ADVERTISEMENT

ഗഗൻയാൻ യാത്രയ്ക്കു തിരഞ്ഞെടുക്കപ്പെട്ടവർ മാസങ്ങളായി കൃത്യമായ ഡയറ്റ് പിന്തുടരുന്നുണ്ട്. ഡയറ്റ് പ്ലാൻ തയാറാക്കുന്ന സംഘത്തിൽ നെന്മാറ വിത്തനശ്ശേരി ഗ്രാമത്തിൽ തന്നെയുള്ള ശാസ്ത്രജ്ഞൻ ഡോ.ഇ.ആർ.നന്ദീപുമുണ്ട്...

പാലക്കാട് ∙ ബഹിരാകാശ യാത്രയ്ക്കു തിരഞ്ഞെടുക്കപ്പെട്ട നാലുപേർ എന്തൊക്കെയാകും അവിടെ ചെല്ലുമ്പോൾ കഴിക്കുക? പോകുംമുൻപ് വാരിവലിച്ചു തിന്നാൻ കഴിയുമോ? ബഹിരാകാശ യാത്രയ്ക്കുള്ള പരിശീലനം, ബഹിരാകാശയാത്ര, അതിനുശേഷമുള്ള ദിവസങ്ങൾ എന്നിവയിൽ കഴിക്കേണ്ടതെല്ലാം കൃത്യമായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദ് ഐസിഎംആർ– നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനാണ് (എൻഐഎൻ) ഡയറ്റ് പ്ലാൻ തയാറാക്കുന്നത്. യാത്രാസംഘത്തെ നയിക്കുന്ന പ്രശാന്ത് ബി.നായരുടെ നെന്മാറ വിത്തനശ്ശേരി ഗ്രാമത്തിൽ തന്നെയുള്ള ശാസ്ത്രജ്ഞൻ ഡോ.ഇ.ആർ.നന്ദീപും എൻഐഎൻ സംഘത്തിലുണ്ട്.

ഗഗൻയാൻ യാത്രയ്ക്കു തിരഞ്ഞെടുക്കപ്പെട്ടവർ മാസങ്ങളായി കൃത്യമായ ഡയറ്റ് പിന്തുടരുന്നുണ്ട്. ശരീരപരിശോധന അനുസരിച്ചു വേണ്ട ഘടകങ്ങളെല്ലാം ഉൾപ്പെടുന്ന ഭക്ഷണമാണ് പരിശീലന കാലയളവിൽ നൽകുക. ഇന്ത്യൻ, കോണ്ടിനന്റൽ രീതിയിലുള്ള വെജ്, നോൺ വെജ് ഭക്ഷണങ്ങളും പഴങ്ങളും ചെറുധാന്യങ്ങളും മെനുവിലുണ്ട്. തൂക്കവും മറ്റു ശാരീരിക ഘടകങ്ങളുമെല്ലാം ഏറെക്കാലം കൃത്യമായ അളവിൽ നിലനിർത്തണം.

ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനത്തിനു (ഡിആർഡിഒ) കീഴിൽ മൈസൂരുവിൽ പ്രവർത്തിക്കുന്ന ഡിഫൻസ് ഫുഡ് റിസർച് ലബോറട്ടറിയാണ് (ഡിഎഫ്ആർഎൽ) ബഹിരാകാശയാത്രയ്ക്കു യോജിച്ച വിധം കാലറിയും ഊർജവും നൽകുന്ന ഭക്ഷണവിഭവങ്ങളുടെ മെനു തയാറാക്കുക. ആഴ്ചകളോളം കേടുകൂടാതെ സൂക്ഷിക്കാനാകുന്ന ‘റെഡി ടു ഈറ്റ്’ ഭക്ഷണമാണു ബഹിരാകാശ യാത്രയിൽ ഉണ്ടാകുക. ഭൂമിയിൽ തിരിച്ചെത്തിയാൽ മറ്റൊരു ഡയറ്റ് പ്ലാനുണ്ടാകും.

പാലക്കാട് വിത്തനശ്ശേരി വിദ്യാഭ്യാസ വകുപ്പിൽ നിന്നു വിരമിച്ച ഇ.വി.രമേഷിന്റെയും മേലാർകോട് പഞ്ചായത്തിലെ ക്ലാർക്ക് വി.എസ്.ഗീതയുടെയും മകനാണ് നന്ദീപ്. എൻഐഎൻ ഡയറക്ടർ ഡോ.ആർ.ഹേമലത, സയന്റിസ്റ്റ് ഡോ.കെ.വെങ്കിടേഷ്, നൂട്രീഷനിസ്റ്റ് ജി.വെന്നില, നീരജ എന്നിവരാണു സംഘത്തിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com