ADVERTISEMENT

വെറും 55 മിനിറ്റ് ! കണ്ണൂരിൽ നിന്നുള്ള ഉദ്ഘാടന വിമാനത്തിലെ ടിക്കറ്റുകൾ മുഴുവൻ വിറ്റു തീരാൻ ഒരു മണിക്കൂർ പോലും വേണ്ടിവന്നില്ല. രാജ്യത്തിന്റെ വ്യോമയാന ചരിത്രത്തിലെ തന്നെ അപൂർവതയായിരുന്നു ഇത്. കണ്ണൂരിൽ നിന്നുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങി ആദ്യ 12 മണിക്കൂറിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിറ്റത് 5153 ടിക്കറ്റുകൾ. ഇതും റെക്കോർഡാണ്. സ്വപ്നതുല്യമായിരുന്നു കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ തുടക്കം. രാജ്യത്തെ മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങളെപ്പോലും അടിസ്ഥാന സൗകര്യങ്ങളാൽ അമ്പരപ്പിച്ച വിമാനത്താവളം. ഇരുപതോളം വിദേശ വിമാനക്കമ്പനികൾ ഉൾപ്പെടെ കണ്ണൂരിൽ നിന്നു സർവീസ് തുടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച നാളുകൾ.

ആദ്യ 10 മാസം കൊണ്ട് 10 ലക്ഷം യാത്രക്കാർ എന്ന നേട്ടവും കണ്ണൂർ സ്വന്തമാക്കി. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കോഴിക്കോടിനെ മറികടന്നു. കോവിഡ് ലോകമെമ്പാടും പ്രതിസന്ധി തീർത്തപ്പോഴും കണ്ണൂരിന് അത് പ്രതീക്ഷയാണ് പകർന്നത്. കണ്ണൂർ വിമാനത്താവള കമ്പനിയുടെ (കിയാൽ) വളർച്ചയുടെ നിർണായക ഘടകമായിരുന്നു ഹജ് പുറപ്പെടൽ കേന്ദ്രത്തിനുള്ള അനുമതി.

കഴിഞ്ഞ വർഷം മുതൽ അതും ലഭിച്ചു. എന്നാൽ ഗോ ഫസ്റ്റ് സർവീസുകൾ അവസാനിപ്പിച്ചത് കുരുക്കായി. പ്രതിദിനം 8 സർവീസുകളാണ് ഗോ ഫസ്റ്റ് കണ്ണൂർ വഴി നടത്തിയിരുന്നത്. സർവീസ് നിലച്ചതോടെ പ്രതിമാസം 240 സർവീസുകളുടെ കുറവാണ് സംഭവിച്ചത്. വിസ്താരയുമായുള്ള ലയന നടപടികളുടെ ഭാഗമായി എയർ ഇന്ത്യയും സർവീസ് നിർത്തി. ഇതോടെ എയർഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രം സർവീസ് നടത്തുന്ന വിമാനത്താവളമായി കണ്ണൂർ മാറി.

ഉപദേശത്തിനു കുറവില്ല; ആദ്യം കിറ്റ്കോ, പിന്നെ കെപിഎംജി
വിമാനത്താവളത്തിന്റെ പദ്ധതി രേഖയിൽത്തന്നെ ഈ ഭൂമി ഉപയോഗിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഒട്ടേറെ സംരംഭങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. വിമാനത്താവളം ലാഭകരമാക്കാനായി അന്ന് കിറ്റ്കോ തയാറാക്കിയ റിപ്പോർട്ടിൽ എയർപോർട്ട് വില്ലേജ്, എക്സിബിഷൻ സെന്റർ, ഹോട്ടലുകൾ തുടങ്ങി ഒട്ടേറെ പദ്ധതി നിർദേശങ്ങളുണ്ടായിരുന്നു.

ഡ്യൂട്ടിഫ്രീ ഷോപ് പോലും തുടങ്ങാൻ ഉദ്ഘാടനം കഴിഞ്ഞ് പിന്നെയും രണ്ടു വർഷത്തിലേറെ കാത്തിരിക്കേണ്ടി വന്നു.വിമാനത്താവളത്തെ ലാഭകരമാക്കാൻ കെപിഎംജി വന്നതോടെ അവരും ഇതേ പദ്ധിതകൾക്കായി ഇടപെടൽ നടത്താൻ തുടങ്ങി. എന്നാൽ നിക്ഷേപം നടത്താൻ സന്നദ്ധരായി വന്നവർ പോലും തിരികെപ്പോകുന്ന കാഴ്ചയാണ് പലപ്പോഴും കണ്ടത്. വിമാനത്താവളത്തിന്റെ കവാടത്തോടു ചേർന്ന് പെട്രോൾ ബങ്ക് തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അതും പ്രവർത്തനം തുടങ്ങിയിട്ടില്ല.

വരിഞ്ഞുമുറുക്കി കടബാധ്യതകൾ
2420 കോടി രൂപ ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ വിമാനത്താവളത്തിന് കടബാധ്യതകളും ഏറെയുണ്ട്. ബാങ്കിങ് കൺസോർഷ്യം വഴി എടുത്ത 892 കോടി രൂപയുടെ വായ്പ കോവിഡ് കാലത്തെ രണ്ടു മൊറട്ടോറിയം കാലാവധി കഴിഞ്ഞതോടെ 1100 കോടി രൂപയ്ക്കു മുകളിലായി. മൊറട്ടോറിയം ഒരു വർഷത്തേക്കുകൂടി നീട്ടിയതോടെ തിരിച്ചടയ്ക്കേണ്ട തുക 1300 കോടിക്കു മുകളിലായി. പ്രതിമാസം 15 കോടി രൂപയിലേറെ വായ്പ തിരിച്ചടയ്ക്കാൻ മാത്രം കിയാൽ കണ്ടെത്തണം. ശരാശരി 13 ലക്ഷം രൂപയോളമാണ് പ്രതിദിനം ഗോ ഫസ്റ്റ് കിയാലിന് വിവിധ വിഭാഗങ്ങളിലായി നൽകിയിരുന്നത്. ഗോ ഫസ്റ്റ് നിലച്ചതോടെ ‍മാസം നഷ്ടം 4 കോടി രൂപയോളം !

വളർന്നു വികസിക്കട്ടെവിമാനത്താവള നഗരം
വിമാനത്താവളത്തിനു സമീപം ഐടി പാർക്ക് പ്രഖ്യാപിച്ചിട്ട് രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. ഐടി പാർക്കുകളെ ബന്ധിപ്പിക്കുന്ന ഐടി ഇടനാഴിയും 2023ലെ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉണ്ടായിരുന്നു. രണ്ടും യാഥാർഥ്യമായിട്ടില്ല. രാജ്യാന്തര കൺവൻഷൻ സെന്റർ, എക്സിബിഷൻ െസന്റർ, വ്യവസായ പാർക്ക്, ഹോട്ടൽ, ബിസിനസ് പാർക്ക്, തീം പാർക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്പെഷൽ ഇക്കണോമിക് സോൺ തുടങ്ങി വിവിധ തരത്തിൽ ഈ ഭൂമി പ്രയോജനപ്പെടുത്താൻ ശ്രമം വേണം. സിയാൽ മാതൃകയിൽ പാർക്കിങ് ഭാഗത്ത് ഉൾപ്പെടെ സോളർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന കാര്യവും പരിഗണിക്കണം.

വെറുതേ കിടക്കുന്നത് ശതകോടികൾ മൂല്യമുള്ള ഭൂമി
2300 ഏക്കറിലേറെ ഭൂമിയുണ്ട് കണ്ണൂർ വിമാനത്താവളത്തിന്റെ കൈവശം. സെന്റിന് എട്ടു ലക്ഷത്തിലേറെ രൂപ വരെ സംസ്ഥാന സർക്കാർ നൽകി ഏറ്റെടുത്ത ഭൂമിയുണ്ട് ഇക്കൂട്ടത്തിൽ. ശതകോടികൾ മൂല്യമുള്ള മണ്ണ് അക്ഷരാർഥത്തിൽ തരിശിട്ടു കിടക്കുകയാണ്. കിയാലും ബിപിസിഎലും ചേർന്ന് ആരംഭിച്ച ഫ്യുവൽ ഫാം മാത്രമാണ് പ്രാരംഭഘട്ടം മുതൽ പ്രവർത്തിക്കുന്ന സംയുക്ത സംരംഭം. 

ഫലപ്രദമായി വിനിയോഗിച്ചിരുന്നെങ്കിൽ വടക്കേ മലബാറിനു മാത്രമല്ല, സംസ്ഥാനത്തിനാകെ മികച്ച വരുമാനം നേടാവുന്ന പദ്ധതികൾക്കായി ഈ ഭൂമി പ്രയോജനപ്പെടുത്താമായിരുന്നു. പാട്ടം പോലും നൽകാതെയാണ് ഇത്രയും കാലം ഈ ഭൂമി കിയാൽ കൈവശം വച്ചിരുന്നത്.

മുഴുവൻ ഭൂമിയും സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയതാണെങ്കിലും മുഴുവൻ ഭൂമിയുടെയും ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിൽ വരുന്ന തരത്തിലല്ല വ്യവസ്ഥകൾ നിശ്ചയിച്ചിരിക്കുന്നത്. കിയാലിന്റെ മൊത്തം മൂലധനത്തിന്റെ 35 ശതമാനം തുകയ്ക്ക് തുല്യമായ മൂല്യമുള്ള ഭൂമിയേ സർക്കാർ ഉടമസ്ഥതയിൽ നിലനിർത്തിയിട്ടുള്ളൂ. 

ബാക്കി കിൻഫ്ര വഴി കിയാലിനു തന്നെ പാട്ടത്തിനു നൽകിയിരിക്കുകയാണ്. ഏക്കറിന് 100 രൂപ നിരക്കിൽ 60 വർഷത്തേക്കാണ് പാട്ടം. എന്നാൽ ആദ്യ അഞ്ചുവർഷം ഈ പാട്ടത്തുക അടയ്ക്കേണ്ടതില്ല. ഈ കാലയളവ് പിന്നിടുമ്പോഴും ഭൂമിയിൽ നിന്നു വരുമാനം നേടാവുന്ന പദ്ധതികളൊന്നും പുതുതായി കിയാൽ നടപ്പാക്കിയിട്ടില്ല.

മട്ടന്നൂരും പരിസരത്തും വേറെയുമുണ്ട് ഭൂമി !
വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളിലായി 5000 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാൻ ഇ.പി.ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ തീരുമാനിച്ചിരുന്നു. കിൻഫ്ര വഴി അയ്യായിരം ഏക്കർ ഭൂമി ഏറ്റെടുമെന്നായിരുന്നു പ്രഖ്യാപനം. ഇങ്ങനെ ഏറ്റെടുത്ത ഭൂമിയും അനുബന്ധ വികസനത്തിനു പ്രയോജനപ്പെടുത്താൻ സാധിക്കും. മട്ടന്നൂരിൽ 54 ഏക്കറും കീഴല്ലൂരിൽ 500 ഏക്കറും പടിയൂരിൽ 708 ഏക്കറും കൂടാളിയിൽ 1343 ഏക്കറും അഞ്ചരക്കണ്ടി പനയത്താംപറമ്പിൽ 500 ഏക്കറും കൊളാരിയിൽ 1044 ഏക്കറും പിണറായിയിൽ 13 ഏക്കറും ഉൾപ്പെടെ 4896 ഏക്കർ ഏറ്റെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. വെള്ളിയാംപറമ്പിലെ വ്യവസായ എസ്റ്റേറ്റിൽ ഇലക്ട്രിക് വാഹന നിർമാണ യൂണിറ്റ്, റബർ കയ്യുറ നിർമാണ യൂണിറ്റ് തുടങ്ങി ഒട്ടേറെ പദ്ധതികൾക്ക് അക്കാലത്ത് തറക്കല്ലിടുകയും ചെയ്തിരുന്നു.

കുത്തനെ കുറഞ്ഞ് ചരക്കു നീക്കം
യാത്രാ പ്രതിസന്ധി മാത്രമല്ല, ചരക്കു നീക്കവും പ്രതിസന്ധിയിലാണ്. 2021 ഒക്ടോബർ മുതൽ രാജ്യാന്തര കാർഗോ ആരംഭിച്ചെങ്കിലും പ്രതിദിനം 7 ടൺ വരെ മാത്രമാണ് ചരക്ക് നീക്കം സാധ്യമാകുന്നത്. ഗോ ഫസ്റ്റ് സർവീസ് നിലച്ചതോടെ ചരക്ക് നീക്കവും കുറഞ്ഞു. കാർഗോ വിമാന സർവീസ് തുടങ്ങാനുള്ള ഇടപെടലുകൾ നടന്നിരുന്നെങ്കിലും ഉദ്ഘാടനം നിശ്ചയിച്ച ദിവസം വിമാനം വരാതായതോടെ ഫ്ലാഗ് ഓഫിന് എത്തിയ മന്ത്രിമാർ തിരിച്ചുപോകേണ്ടി വന്നു. 

മറ്റൊരു ദിവസത്തേക്ക് ചടങ്ങ് മാറ്റിയെങ്കിലും അന്നും വിമാനം എത്തിയില്ല. ഇതോടെ കാർഗോ വിമാനമെന്ന സ്വപ്നവും യാഥാർഥ്യമായില്ല.1.05 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആധുനിക കാർഗോ കോംപ്ലക്സ് പൂർത്തിയായിക്കഴിഞ്ഞു.

പച്ചക്കറി, പഴങ്ങൾ, മാംസം, മത്സ്യം, പൂക്കൾ, മരുന്നുകൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കാനും കയറ്റി അയയ്ക്കാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മലബാറിന്റെ എയർ കാർഗോ ഹബ് എന്ന നിലയിൽ കണ്ണൂർ വിമാനത്താവളത്തെ വളർത്താനുള്ള സാധ്യതകൾ മുന്നിൽക്കണ്ടാണ് കാർഗോ കോംപ്ലക്സ് സജ്ജമാക്കിയത്. ഇതു പ്രയോജനപ്പെടുത്താൻ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടായേ തീരൂ.‌

മട്ടന്നൂരിൽ നിർമാണത്തിന് സോൺ കുരുക്ക്
വിമാനത്താവളത്തിനു സമീപമുള്ള പ്രദേശങ്ങളിൽ വൻകിട ഹോട്ടൽ സംരംഭങ്ങൾ തുടങ്ങാൻ മട്ടന്നൂർ നഗരസഭയുടെ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള സോൺ നിയന്ത്രണങ്ങൾ തടസ്സമാണ്. വിമാനത്താവള ഭൂമി മുതൽ ദേശീയപാതവരെയുള്ള ഭാഗവും അഞ്ചരക്കണ്ടി ഭാഗത്തേക്കുള്ള റോഡിന്റെ വശങ്ങളും എക്സ്പോർട്ട് ആൻഡ് അലൈഡ് സോണിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവിടെ കന്റീൻ, ഭക്ഷണശാലകൾ, എടിഎം, ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, ട്രാവൽ ഏജൻസി, കാർഗോ ചെയ്യുന്ന സ്ഥാപനങ്ങൾ, കോൾഡ് സ്റ്റോറേജ് തുടങ്ങി കയറ്റുമതി അനുബന്ധ സംരംഭങ്ങൾ എന്നിവയ്ക്കു മാത്രമേ അനുമതിയുള്ളൂ.

മട്ടന്നൂർ ടൗണും പരിസരവും ഉൾക്കൊള്ളുന്നത് റസിഡൻഷ്യൽ മിക്സ് സോണിലാണ്. ഇവിടെ നിയന്ത്രണങ്ങളില്ലെങ്കിലും ഭൂമി ലഭ്യത കുറവാണ്. വിമാനത്താവളത്തിനു സമീപം ഹോട്ടൽ സംരംഭങ്ങൾക്കുള്ള സാധ്യത മുന്നിൽക്കണ്ടു ഭൂമി വാങ്ങിയവരാണ് അനുമതി ലഭിക്കാതെ വലയുന്നത്. ഇക്കാര്യങ്ങൾ മനോരമ നാലു വർഷം മുൻപു തന്നെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.

വിമാനങ്ങളുടെ അറ്റകുറ്റപ്പണി:വേണം എംആർഒ സൗകര്യം
വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള വിപുലമായ സൗകര്യം (എംആർഒ) വിമാനത്താവള പരിസരത്ത് ഒരുക്കാൻ ഭൂമി ലഭ്യത തടസ്സമാവില്ല. വലിയ വിമാനങ്ങൾ ഉൾപ്പെടെ ഇറക്കാൻ സാധിക്കുന്ന റൺവേയുള്ളതും നേട്ടമാവും. ലോകത്തെ മുൻനിര വിമാനക്കമ്പനികളായ ബോയിങ്, എയർബസ് എന്നിവയിൽ നിന്നായി 1100 വിമാനങ്ങൾ വാങ്ങാനുള്ള ഓർഡറുകളാണ് ഇന്ത്യൻ വിമാനക്കമ്പനികൾ നൽകിയിരിക്കുന്നത്. എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർലൈനുകളാണു മത്സരിച്ച് വിമാനങ്ങൾ ഇന്ത്യയിൽ എത്തിക്കാനായി കരാറുകൾ ഒപ്പുവച്ചത്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽതന്നെ വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം ഒരുക്കണമെന്ന് വ്യോമയാന മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

വിമാനങ്ങളുടെ പരിശോധന, എൻജിനുകളുടെ അറ്റകുറ്റപ്പണി എന്നിവയുടെ ആഗോള ഹബ് ആയി രാജ്യത്തെ മാറ്റുമെന്നു രണ്ടു വർഷം മുൻപേ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഈ മേഖലയിൽ ഒട്ടേറെ ഇളവുകളും അനുവദിച്ചു. നികുതി നിരക്കുകളിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾക്ക് അകമഴിഞ്ഞ പിന്തുണയാണ് കേന്ദ്രസർക്കാർ നൽകുന്നത്. ഈ സാഹചര്യങ്ങളെല്ലാം പ്രയോജനപ്പെടുത്താൻ കണ്ണൂരിനു കഴിഞ്ഞാൽ ഇവിടെയും എംആർഒ സൗകര്യം ഒരുക്കാൻ സാധിക്കും. ഇത്രയേറെ ഭൂമി കൈവശമുള്ള വിമാനത്താവളങ്ങൾ രാജ്യത്ത് കുറവാണ് എന്നതും കണ്ണൂരിനു നേട്ടമാകും.

ഉടൻ വേണ്ടത്
∙ ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ
∙ കൺവൻഷൻ സെന്റർ
∙ സോളർ വൈദ്യുതി ഉൽപാദനം
∙ കാർഗോ വിമാന സർവീസ്
∙ റോഡുകളുടെ പൂർത്തീകരണം

ദീർഘകാല പദ്ധതികൾ
∙ എയർപോർട്ട് വില്ലേജ്
∙ വിമാന അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം‌
∙ വെൽനെസ് സെന്റർ
∙ എക്സിബിഷൻ സെന്റർ, ഷോപ്പിങ് സെന്റർ
∙ റെയിൽ കണക്ടിവിറ്റി

English Summary:

Present situation of Kannur International Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com