ADVERTISEMENT

കൊച്ചി ∙ ബോൾഗാട്ടി ദ്വീപിലെ കൊച്ചിൻ ഗോൾഫ് ക്ലബ്ബിന്റെ നൂറാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളവുമായി (സിയാൽ) ചേർന്നു സംഘടിപ്പിക്കുന്ന കൊച്ചിൻ ഓപ്പൺ ഗോൾഫ് ടൂർണമെന്റ് നാളെ സിയാൽ ഗോൾഫ് കോഴ്സിൽ നടക്കും.രാവിലെ 6.30നു തുടങ്ങുന്ന മത്സരത്തിൽ ചണ്ഡ‌ിഗഡ്, ഒഡീഷ, ചെന്നൈ, ബെംഗളൂരു, മംഗളൂരു, നെയ്‌വേലി, തിരുവനന്തപുരം എന്നിവിടങ്ങളി‍ൽ നിന്നുള്ളവർ പങ്കെടുക്കും.

നേവി, സിയാൽ എന്നിവയെ പ്രതിനിധീകരിക്കുന്ന സംഘവും കൊച്ചിൻ ഗോൾഫ് ക്ലബ്ബിൽ‌ നിന്നുള്ള കളിക്കാരും മത്സരങ്ങളുടെ ഭാഗമാകും. ബെസ്റ്റ് പ്ലെയർ, ബെസ്റ്റ് ക്ലബ് എന്നിവർക്കു സമ്മാനങ്ങൾ നൽകും.സമാപനച്ചടങ്ങിൽ കേരള ജസ്റ്റിസ് അമിത് റാവൽ സമ്മാനം നൽകും.

കേരളത്തിൽ ഗോൾഫിന്റെ പ്രചാരം കൂട്ടുകയും ദേശീയതല മത്സരങ്ങൾക്കു സംസ്ഥാനത്തു നിന്നു കൂടുതൽ പേരെ സജ്ജമാക്കുകയുമാണ് ലക്ഷ്യമെന്നു  സംഘാടക സമിതി സെക്രട്ടറി ജോസഫ് തോമസ്, കൊച്ചിൻ ഗോൾഫ് ക്ലബ് ഭാരവാഹികളായ സുരേഷ് ഷേണായി, ടോമി മാത്യു, എസ്. നാരായണ മേനോൻ എന്നിവർ പറഞ്ഞു.

സിന്തൈറ്റ് ഇൻഡസ്ട്രീസ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവരാണു പ്രധാന സ്പോൺസർമാർ. ബോൾഗാട്ടി ദ്വീപ് ഗോൾഫ് ക്ലബ്ബിൽ ഒരു കുട്ടിക്ക് ഒരു വർഷത്തേക്ക് 2000 രൂപ ചെലവിട്ടു ഗോൾഫ് പരിശീലനത്തിനു സൗകര്യമുണ്ടെന്നും ഗോൾഫിന്റെ അടിസ്ഥാന പാഠങ്ങൾ ഉൾപ്പെടെ പരിശീലിപ്പിക്കുമെന്നും ക്ലബ് ഭാരവാഹികൾ പറഞ്ഞു.

കൊച്ചിയിൽ പിറന്ന ഗോൾഫ് ബോൾ

ബ്രിട്ടിഷ് ഉന്നത ഉദ്യോഗസ്ഥർക്കായാണ് ബോൾഗാട്ടി ദ്വീപിൽ, പാലസിനോടു ചേർന്ന് ഗോൾഫ് കോഴ്സിനു തുടക്കമിട്ടത്. അവർക്കായി 1922ൽ ക്ലബ് ഹൗസും തുടങ്ങി. പിന്നീട് കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പ്രസിഡന്റായ എച്ച്.എച്ച്. ജോൺസാണ് അന്ന് ക്ലബ് ഹൗസ് ഉദ്ഘാടനം ചെയ്തത്.

ബോൾഗാട്ടി ദ്വീപിൽ ആദ്യം കൊട്ടാരം ഒരുക്കിയ ഡച്ചുകാരിൽ നിന്ന്, പിന്നീടുവന്ന ബ്രിട്ടിഷുകാർ കൊട്ടാരം വാടകയ്ക്കെടുത്ത് ബ്രിട്ടിഷ് റസിഡന്റിന്റെ വസതിയാക്കി. അതാണ് നിലവിൽ കെടിഡിസിയുടെ അധീനതയിലുള്ളത്. ഗോൾഫ് കോഴ്സ് നടത്തിപ്പ് പിന്നീട് കൊച്ചിൻ ഗോൾഫ് ക്ലബ്ബിനായി. സൊസൈറ്റിയായി റജിസ്റ്റർ ചെയ്ത ക്ലബ്ബിൽ നിലവിൽ ഇരുന്നൂറിലേറെ അംഗങ്ങളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT