ADVERTISEMENT

കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ വിളവ് കുറയുകയും ആവശ്യം കൂടുകയും ചെയ്തതോടെ ഫലവർഗങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിപണി സജീവമായി. അതേസമയം വിളവ് കുറഞ്ഞതു കാരണം വിലവർധന കർഷകന് പ്രയോജനപ്പെടുന്നില്ല. 

പ്രയോജനപ്പെടാതെ പൈനാപ്പിൾ വില
ഒരാഴ്ചകൊണ്ട് പൈനാപ്പിൾ വില ഇരട്ടിയിലേറെ ആയപ്പോൾ പ്രതീക്ഷിച്ച വിളവ് ലഭിക്കാതെ കർഷകർ. കഴിഞ്ഞയാഴ്ച 26 രൂപയായിരുന്ന പൈനാപ്പിളിന് ഈ ആഴ്ച 57 രൂപയാണ് കർഷകന് ലഭിക്കുന്നത്. കടുത്ത ചൂടിൽ പൈനാപ്പിൾ വാടിയതുമൂലം വിളവ് പകുതിയായി കുറഞ്ഞു. കാനിയും (നടുന്ന തണ്ട്) കിട്ടാനില്ല. നനച്ചുകൊടുക്കാൻ സൗകര്യമില്ലാത്തതാണ് ഇപ്പോൾ കർഷകർ നേരിടുന്ന മറ്റൊരു പ്രശ്‌നം.

ചേനയ്ക്ക്  ആനവില
കേരളത്തിൽ ചേനയ്ക്ക് നടീൽ കാലമായതിനാൽ ലഭ്യത കുറഞ്ഞതോടെ വില കൂടി. കിലോഗ്രാമിന് 60 – 70 രൂപയാണ് ജില്ലയിൽ ചില്ലറ വിൽപന വില. ഫെബ്രുവരി മാസത്തിൽ നിലമൊരുക്കുകയും മാർച്ച്– ഏപ്രിൽ മാസത്തിൽ നടുകയുമാണ് ഇവിടുത്തെ രീതി. സീസൺ കഴിഞ്ഞപ്പോൾ വിലകൂടിയതിനാൽ മെച്ചമില്ലെന്നാണ് കർഷകർ പറയുന്നത്. തമിഴ്നാട്ടിൽ നിന്നാണ് ഇപ്പോൾ ഇടുക്കിയിലേക്ക് ചേനയെത്തുന്നത്. കഴിഞ്ഞ വർഷത്തെ മോശം കാലാവസ്ഥ ചേനയുടെ വിളവിനെ കാര്യമായി ബാധിച്ചതും ഇപ്പോൾ വിലകൂടാൻ കാരണമായി. നടീൽ സമയമായിട്ടും ആവശ്യത്തിന് മഴ ലഭിക്കാത്തതിന്റെ ആശങ്കയിലാണ് കർഷകർ.

മാർക്കറ്റിൽ മാമ്പഴക്കാലം
മാമ്പഴ വിപണിയും കുതിച്ചു കയറുകയാണ്. തൊടുപുഴ മാർക്കറ്റിൽ മാമ്പഴ വില കിലോഗ്രാമിന് 80 രൂപയായിരുന്നു. ചൂട് വർധിച്ചതോടെ പഴവർഗങ്ങൾക്കെല്ലാം ആവശ്യക്കാർ കൂടിയിട്ടുണ്ട്. ജ്യൂസ് കടകളും സജീവമാണ്. പാലക്കാട് ജില്ലയിൽ നിന്നുള്ള മൂവാണ്ടൻ മാമ്പഴമാണ് ഇപ്പോൾ കൂടുതലായി എത്തുന്നത്. അതേസമയം പച്ചമാങ്ങയുടെ വിലയിൽ അൽപം കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച 60 –70 രൂപയ്ക്ക് വിറ്റിരുന്ന പച്ചമാങ്ങയുടെ ഇന്നലത്തെ ചില്ലറവില 50 രൂപയാണ്.

ഇടുക്കി ചക്ക വടക്കും ഹരം
ഹൈറേഞ്ചിലെ ചക്കയ്ക്ക് ഉത്തരേന്ത്യയിലാണ് പ്രിയം. ജില്ലയിൽ സുലഭമായ ഇടിയൻ ചക്കയ്ക്ക് (മുഴുവൻ പാകമാകാത്ത ചക്ക) നഗരങ്ങളിൽ വൻ ഡിമാൻഡാണ്. കട്ടപ്പന, നെടുങ്കണ്ടം, കുമളി, അണക്കര തുടങ്ങിയ സംഭരണകേന്ദ്രങ്ങളിൽ നിന്നു മുൻ വർഷങ്ങളിൽ ശരാശരി 40 ടൺ ചക്ക ദിവസേന കയറ്റി അയച്ചിരുന്നെങ്കിലും ഇത്തവണ ചക്കയുടെ വിളവ് ഗണ്യമായി കുറഞ്ഞു. ഇതോടെ മുൻവർഷങ്ങളിൽ കിലോഗ്രാമിന് 5-8 രൂപ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ശരാശരി 12 രൂപ കർഷകർക്ക് ലഭിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com