ADVERTISEMENT

കണ്ണൂർ ജില്ലയിൽ നിന്ന് ഇക്കുറി സിവിൽ സർവീസ് റാങ്ക് പട്ടികയി‍ൽ ഇടംനേടിയ രണ്ടു പേരുടെ വിശേഷങ്ങൾ, ലക്ഷക്കണക്കിനു പേർ ശ്രമിക്കുന്ന ലക്ഷ്യത്തിലേക്ക് അവരെത്തിയതിൽ നാടിനും അഭിമാനിക്കാം. 

കെ.സായന്ത് (701)
തലശ്ശേരി∙ സിവിൽ സർവീസ് പരീക്ഷയിൽ 701–ാം റാങ്ക് തലശ്ശേരിയിൽ. നെട്ടൂർ കുന്നോത്ത് ജ്യോതിസിൽ ജ്യോതീന്ദ്രന്റെയും സുചിത്രയുടെയും മകൻ കെ.സായന്താണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ സായന്ത് നിലവിൽ ഭോപ്പാലിൽ സശസ്ത്ര സീമാബൽ (എസ്എസ്ബി) അസിസ്റ്റന്റ് കമൻഡാന്റ് ആണ്.

തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ ബിടെക് മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കുമ്പോൾ എൻഎസ്എസ് വൊളന്റിയറായി പ്രവർത്തിച്ചിരുന്നു. അന്ന് ക്യാംപസിൽ വിവിധ മേഖലകളിലുള്ള പ്രഗത്ഭരുടെ വാക്കുകൾ കേട്ടാണ് സിവിൽ സർവീസ് മോഹം മൊട്ടിട്ടത്.

അച്ഛൻ ജ്യോതീന്ദ്രൻ മെക്കാനിക് ആണ്. സഹോദരൻ കെ.സായൂജ് ടെക്നോപാർക്കിൽ ബിസിനസ് അനലിസ്റ്റ്. പത്താം ക്ലാസ് വരെ മമ്പറം ഇംഗ്ലിഷ് മീഡിയം സ്കൂളിലും പ്ലസ് ടു പിണറായി എകെജി മെമ്മോറിയൽ ഹയർസെക്കൻഡറിയിലും ആയിരുന്നു പഠനം. ബിടെക് കഴിഞ്ഞ ഉടൻ തെലങ്കാനയിൽ എംആർഎഫ് ടയേഴ്സിൽ മെക്കാനിക്കൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. ഒരു വർഷം അവിടെ ജോലി ചെയ്തു.

ലഭിച്ച സമ്പാദ്യത്തിലൂടെയായിരുന്നു പിന്നീടുള്ള പഠനത്തിന് വഴി കണ്ടെത്തിയത്. 2022 മുതൽ തിരുവനന്തപുരത്തായിരുന്നു പരിശീലനം. രണ്ടാമത്തെ അവസരത്തിലാണ് ഈ നേട്ടം. ഐഎഎസ്, ഐപിഎസ് ആണ് ലക്ഷ്യം. ഇപ്പോഴത്തെ റാങ്കിന് അനുസരിച്ച് നിയമനം ലഭിക്കുന്ന മേഖലയിൽ ചേർന്ന് അതിനുള്ള ശ്രമം തുടരും.

529ാം റാങ്ക് നേടിയ കൊട്ടിയൂർ അമ്പായത്തോട്ടിലെ ഷിൽജ ജോസ് അച്ഛൻ പുന്നത്തറ ജോസിനും അമ്മ കത്രീനയ്ക്കുമൊപ്പം.
529ാം റാങ്ക് നേടിയ കൊട്ടിയൂർ അമ്പായത്തോട്ടിലെ ഷിൽജ ജോസ് അച്ഛൻ പുന്നത്തറ ജോസിനും അമ്മ കത്രീനയ്ക്കുമൊപ്പം.

ഷിൽജ ജോസ് (529)
പേരാവൂർ ∙ സിവിൽ സർവീസ് പരീക്ഷയിൽ 529ാം റാങ്ക് നേട്ടവുമായി കൊട്ടിയൂർ അമ്പായത്തോട്ടിലെ ഷിൽജ ജോസ്. ടിമ്പർ തൊഴിലാളിയായ പുന്നത്തറ ജോസിന്റെയും തൊഴിലുറപ്പു തൊഴിലാളിയായ കത്രീനയുടെയും ഏക മകളാണ് ഈ ബിടെക് ബിരുദധാരി. ഇരുപതു വർഷം മുൻപാണ് ഇവരുടെ കുടുംബം താഴെപാൽചുരത്തിനു സമീപം താമസം തുടങ്ങിയത്. നാലു സെന്റ് ഭൂമിയാണ് സ്വന്തമായുള്ളത്.

അമ്പായത്തോട് സെന്റ് ജോർജ് എൽപി സ്കൂളിലും അമ്പായത്തോട് യുപി സ്കൂളിലും പഠനത്തിനു ശേഷം കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് സ്കൂളിലായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. മണത്തണ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനത്തിന് ശേഷം കോഴിക്കോട് എൻഐടിയിൽ ബിടെക് മെക്കാനിക്കൽ എൻജിനീയിറിങ് പഠനം. തുടർന്നു ചെന്നൈ കാറ്റർപില്ലറിൽ ജോലിക്കു ചേർന്നു. ഈ വർഷം മുതൽ ബെംഗളൂരിലെ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ ഡിസൈനിങ് എൻജിനീയറായി സെമി കണ്ടക്ടർ വിഭാഗത്തിൽ ജോലി ചെയ്യുന്നു. 

കോളജിൽ പഠിക്കുമ്പോൾ കൂട്ടുകാർക്കൊപ്പമാണ് സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുപ്പ് തുടങ്ങിയത്. മുൻപ് മൂന്നു തവണ പരിശ്രമിച്ചിരുന്നു. നാലാം തവണ നടത്തിയ ശ്രമത്തിലാണ് റാങ്ക് നേട്ടം. പതിവായുള്ള പത്രവായന തന്നെ ഏറെ സഹായിച്ചതായി ഷിൽജ പറയുന്നു. തിരുവനന്തപുരത്തെ അക്കാദമിയിൽ പരിശീലനം നേടിയാണ് സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുത്തത്. ജോലി കഴിഞ്ഞുള്ള സമയങ്ങളിലായിരുന്നു വായനയും പഠനവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com