ഹൃദയത്തിൽ ചേർത്തു നിർത്തിയവർ ഇത്രയധികമോ?: ലെന അഭിമുഖം
Mail This Article
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിലാണ് താനെന്ന് ലെന. രാജ്യത്തിന് അഭിമാന ദൗത്യത്തിന്റെ ഭാഗമായ പ്രശാന്ത് ബാലകൃഷ്ണനെ വിവാഹം കഴിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ലെന പറയുന്നു. ജനുവരിയിൽ വിവാഹം കഴിഞ്ഞിട്ടും പുറത്തറിയിക്കാതിരുന്നത് അദ്ദേഹം അതീവ രഹസ്യസ്വഭാവമുള്ള ഒരു തന്ത്രപ്രധാന ദേശീയ ദൗത്യത്തിന്റെ ഭാഗമായതുകൊണ്ടാണെന്നും ലെന മനോരമ ഓൺലൈനിനോടു വ്യക്തമാക്കി.
‘‘എക്കാലവും സിനിമയിലും ജീവിതത്തിലും എന്നെ എല്ലാ രീതിയിലും പിന്തുണച്ചിട്ടുള്ളത് മലയാളികളും എന്റെ പ്രേക്ഷകരുമാണ്. സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ് എന്നെ എന്നും കണ്ടിട്ടുള്ളത്. മീഡിയയിൽ നിന്നടക്കം ഇത്രയധികം പോസിറ്റീവ് പ്രതികരണം കിട്ടുന്നത് എന്നും പ്രചോദനവും സന്തോഷവുമാണ്, അതിന് ഒരുപാട് നന്ദിയുണ്ട്.
Read more at: വിവാഹിതയായെന്നു വെളിപ്പെടുത്തി ലെന; വരൻ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത്
വിവാഹ വാർത്ത പുറത്തുവന്നതോടെ നിരവധി ആളുകളാണ് വിളിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുന്നത്. അതിൽ വളരെ അധികം സന്തോഷമുണ്ട്. ജനങ്ങള്‍ എന്നെ ഹൃദയത്തോട് ചേർത്തു നിർത്തിയതിനു നന്ദി. പ്രശാന്ത് ഗഗൻയാൻ ദൗത്യത്തിലെ പങ്കാളിയായതു കൊണ്ടാണ് വിവാഹ വാർത്ത നേരത്തേ പുറത്തുവിടാതിരുന്നത്. രാജ്യത്തിന്റെ അഭിമാന ദൗത്യത്തിൽ അദ്ദേഹത്തിനു ഭാഗമാകാൻ പറ്റിയതിൽ സന്തോഷമുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ ജീവിതത്തിൽ നടക്കുന്നത്. ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആണ്.’’ –ലെന പറഞ്ഞു
ഇപ്പോൾ കൊച്ചിയിലില്ലെന്നും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന തന്റെ പുസ്തക പ്രകാശനത്തോട് അനുബന്ധിച്ച്, വിവാഹ വിശേഷങ്ങൾ പങ്കുവയ്ക്കുമെന്നും ലെന പറഞ്ഞു.
ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിൽ അംഗമാണ് ലെനയുടെ ഭർത്താവും വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ. കഴിഞ്ഞ ജനുവരി 17 നാണ് പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്തും ലെനയും വിവാഹിതരായത്.
ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗൻയാൻ’ യാത്രികരാകാൻ പരിശീലനം നടത്തുന്ന നാലംഗ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചിരുന്നു. ദൗത്യ സംഘത്തിന്റെ തലവനാണ് പ്രശാന്ത് ബാലകൃഷ്‌ണൻ. ലെനയും ചടങ്ങിൽ പങ്കെടുത്തു.
Read more at: പ്രശാന്ത് ബി. നായർ ടോപ്പറാണ്, അന്നും ഇന്നും; സ്കൂളിലെ ചുമരിൽ ആ പേര് എന്നുമുണ്ടാകും
2025ൽ ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള ബഹിരാകാശത്തെത്തി മൂന്നു ദിവസത്തിനു ശേഷം തിരികെ ഭൂമിയിൽ എത്തുന്നതാണ് ഗഗൻയാൻ ദൗത്യം.