പ്രശാന്ത് ബി. നായർ ടോപ്പറാണ്, അന്നും ഇന്നും; സ്കൂളിലെ ചുമരിൽ ആ പേര് എന്നുമുണ്ടാകും
Mail This Article
നെന്മാറ പട്ടണത്തോടു ചേർന്ന പഴയ ഗ്രാമത്തിലെ വീടിന്റെ പേര് ‘പ്രതിഭ’ എന്നാണ്. ഇന്ത്യയുടെ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാനിൽ പങ്കാളിയായി പ്രഖ്യാപിക്കപ്പെട്ട പ്രശാന്ത് ബി.നായരെന്ന പ്രതിഭയുടെ വീട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശാന്തിന്റെ പേരു പ്രഖ്യാപിച്ചതോടെ ആ നാട് അഭിമാനത്തിലാണ്. വിവരമറിഞ്ഞു നാട്ടുകാർ പ്രതിഭയിൽ എത്തിയെങ്കിലും അവിടെ താമസിക്കുന്ന പ്രശാന്തിന്റെ അച്ഛൻ ബാലകൃഷ്ണൻ നായരും അമ്മ പ്രമീളയും പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്താണ്.
കെ.ബാബു എംഎൽഎ, പഞ്ചായത്ത് പ്രതിനിധികൾ, നെന്മാറ വേലക്കമ്മിറ്റി ഭാരവാഹികൾ, എകെ നഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരും സമീപത്തെ ഗവ. എൽപി സ്കൂൾ അധ്യാപകരും നാട്ടുകാരും വിവിധ മേഖലകളിലുള്ളവരും വീടിന്റെ മുറ്റത്തു നിന്ന് ആഹ്ലാദം പങ്കുവച്ചു. നാട്ടിലെത്തിയ ശേഷം വൻ സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണു നാട്ടുകാർ. പ്രശാന്തിന്റെ അച്ഛന്റെ ചിറ്റിലഞ്ചേരി വിളമ്പിൽ തറവാടും അമ്മയുടെ തിരുവഴിയാട് പൂളങ്ങാട്ട് തറവാടും ആഹ്ലാദത്തിലാണ്. അച്ഛന്റെ തറവാട്ടിലെ മണികണ്ഠസ്വാമി ക്ഷേത്രത്തിലെ ചടങ്ങുകളിൽ പലപ്പോഴും പ്രശാന്ത് പങ്കെടുക്കാറുണ്ട്. പ്രദീപ് നായർ (യുഎസ്), പ്രവീൺ നായർ (യുകെ), പ്രതിഭ (തൃശൂർ) എന്നിവരാണു പ്രശാന്തിന്റെ സഹോദരങ്ങൾ.
പ്രതിഭയുടെ മായാത്ത ചുവരെഴുത്ത്
പല്ലാവൂർ ചിന്മയ വിദ്യാലയത്തിൽ ഓരോ വർഷവും പത്താം ക്ലാസിലും പ്ലസ്ടുവിനും ഒന്നാമതെത്തിയ വിദ്യാർഥികളുടെ പേര് എഴുതിവച്ച ചുവരിൽ പ്രശാന്ത് ബി.നായർ എന്ന പേരു തിളക്കത്തോടെയുണ്ട്. 1991–1992 വർഷത്തെ പത്താം ക്ലാസ് ബാച്ചിലും 1994ലെ പ്ലസ്ടു ബാച്ചിലും സ്കൂളിൽ ഒന്നാമതായിരുന്നു പ്രശാന്ത്. പത്താം ക്ലാസിൽ 500ൽ 428 മാർക്കും പ്ലസ്ടുവിന് 455 മാർക്കും നേടിയാണ് സ്കൂളിൽ ഒന്നാം സ്ഥാനം നേടിയത്. പ്ലസ്ടുവിനു സ്കൂൾ ലീഡറായിരുന്നു. കഴിഞ്ഞ വർഷം സ്കൂൾ സന്ദർശിക്കാൻ പ്രശാന്ത് എത്തിയിരുന്നു.
എൻഎസ്എസിൽ നിന്ന് എൻഡിഎയിലേക്ക്
ഏഴു മാസമാണു പ്രശാന്ത് ബി.നായർ എൻജിനീയറിങ് ക്ലാസിൽ പഠിച്ചത്. അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജിൽ പഠിച്ചിരുന്ന ഈ ദിവസങ്ങളിലെല്ലാം എൻഡിഎ എൻട്രൻസ് എഴുതി രാഷ്ട്രസേവനം നടത്തണമെന്നായിരുന്നു പ്രശാന്തിന്റെ ആഗ്രഹമെന്ന് അന്നത്തെ സഹപാഠിയും ഇപ്പോൾ കോളജിലെ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ് വിഭാഗത്തിൽ പ്രഫസറുമായ ഡോ.ജി.വേണുഗോപാൽ പറയുന്നു. പ്ലസ്ടു കഴിഞ്ഞ് എൻഡിഎ പ്രവേശനത്തിന്റെ ഇടവേളയിലാണു കോളജിൽ ചേർന്നത്. റെയിൽവേ കോളനിയിലെ അമ്മാവന്റെ വീട്ടിൽ നിന്നാണു പഠിച്ചിരുന്നത്.
ടോപ്പറാണ്, അന്നും ഇന്നും
അന്നും പ്രശാന്ത് ടോപ്പറായിരുന്നു. ഇപ്പോൾ രാജ്യത്തിന്റെയാകെ അഭിമാനമായി’, പല്ലാവൂർ ചിന്മയ വിദ്യാലയത്തിൽ ഇംഗ്ലിഷ് പഠിപ്പിച്ച ഗിരിബാല മേനോൻ പറയുന്നു. 9, 10 ക്ലാസുകളിൽ ഇംഗ്ലിഷ് അധ്യാപികയായിരുന്നു. പന്ത്രണ്ടാം ക്ലാസിൽ ക്ലാസ് ടീച്ചറും. രക്ഷിതാക്കൾക്കൊപ്പം കുവൈത്തിലായിരുന്ന പ്രശാന്ത് അവിടെ യുദ്ധമുണ്ടായ സമയത്താണു നാട്ടിൽ വരുന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ചിന്മയയയിൽ ചേർന്നു. സ്പോർട്സിലും പഠനത്തിനുമെല്ലാം മിടുക്കനായിരുന്നു. പഠനം കഴിഞ്ഞുപോയെങ്കിലും സ്കൂളുമായി ബന്ധം പുലർത്തി. ഓരോ നേട്ടം ഉണ്ടാകുമ്പോഴും ട്രോഫിയുമെടുത്ത് അധ്യാപകരെ കാണിക്കാൻ കൊണ്ടുവരുമായിരുന്നെന്നും ഗിരിബാല മേനോൻ പറയുന്നു.
ബാസ്കറ്റ്ബോൾ താരം
പ്രശാന്ത് നല്ലൊരു ബാസ്കറ്റ്ബോൾ കളിക്കാരനായിരുന്നു. ശരിക്കു പറഞ്ഞാൽ പ്രശാന്തിനു മാത്രമായിരുന്നു സ്കൂളിൽ ബാസ്കറ്റ്ബോൾ നന്നായി അറിഞ്ഞിരുന്നത്. പക്ഷേ, അവൻ കൂട്ടുകാരെയെല്ലാം തട്ടിക്കൂട്ടിയൊരു ടീം ഉണ്ടാക്കി’, തിരുവില്വാമല സ്വദേശിയായ സഹപാഠി ബിജുരാജ് ഓർക്കുന്നു. സയൻസ് വിഷയത്തിൽ പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിലാണ് ഒരുമിച്ചു പഠിച്ചത്. നല്ല ഡിബേറ്ററും ആയിരുന്നു. പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് സ്കൂൾ ലീഡറായത്.
ഏതാനും മാസം മുൻപു സുഹൃത്തുക്കൾക്കൊപ്പം നെല്ലിയാമ്പതിയിലൊക്കെ ചുറ്റിയടിച്ചു. തുടർന്നു ഞങ്ങളെല്ലാം കൊച്ചിയിൽ ഒത്തുചേർന്നു – ബിജുരാജ് പറയുന്നു. ഇപ്പോഴും സുഹൃത്തുക്കളുമായി നല്ല ബന്ധം പ്രശാന്ത് ബി.നായർ തുടരുന്നതായി ആലത്തൂർ ഗേൾസ് ഹൈസ്കൂളിലെ അധ്യാപികയായ മൃദുല വേണുഗോപാൽ പറയുന്നു.