ADVERTISEMENT

മെക്സിക്കോയിലെ ഒരു സംസ്ഥാനമാണ് യൂക്കാട്ടൻ. വടക്കേ അമേരിക്കൻ വൻകരയിലെ സംസ്ഥാനമായ മെക്സിക്കോയിലെ 31 സംസ്ഥാനങ്ങളിൽ ഒന്ന്. യൂക്കാട്ടൻ ഉപദ്വീപിന്റെ ഭാഗമായ ഈ സംസ്ഥാനത്തിന് മെക്സിക്കൻ ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്. ലോകപ്രശസ്തമായ മായൻ സംസ്കാരം നിലനിന്ന മേഖലയാണ് യൂക്കാട്ടൻ. എന്നാൽ യൂക്കാട്ടന്റെ ചരിത്രം ഇവിടെയൊതുങ്ങുന്നില്ല. ഭൂമിയിൽ മനുഷ്യരില്ലാതിരുന്ന ഒരു കാലത്തോളം അതു നീളുന്നു. ഭൂമിയെത്തന്നെ മാറ്റിമറിച്ച ഒരു സംഭവത്തിന്റെ ശേഷിപ്പുകൾ ഉള്ളിൽവഹിച്ചാണ് യൂക്കാട്ടന്റെ കിടപ്പ്.

ഭൂമിയിൽ നമ്മുടെ അറിവിൽ കുറച്ചു ഛിന്നഗ്രഹ സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. ഇതി‍ൽ ഏറ്റവും പ്രശസ്തമായത് ആറരക്കോടി വർഷം മുൻപ് ക്രെറ്റേഷ്യൻ കാലഘട്ടത്തിലാണു സംഭവിച്ചത്. അന്ന് ഭൂമിയിൽ സർവാധിപത്യം പുലർത്തി വിഹരിച്ചു നടന്നത് ദിനോസറുകളായിരുന്നു. 

അന്ന് ചൊവ്വയുടെയും വ്യാഴഗ്രഹത്തിന്റെയും ഇടയ്ക്കുള്ള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹ മേഖലയുടെ പുറം അതിർത്തിയിൽ നിന്ന് ഒരു  ഛിന്നഗ്രഹം ഭൂമിയിലേക്ക് എത്തി. ഇരുണ്ട നിറത്തിലാണ് ഈ മേഖലയിലെ ഛിന്നഗ്രഹങ്ങൾ കാണപ്പെടുന്നത്. യൂക്കാട്ടൻ മേഖലയിലുള്ള 145 കിലോമീറ്റർ വിസ്തീർണമുള്ള, ചിക്സുലബ് എന്നയിടത്താണ് ഈ ഛിന്നഗ്രഹം വീണത്. അതിനാൽ ഇതിനെ ചിക്സുലബ് ഛിന്നഗ്രഹമെന്നും വിളിക്കുന്നു.

ദിനോസറുകളെ മാത്രമല്ല, അക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന മുക്കാൽ പങ്ക് ജീവജാലങ്ങളെയും ഈ ഛിന്നഗ്രഹ പതനത്തെ തുടർന്നുള്ള സംഭവവികാസങ്ങൾ നശിപ്പിച്ചിരുന്നു. എങ്ങനെയാണു നാശം സംഭവിച്ചതെന്നുള്ളതു സംബന്ധിച്ച് വിവിധ സിദ്ധാന്തങ്ങളുണ്ട്.ഛിന്നഗ്രഹം പതിച്ച ശേഷം വ്യാപകതോതിൽ വാതകങ്ങളും പുകയും മറ്റ് അവശിഷ്ടങ്ങളടങ്ങിയ പൊടിപടലങ്ങളും അന്തരീക്ഷത്തിൽ ഉയർന്നെന്നും ഇതു മൂലമുണ്ടായ കാലാവസ്ഥാവ്യതിയാനമാകാം കനത്ത നാശത്തിന് വഴിയൊരുക്കിയതെന്നുമാണ് ഇതിലെ പ്രബലവാദം. 

1908ൽ സൈബീരിയയിലെ  ടുംഗുസ്‌കയിലും ഒരു വലിയ ഛിന്നഗ്രഹ സ്‌ഫോടനം നടന്നു. പൊടുന്നനെ ഉയർന്ന താപനിലയിൽ എട്ടുകോടിയോളം മരങ്ങൾ തോലുരിഞ്ഞ്, ഇലകൊഴിഞ്ഞ്, ടെലിഫോൺ പോസ്റ്റുകൾ പോലെ നിന്നു. ഇത്തരം മരങ്ങളുടെ ഒരു കാട് തന്നെ അവിടെ സൃഷ്ടിക്കപ്പെട്ടു. പിന്നീട് ഇത്തരമൊരു കാഴ്ച ലോകം കാണുന്നത് 37 വർഷം കഴിഞ്ഞാണ്. യുഎസ് ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ ആക്രമണം നടത്തിയപ്പോൾ.

റഷ്യയിലെ സൈബീരിയയിൽ ഒഴുകുന്ന ഒരു നദിയാണു പോഡ്കമെന്നായ ടുംഗുംസ്‌ക.ഇതിനു മുകളിലുള്ള ഒരു കാട്ടിലായിരുന്നു സംഭവം. ടോക്കിയോ നഗരത്തിന്‌റെ വിസ്തീർണത്തിൽ, ഏകദേശം അഞ്ചുലക്ഷത്തോളം ഏക്കർ ഭൂമി ഈ സ്‌ഫോടനത്തിൽ നശിച്ചു. പ്രദേശത്ത് അധിവസിച്ച ഒട്ടേറെ റെയിൻഡീർ മാനുകളും കൊല്ലപ്പെട്ടു.റെയിൻ20 മെഗാടൺ ടിഎൻടി അളവിലുള്ള സ്‌ഫോടനമാണ് ഇവിടെ സംഭവിച്ചതെന്നു കണക്കാക്കപ്പെടുന്നു. ഹിരോഷിമയിൽ വീണ അണുബോംബിന്റെ ആയിരമിരട്ടി ശേഷി. അപ്പോൾ യൂക്കാട്ടനിൽ അന്നു നടന്നത് ഒന്നു ഭാവനയിൽ ഓർത്തുനോക്കൂ.

ഭൂമിയിൽ ഇനിയും ഛിന്നഗ്രഹങ്ങൾ പതിച്ചാൽ നേരിടാനായി നമ്മൾ ചില സന്നാഹങ്ങളൊക്കെ ഒരുക്കുന്നുണ്ടെന്നറിയാമോ? 

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വിക്ഷേപിച്ച ഡാർട്ട് എന്ന ബഹിരാകാശ പേടകം ഡൈഫോർമോസ് എന്ന ഛിന്നഗ്രഹത്തെ ഇടിച്ചതിന്റെ വാർത്തകൾ അറിയാമായിരിക്കുമല്ലോ. ഭാവിയിൽ ഭൂമിയെ പ്രതിസന്ധിയിലാക്കി ഏതെങ്കിലും ഛിന്നഗ്രഹം കടന്നുവന്നാൽ അതിനെ വഴിതിരിച്ചുവിടാനായാണ് ഡാർട്ടിനെ നാസ തയാറാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com