നിയമം തെറ്റിച്ചത് മുന്നിലെ വാൻ; പിന്നാലെ പോയ വാഹനത്തിനു ‘പണി കൊടുത്ത്’ എഐ ക്യാമറ
Mail This Article
മീനങ്ങാടി ∙ നിയമം തെറ്റിച്ച വണ്ടിയുടെ പിന്നാലെ പോയ വാഹനത്തിനു ‘പണി കൊടുത്ത്’ എഐ ക്യാമറ. സീറ്റ് ബെൽറ്റ് ഇടാതെ ഒാടിച്ച വണ്ടിയുടെ ഫോട്ടോ എഐ ക്യാമറ പകർത്തിയെങ്കിലും പിഴ കിട്ടിയതു തൊട്ടുപിന്നാലെ വന്ന വാഹനത്തിന്റെ ഉടമയ്ക്കാണ്. കരിമ്പുമ്മലിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണു വിചിത്രമായ രീതിയിൽ പിഴ ഇട്ടത്. മുൻപിൽ പോയ വാനിലാണ് ഡ്രൈവറും സഹയാത്രികയും സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തത്. ഇൗ ചിത്രം വ്യക്തമായി ക്യാമറയിൽ പതിയുകയും ചെയ്തു. എന്നാൽ, പിഴ അടയ്ക്കാനുള്ള നിർദേശം ലഭിച്ചതു തൊട്ടുപിന്നാലെ വന്ന വാഹനത്തിനാണ്.
കൂടോത്തുമ്മൽ സ്വദേശിയുടെ വാഹനത്തിനാണ് ഇത്തരത്തിൽ പിഴ ലഭിച്ചത്. നിയമം തെറ്റിച്ച വാഹനത്തിന്റെ നമ്പറിനെക്കാൾ പിറകിലെ വാഹനത്തിന്റെ നമ്പർ വ്യക്തമായി ക്യാമറയിൽ പതിഞ്ഞതായി ഫോട്ടോയിൽ കാണാം. ഇതാകാം പിഴ കിട്ടാൻ കാരണം. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന സംഭവത്തിന് ഇപ്പോഴാണു പിഴയടയ്ക്കാനുള്ള നിർദേശം ലഭിച്ചത്. പ്രശ്നം വാഹനം ഉടമ അധികൃതരെ അറിയിച്ചതിനെ തുടർന്നു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും തെറ്റായി പിഴയിട്ടത് ഒഴിവാക്കുമെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.