ഒരു നേരം 500 കിലോ ആട്ടിറച്ചി, 500 കിലോ മീൻ; ‘പെഡികോണി’ന് ഭക്ഷണമൊരുക്കുന്നത് 300 പാചകക്കാർ
Mail This Article
കൊച്ചി ∙ ഒരു നേരം 500 കിലോഗ്രാം അരി, 500 കിലോഗ്രാം ആട്ടിറച്ചി, 500 കിലോഗ്രാം മീൻ, 300 കിലോഗ്രാം കോഴിയിറച്ചി… ശിശുരോഗ ചികിത്സാ വിദഗ്ധരുടെ ദേശീയ സമ്മേളനം ‘പെഡികോണി’ന്റെ അടുക്കളയിൽ രുചിക്കൂട്ടുകളുടെ മേളപ്പെരുക്കമാണ്. ആറായിരത്തിലേറെ ഡോക്ടർമാർ പങ്കെടുക്കുന്ന സമ്മേളനത്തിൽ അത്രയും പേർക്ക് ഓരോ നേരവും ഭക്ഷണം വിളമ്പണം.
സമ്മേളനത്തിനു ഭക്ഷണമൊരുക്കാനായി ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിന്റെ അടുക്കളയിൽ 300 പാചകക്കാരാണു ജോലി ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലുകളിൽ നിന്നായി 200 പാചകക്കാരെ ഇതിനു വേണ്ടി കൊച്ചിയിലെത്തിച്ചു. ഇവരിൽ പലരും പ്രത്യേക വിഭവങ്ങൾ തയാറാക്കുന്നതിൽ വിദഗ്ധർ. ഭക്ഷണം വിളമ്പാനായി 300 പേർ വേറെയുണ്ട്.
ഓരോ നേരവും 29 വിഭവങ്ങളാണു തയാറാക്കുന്നത്. കേരളത്തിന്റെ തനതു മത്സ്യ വിഭവങ്ങൾക്കു പ്രാധാന്യം നൽകിയിട്ടുണ്ട്. എല്ലാ ദിവസവും ഒരു പ്രത്യേക കേരള വിഭവമെങ്കിലും പരിചയപ്പെടുത്തുന്ന തരത്തിലാണു ഭക്ഷണ മെനു തയാറാക്കിയിട്ടുള്ളതെന്നു ഗ്രാൻഡ് ഹയാത്തിലെ എക്സിക്യൂട്ടീവ് ഷെഫ് കേദാർ ബോബ്ദെ പറഞ്ഞു.
ഉച്ചഭക്ഷണം തയാറാക്കുന്ന ജോലികൾ പുലർച്ചെ 2 മണിക്കു തുടങ്ങും. പത്തരയോടെ ഉച്ചഭക്ഷണം തയാറാകും. പാകം ചെയ്ത വിഭവങ്ങൾ 11.30നു ബുഫെ ടേബിളിൽ നിരത്തും. അത്താഴം തയാറാക്കുന്നത് ഉച്ചയ്ക്കു 2മുതൽ ഏഴര വരെ. ഒരേ സമയം 5000 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണു സമ്മേളനത്തിനു വേണ്ടി ഒരുക്കിയിട്ടുള്ളത്.
ശുചിത്വത്തിനു പ്രത്യേക പരിഗണന നൽകിയാണു ഭക്ഷണം തയാറാക്കുന്നത്. ഭക്ഷണത്തിന്റെ പൂർണ സുരക്ഷിതത്വം ഉറപ്പാക്കാൻ ഓരോ വിഭവത്തിന്റെ സാംപിളുകൾ ലാബ് പരിശോധനയ്ക്കായി അയയ്ക്കുന്നുണ്ട്. പെഡികോൺ സമ്മേളനത്തിനു വേണ്ടിയുള്ള തയാറെടുപ്പുകൾ ആറു മാസം മുൻപു തന്നെ ആരംഭിച്ചിരുന്നുവെന്നും ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ മാനേജർ നിബു മാത്യു പറഞ്ഞു.
ഭക്ഷണ മെനു ഇങ്ങനെ
3 നോൺ വെജ് വിഭവം
5–6 തരം വെജ് വിഭവം
2 തരം അരി ഭക്ഷണം
5–6 തരം മധുര പലഹാരം
4–5 തരം സാലഡ്