ADVERTISEMENT

തൊടുപുഴ∙ ജില്ലയിൽ കനത്ത മഴ, വിവിധ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജ്ജം. നാളെ രാത്രി വരെ ജില്ലയിൽ രാത്രി യാത്രാ നിരോധനമുണ്ട്. വൈകിട്ട് 5 മണി മുതൽ രാവിലെ 6 മണി വരെ ദേവികുളം ഗ്യാപ് റോഡ് യാത്ര നിരോധിക്കും. ജില്ലയിൽ ഇന്നു ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും യെലോ അലർട്ടാണ്. പാംബ്ല ഡാമിലെ ഷട്ടറുകൾ തുറന്നു ജലം ഒഴുക്കിവിടുന്നുണ്ട്.

മാട്ടുപ്പെട്ടി ഡാമിലെ ഷട്ടറുകൾ ഉയർത്തി വെള്ളം തുറന്നുവിടാനും കലക്ടർ ഉത്തരവ് നൽകിയിട്ടുണ്ട്.ൈഹറേഞ്ച് മേഖലകളിൽ കനത്ത മഴ പെയ്തെങ്കിലും വ്യാപക നാശനഷ്ടങ്ങളില്ല. താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വൈദ്യുത പവർ ഹൗസുകളിലും മറ്റ് പ്രധാന സ്ഥാപനങ്ങളിലും വെള്ളം കയറാനുള്ള സാധ്യത മുന്നിൽ കണ്ടുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദേശമുണ്ട്.

അണക്കെട്ടുകളിൽ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയും സ്ഥിതിഗതികൾ ജില്ലാ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളെ യഥാസമയം അറിയിക്കുകയും ചെയ്യാനും അധികൃതർക്കു ജില്ലാ ഭരണകൂടം അറിയിപ്പ് നൽകി. അപകട സാധ്യതയുള്ള വെള്ളച്ചാട്ടങ്ങൾ, മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അടിയന്തിരമായി അപായ സൂചന ബോർഡുകൾ സ്ഥാപിക്കും.

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അനാവശ്യ പാർക്കിങ് ഒഴിവാക്കുക. ജാഗ്രതാ നിർദേശമുള്ള ദിവസങ്ങളിൽ ജലാശയങ്ങളിലെ ടൂറിസം ഒഴിവാക്കുക. രാത്രികാല യാത്ര ജില്ലയിൽ നിരോധിച്ചിട്ടുണ്ട്. നൈറ്റ് സഫാരി, ജലാശയ വിനോദം, ജാക്കറ്റില്ലാതെയുള്ള മീൻപിടിത്തം എന്നിവയും ജാഗ്രതാ കാലയളവിൽ ഒഴിവാക്കണം. ജലാശയങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ സമിതി അധ്യക്ഷ കലക്ടർ ഷീബ ജോർജ് നിർദേശിച്ചു.

കാലാവസ്ഥാ മുന്നറിയിപ്പ്; ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം 

കേന്ദ്ര കാലാവസ്ഥാ വിഭാഗം നാളെ വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ എല്ലാ വകുപ്പുകളുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ സദാ വിലയിരുത്തുകയാണെന്നും ജില്ലാ ദുരന്ത പ്രതിരോധ സമിതിയുടെ അടിയന്തര ഓൺലൈൻ യോഗത്തിൽ അധ്യക്ഷയായ കലക്ടർ ഷീബ ജോർജ് അറിയിച്ചു. റോഡുകളിലേക്ക് നീണ്ടു നിൽക്കുന്ന വൃക്ഷത്തലപ്പുകൾ ഉടൻ കോതി ഒതുക്കണം.

വൈദ്യുത തൂൺ ഒടിഞ്ഞു വീണും, വൈദ്യുതി കമ്പി പൊട്ടി വെള്ളത്തിൽ വീണും അപകടമുണ്ടാകാതിരിക്കാൻ വൈദ്യുതി വകുപ്പ് ജാഗ്രത പാലിക്കണം. സുരക്ഷിത മേഖലയിലല്ലാത്തതും കാഴ്ച മറയ്ക്കുന്നതും, ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതുമായ വാഹന പാർക്കിങ് കർശനമായി നിയന്ത്രിക്കും.

ദുരന്ത പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പ് ഉദ്യോഗസ്ഥർക്കും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും ജാഗ്രത പാലിക്കാനും കൺട്രോൾ റൂം തുറക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ ജില്ലാ ദുരന്ത പ്രതിരോധ യോഗത്തിൽ പറഞ്ഞു. എഡിഎം ഷൈജു. പി ജേക്കബ്, ഡിഎംഒ ഡോ. എൻ. പ്രിയ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എൻ. സതീഷ് കുമാർ എന്നിവർ കലക്ടറുടെ ചേംബറിലും ജില്ലാ പൊലീസ് മേധാവി, സബ് കലക്ടർ, തഹസിൽദാർമാർ, ഡിഡിപി തുടങ്ങിയവർ ഓൺലൈനായും യോഗത്തിൽ സംബന്ധിച്ചു.

കൺട്രോൾ റൂം: ഫോൺ നമ്പറുകൾ

∙പീരുമേട് താലൂക്ക് - 04869232077, 

∙ഉടുമ്പൻചോല താലൂക്ക് -04868232050, 

∙ദേവികുളം താലൂക്ക് - 04865264231, 

∙ഇടുക്കി താലൂക്ക് - 04862235361, 

∙തൊടുപുഴ താലൂക്ക് - 04862222503, 

∙ജില്ലാ ദുരന്ത നിവാരണ സമിതി(ഡിഇഒസി) 

∙ഇടുക്കി - 04862233111, 04862233130, 9383463036

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com