20 ലക്ഷം ഊണിന്റെ നന്മയുമായി ‘സമൃദ്ധി’; പ്രതിദിനം ഭക്ഷണം വിളമ്പുന്നത് അയ്യായിരത്തിലേറെ പേർക്ക്
Mail This Article
കൊച്ചി ∙ 20 ലക്ഷം ഊണിന്റെ നന്മയുമായി കോർപറേഷന്റെ ജനകീയ ഹോട്ടൽ ‘സമൃദ്ധി @ കൊച്ചി’. നോർത്ത് പരമാര റോഡിൽ പ്രവർത്തിക്കുന്ന സമൃദ്ധി ഇന്നലെ വരെ വിറ്റത് 20,00,317 ഊണ്. 2021 ഒക്ടോബർ ഏഴിനു പ്രവർത്തനം തുടങ്ങിയ സമൃദ്ധി രണ്ടര വർഷം കൊണ്ടാണ് 20 ലക്ഷം ഊണ് വിറ്റത്. തുടക്കത്തിൽ ഊണിന് 10 രൂപയായിരുന്നു വില. സർക്കാർ സബ്സിഡി നിർത്തിയതോടെയാണു വില 20 രൂപയാക്കിയത്. പ്രതിദിനം അയ്യായിരത്തിലേറെ പേർക്കാണു സമൃദ്ധി ഭക്ഷണം വിളമ്പുന്നത്. ഒപ്പം, അതിദരിദ്ര വിഭാഗത്തിലുൾപ്പെടുന്ന 37 കിടപ്പുരോഗികൾക്കു വീടുകളിൽ 3 നേരം സൗജന്യമായി സമൃദ്ധി ഭക്ഷണമെത്തിക്കുന്നു.
ഒരു ഊണിന് ശരാശരി 36 രൂപയാണ് ഉൽപാദന ചെലവ്. വിൽക്കുന്നത് 20 രൂപയ്ക്ക്. മറ്റു സ്പെഷൽ വിഭവങ്ങളുടെ വിൽപനയിലൂടെയും സംഭാവനയിലൂടെയുമാണു ബാക്കിയുള്ള തുക കണ്ടെത്തുന്നത്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഏറ്റവും വലിയ അടുക്കളയാണു സമൃദ്ധിയുടേത്. ഭക്ഷണം കഴിക്കാനെത്തുന്നവർക്കായി കൂടുതൽ സൗകര്യങ്ങളും കിച്ചൻ ഓർഡർ ടിക്കറ്റിങ് (കെഒടി), ബയോമെട്രിക് അറ്റൻഡൻസ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളും ഇപ്പോൾ സമൃദ്ധിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
മേയർ എം. അനിൽകുമാറിന്റെയും ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ ഷീബ ലാലിന്റെയും നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ; ഒപ്പം 72 അംഗ കുടുംബശ്രീ സംഘവും സമൃദ്ധിയുടെ കരുത്താണ്. കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്നതിനൊപ്പം ഒട്ടേറെ പേർക്കു തൊഴിൽ നൽകുന്ന സമൃദ്ധി ഇതിനകം സംസ്ഥാനത്തിനു മുഴുവൻ മാതൃകയായി മാറിയിട്ടുണ്ട്. രാത്രിയിലുംസമൃദ്ധി രണ്ടര വർഷം പിന്നിട്ടതോടെ സമൃദ്ധിയുടെ പ്രവർത്തനം 24 മണിക്കൂറാക്കി. വിശന്നെത്തുന്നവർക്ക് അന്നമൊരുക്കാൻ ഇനി രാത്രിയിലും സമൃദ്ധി തുറന്നിരിക്കും. ദോശ, പുട്ട്, മറ്റു ചെറുകടികൾ, ചായ തുടങ്ങിയവ രാത്രിയിലും കിട്ടും.
രാത്രി മെനു
കഞ്ഞി, ചപ്പാത്തി, പൊറോട്ട, ദോശ, പുട്ട്, ചിക്കൻ റോസ്റ്റ്, ബീഫ് കറി, വെജിറ്റബിൾ കറി, മുട്ടക്കറി, ജ്യൂസ്.