ADVERTISEMENT

കാക്കനാട്∙ ‘ഇടത്തേക്ക് ഒടിക്കൂ.... വലത്തേക്ക് തിരിക്കു.... പിന്നോട്ടെടുക്ക്....’ ഡ്രൈവിങ് ടെസ്റ്റിനിടെ ഗ്രൗണ്ടിനു പുറത്തു നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞ  സുഹൃത്തിന്റെ പ്രോത്സാഹനം പരീക്ഷാർഥിയായ യുവതിയെ വെട്ടിലാക്കി. പരസഹായം തേടിയെന്ന കാരണത്താൽ യുവതി ടെസ്റ്റിൽ പരാജയപ്പെട്ടു. എറണാകുളം ആർടി ഓഫിസിനോടനുബന്ധിച്ച ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലാണു പെൺകുട്ടിയുടെ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനിടെ  സുഹൃത്തിന്റെ പ്രോത്സാഹനം വിനയായത്. 

ഇരുചക്ര വാഹന ഡ്രൈവിങ് ടെസ്റ്റിൽ എട്ടെടുത്തു യുവതി വിജയിച്ചിരുന്നു. ഇതിനു ശേഷം നടന്ന കാർ ഡ്രൈവിങ് ടെസ്റ്റിലെ എച്ച് എടുക്കുന്നതിനിടെയാണു സമീപത്തു നിന്ന്  സുഹൃത്ത് കമ്പികൾക്കിടയിലൂടെ കാർ ഓടിക്കുന്നതിനുള്ള ദിശ ഉറക്കെ വിളിച്ചു പറഞ്ഞു കൊടുത്തത്. പുറത്തു നിന്നുള്ള വിളിച്ചു പറയൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ആദ്യം ശ്രദ്ധിച്ചില്ല. ശബ്ദം കൂടിയതോടെയാണു സംഭവം വഷളായത്. യുവതി എച്ച് എടുത്തെങ്കിലും പുറത്തു നിന്നു സഹായം ലഭിച്ചതിന്റെ പേരിൽ യുവതി തോറ്റതായി ഉദ്യോഗസ്ഥർ രേഖപ്പെടുത്തി.

ഉന്നതങ്ങളിൽ പിടിയുണ്ടോ, ആർസി കിട്ടും, പുഷ്പം പോലെ!

കാക്കനാട്∙ നാലു മാസം മുൻപ് അച്ചടിയും വിതരണവും നിലച്ചതോടെ കിട്ടാതായ വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾക്കും ഡ്രൈവിങ് ലൈസൻസിനും ജനം നെട്ടോട്ടമോടുമ്പോൾ ഇഷ്ടക്കാർക്ക് ആർസിയും ൈലസൻസും പിൻവാതിലിലൂടെ നൽകുന്നതായി ആക്ഷേപം. 

മോട്ടർ വാഹന വകുപ്പിന്റെ തേവരയിലെ അച്ചടി യൂണിറ്റിൽ ഇപ്പോഴും ചെറിയ തോതിൽ അച്ചടി നടക്കുന്നുണ്ട്. ഗതാഗത മന്ത്രിയുടെ ഓഫിസും മോട്ടർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിളിച്ചു പറയുന്നവർക്കാണ് ആർസിയും ലൈസൻസും അച്ചടിച്ചു നൽകുന്നതെന്നാണ് പരാതി. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ അടുപ്പക്കാർക്കും ഈ ആനുകൂല്യം ലഭിക്കുന്നുണ്ടത്രെ. തേവരയിലെ അച്ചടി കേന്ദ്രത്തിൽ നേരിട്ടു ചെന്നു വാങ്ങുന്നവരും ആർടി ഓഫിസിലെത്തിച്ച് അവിടെച്ചെന്ന് വാങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ടെന്ന് പറയപ്പെടുന്നു.

സംസ്ഥാനത്തെ എല്ലാ ആർടി ഓഫിസുകളിലെയും ആർസിയും ഡ്രൈവിങ് ലൈസൻസും അച്ചടിക്കുന്നതു തേവരയിലാണ്. നവംബർ മുതൽ അച്ചടി മുടങ്ങിക്കിടക്കുകയാണ്. സാങ്കേതിക സഹായം നൽകുന്ന പാലക്കാട് ഐടിഐ കമ്പനിക്ക് വൻ തുക കുടിശികയായതോടെയാണ് അച്ചടി മുടങ്ങിയത്. 

8 ലക്ഷത്തോളം ആർസിയും ലൈസൻസുമാണ് അച്ചടിക്കാനുള്ളത്. നവംബർ മുതൽ വാഹന റജിസ്ട്രേഷൻ ഉൾപ്പെടെ നടത്തിയവർക്കാണ് ആർസി ലഭിക്കാനുള്ളത്. ഈ കാലയളവിൽ ഡ്രൈവിങ് ടെസ്റ്റ് പാസായവർക്കു ലൈസൻസും കിട്ടിയിട്ടില്ല. തപാൽ വകുപ്പിനു കുടിശിക നൽകാനുള്ളതിനാൽ വിതരണവും അവതാളത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com