെപ് മൂന്നാമൻ പണികഴിപ്പിച്ച നഗരം ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ലൂക്‌സറിലെ സുവർണ നഗരമെന്നു പേരുള്ള ഈ നഗരം ആയിരക്കണക്കിനു വർഷങ്ങളായി മണലിൽ പൂണ്ടു കിടക്കുകയായിരുന്നു. ഈജിപ്ഷ്യൻ നാഗരികതയുടെ പൗരാണിക കേന്ദ്രമായ ലക്‌സറിനു സമീപമാണ് നഗരം ഖനനത്തിലൂടെ വെളിയിൽ എത്തിച്ചത്. നഗരഘടനയ്ക്കു പുറമേ സ്വർണാഭരണങ്ങൾ, മൺപാത്രങ്ങൾ, സ്‌കരാബ് എന്നു പറയുന്ന ചെല്ലികളുടെ ആകൃതിയിലുള്ള ലോക്കറ്റുകൾ എന്നിവയും കണ്ടെടുത്തിരുന്നു.ധാരാളം അടുപ്പുകളുള്ള ഒരു ബേക്കറിയും ഭരണസ്ഥാപനങ്ങളും വീടുകളുമൊക്കെ നഗരത്തിലുണ്ടായിരുന്നു. ഹീറോഗ്ലിഫിക്‌സ് രീതിയിൽ എഴുതപ്പെട്ട രേഖകളും ഇവിടെ നിന്നു കണ്ടെത്തി.

നാൽപതു വർഷത്തോളം നീണ്ട അദ്ദേഹത്തിന്റെ ഭരണകാലം ഈജിപ്ഷ്യൻ നിർമാണകലയുടെ സുവർണകാലമായിരുന്നു. മെംമ്‌നോണിലെ അദ്ഭുത പ്രതിമകൾ ഉൾപ്പെടെ നിർമിച്ചത് അദ്ദേഹമാണ്. അന്ന് അദ്ദേഹത്തിന്റെ തലസ്ഥാനമായിരുന്നു ഈ സുവർണനഗരം. ഈജിപ്തിൽ നിന്നു കണ്ടെത്തിയ പല മമ്മികളും ജീവിച്ചിരുന്ന സമയത്ത് എങ്ങനെയിരുന്നെന്ന് അറിയാനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മുഖം കൊടുക്കാൻ ശ്രമിച്ചിരുന്നു ശാസ്ത്രജ്ഞർ. ടിയെ റാണി, മെരിറ്റാമുൻ, ഹാത്ഷെപുട്, നെഫർറ്റിറ്റി തുടങ്ങി പ്രസിദ്ധരായ നിരവധി പൗരാണിക ഈജിപ്തുകാരുടെ മമ്മികൾ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കിയശേഷം അവരുടെ മുഖം കണ്ടെത്തിയിരുന്നു. ടിയെ റാണിയായിരുന്നു അമേൻഹോടെപ് മൂന്നാമന്റെ ഭാര്യ. 

1354 ബിസിയിൽ അദ്ദേഹം മരിക്കുകയും മകനായ അഖേനേറ്റനിലേക്ക് അധികാരം എത്തുകയും ചെയ്തു. അഖേനേറ്റന്റെ മകനായിരുന്നു തുത്തൻഖാമൻ. അഖേനേറ്റന്റെ കാലശേഷം വളരെ ചെറുപ്പത്തിൽ തന്നെ രാജ്യാധികാരം തുത്തൻഖാമനിലേക്കു വന്നു ചേർന്നു. തുടർന്ന് അദ്ദേഹം അൻഖേസൻപാറ്റണിനെ വിവാഹം കഴിച്ചു. തീരെച്ചെറുപ്പമായതിനാൽ തുത്തൻഖാമനെ അധികാരത്തിൽ സഹായിക്കാനായി ആയ്, ഹോറെംഹെബ് എന്നീ ഉപദേഷ്ടാക്കളുമുണ്ടായിരുന്നു.

തുത്തൻഖാമന്റെ മുൻഗാമിയായ അഖേനേറ്റൻ ഈജിപ്തിൽ അതുവരെയുണ്ടായിരുന്ന വിശ്വാസപ്രമാണങ്ങൾക്കു പകരം പുതിയ ദേവൻമാരെ കൊണ്ടുവരികയും പുതിയ സമ്പ്രദായം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. തുത്തൻഖാമൻ ഇതെല്ലാം മാറ്റി പഴയ ആരാധനാരീതികളും വിശ്വാസങ്ങളും തിരികെക്കൊണ്ടുവന്നു. എന്നാൽ തന്റെ 19ാം വയസ്സിൽ തുത്തൻഖാമൻ അന്തരിച്ചു. മലേറിയ,അസ്ഥിരോഗം, കൊലപാതകം തുടങ്ങി ഒട്ടേറെ കാരണങ്ങൾ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് പറയുന്നുണ്ട്.

തുടർന്ന് ഉപദേഷ്ടാവായ ആയ് പുതിയ ചക്രവർത്തിയായി. അഖേനേറ്റൻ, തുത്തൻഖാമൻ, ആയ് തുടങ്ങിയ രാജാക്കൻമാരുടെ വാഴ്ചയെ അമാർണ കാലഘട്ടം എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്. അമാർണ കാലഘട്ടത്തിൽ ഉൾപ്പെട്ട രാജാക്കൻമാരുടെ പേരുകൾ ചരിത്രത്തിൽ നിന്നു പുറത്താക്കാൻ പ്രാചീന ഈജിപ്തുകാർ ശ്രമിച്ചിട്ടുണ്ട്. അഖേനേറ്റന്റെ മതപരിഷ്കാരങ്ങളാകാം ഇതിനു കാരണമായി പറയപ്പെടുന്നത്.ഇവരുടെ കല്ലറകളും അപ്രധാനമായാണ് പണിതിട്ടുള്ളത്.

English Summary:

Face of the World's Richest Man: How Amenhotep III Shaped Ancient Egypt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com