ADVERTISEMENT

കുമ്പള∙ ബിസ്കറ്റ് നൽകി പ്രലോഭിപ്പിച്ച് ആടിനെ വാഹനത്തിൽ കയറ്റിപ്പോയ കർണാടകയിലെ മോഷണ സംഘത്തെ പിന്തുടർന്ന് സഹോദരങ്ങൾ നടത്തിയത് ‘സിബിഐ’യെ വെല്ലുന്ന കേസന്വേഷണം. സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും ടോൾപ്ലാസ വിവരങ്ങളുമെല്ലാം ശേഖരിച്ച് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം താമസിക്കുന്ന കെ.ബി.അബ്ബാസ്, സഹോദരൻ അബ്ദുൽ ഹമീദ്, മരുമകൻ അബ്ദുൽ ഫൈസൽ എന്നിവരുടെ 4 മാസം നീണ്ട അന്വേഷണത്തിലാണ് കർണാടക ബ്രഹ്‌മാവർ രംഗ നഗറിലെ വാടക വീട്ടിൽ താമസിക്കുന്ന ശിവമൊഗ സ്വദേശി സക്കഫുല്ല(23)യെ പൊലീസ് അറസ്റ്റ് ചെയ്തത്. 

സംഘത്തിലെ പ്രധാനി റഫീഖ് എന്ന സാദിഖിനെയും നഷ്ടമായ ആടുകളെയും കിട്ടാനുണ്ടെന്ന് കുമ്പള പൊലീസും പരാതിക്കാരും പറയുന്നു.  നവംബർ 1നാണ് അബ്ബാസ് കുണ്ടങ്കാരടുക്ക ഐഎച്ച്ആർഡി കോളനി സമീപം മേയാൻ കെട്ടിയിരുന്ന അര ലക്ഷം രൂപ  വിലയുള്ള ജമ്‌നപ്യാരി മോഷണം പോയത്. ഇതുൾപ്പെടെ തന്റെ കൈവശമുള്ള 24 ആടുകളിൽ 2 ലക്ഷത്തോളം വില വരുന്ന  14എണ്ണത്തെയാണ് കാണാതായതെന്ന് അബ്ബാസ് പറഞ്ഞു. 

ബിസ്കറ്റിൽ  ലഭിച്ച തുമ്പ്
അബ്ബാസും സഹോദരനും മരുമകനും വിവിധ ഭാഗങ്ങളിലെ സിസി ടിവി ദൃശ്യം പരിശോധിച്ചപ്പോൾ ആടിനെ 13 വയസ്സ് തോന്നിക്കുന്ന കുട്ടി ബിസ്‌കറ്റ് കൊടുത്തുകൊണ്ട് പോകുന്ന ദൃശ്യം കണ്ടെത്തി. ഇതിനിടെ  അബ്ബാസിനെ ഉപ്പള സ്വദേശി മുനീർ വിളിച്ച് തന്റെ ആടിനെയും ഇതേ കുട്ടി കൊണ്ടുപോയ കാര്യം അറിയിച്ചു. തുടർന്ന് അബ്ബാസും മുനീറും ചേർന്ന് ഉപ്പളയിൽ കുട്ടിയെ പിടികൂടി മഞ്ചേശ്വരം പൊലീസിൽ ഏൽപ്പിച്ചു. പൊലീസ് കുട്ടിയുടെ മാതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. കുട്ടിക്ക് ആടിനെ വലിയ ഇഷ്ടമാണെന്നും ബിസ്കറ്റ് കൊടുക്കാറുണ്ടെന്നും മറ്റൊന്നും തനിക്ക് അറിയില്ലെന്നുമാണ് മാതാവ് പൊലീസിനോട് പറഞ്ഞത്. 

പിന്നീട് ഇതേ കുട്ടി മറ്റിടങ്ങളിൽ നിന്ന് ആടുകളെ കടത്തിക്കൊണ്ടു പോകുന്നതായി തെളിഞ്ഞതോടെ മാതാവിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് അബ്ബാസിന്റെ സുഹൃത്തിന്റെ നമ്പറിൽ നിന്ന് വിളിച്ച് കുമ്പളയിലേക്ക് വരണമെന്ന് ഇവരോട് ആവശ്യപ്പെട്ടു. യാത്രാ ചെലവിലേക്ക് 500 രൂപ അയച്ചു കൊടുക്കാൻ സ്ത്രീ മറ്റൊരാളുടെ ഗൂഗിൾ പേ നമ്പർ നൽകി. പണം അയച്ചു കൊടുത്തിട്ടും അവർ വന്നില്ല. 

ആടിനെ തേടി  കോഴിക്കടയിലേക്ക്
കുട്ടിയുടെ മാതാവിന് പണം ഗൂഗിൾ പേ ചെയ്തു നൽകിയ നമ്പർ കർണാടക ബ്രഹ്‌മാവറിലെ കോഴിക്കടയിലെ ജീവനക്കാരന്റെതാണെന്ന് പൊലീസ് സഹായത്തോടെ കണ്ടെത്തി. ഇവിടെയുള്ള കടയുടമയുമായി സംസാരിച്ചപ്പോൾ മോഷണ സംഘത്തിന്റെ വീട് കണ്ടെത്താനായി. അവിടെ മോഷണത്തിനുപയോഗിച്ചിരുന്ന കാറുകൾ കണ്ടു.

വാഹനങ്ങളുടെ നമ്പർ കുമ്പള പൊലീസ് സഹോയത്തോടെ തലപ്പാടി ടോൾ ബൂത്തിൽ പരിശോധന നടത്തിയപ്പോൾ ആടിനെ കൊണ്ടുപോയ കാർ ആ ദിവസം ടോൾ പ്ലാസയിലുടെ കടന്നുപോയതായി തെളിഞ്ഞു. കുമ്പള പൊലീസും ‌അബ്ബാസും സഹോദരനും മരുമകനും ബ്രഹ്മാവർ പൊലീസ് സഹായത്തോടെയാണ് വീട് വളഞ്ഞ് സക്കഫുല്ലയെ അറസ്റ്റ് ചെയ്തത്. ബിസ്കറ്റ് നൽകി ആടിനെ കൂട്ടിക്കൊണ്ടു പോയി കാറിലെത്തിക്കുന്ന കുട്ടി ബ്രഹ്മാവറിലെ സ്കൂളിലെ വിദ്യാർഥിയാണ്. 

മോഷണ സംഘം വക ഫ്രീ മട്ടൻ ബിരിയാണി 
മോഷണ സംഘത്തിന്റെ വീട്ടുവളപ്പിൽ 75 ആടുകൾ ഉണ്ടായിരുന്നുവെന്നും അതിൽ 5 ആടുകൾ തന്റേതാണെന്നും അബ്ബാസ് പറഞ്ഞു. ഉച്ചയ്ക്ക് 12ന് തലപ്പാടിയിൽ നിന്ന് കേരളത്തിലേക്ക് വാഹനത്തിൽ എത്തുന്ന  മോഷണ സംഘം 1.45 നും 2.15നുമിടയിലാണ് മഞ്ചേശ്വരം, കുമ്പള ഭാഗങ്ങളിൽ നിന്ന് ആട് മോഷണം നടത്തുന്നതെന്ന് അബ്ബാസ് പറയുന്നു. 

വൈകിട്ട് 4നു മുൻപ് ഇവർ തലപ്പാടിയിൽ മടങ്ങിയെത്തുന്നുവെന്നാണ് ടോൾ പ്ലാസയിൽ ലഭിച്ച ‍ദൃശ്യം വ്യക്തമാക്കുന്നത്. മോഷ്ടിച്ച ആടിനെ ഉപയോഗിച്ച് മട്ടൻ ബിരിയാണി വച്ച് മോഷണ സംഘം പ്രദേശവാസികൾക്ക് സൗജന്യമായി നൽകുന്നതും പതിവാണത്രെ.  മോഷണ സംഘത്തെ കണ്ടെത്തി പൊലീസിനെ ഏൽപ്പിക്കാൻ അബ്ബാസും സംഘവും രണ്ടായിരം കിലോമീറ്റർ യാത്ര ചെയ്തു.  28,000 രൂപയാണ് ഇതിനു ചെലവിട്ടത്.

English Summary:

Brothers conducted an investigation that will beat the 'CBI'; The regular thieves were caught

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com