ADVERTISEMENT

ചെർക്കള ∙ ‘കുട്ടികളെ വീടിനു പുറത്തേക്കു കളിക്കാൻ വിടാൻ ഭയമാണ്. കമുകിന് വെള്ളം നനക്കാനും പേടിയാണ്. ഏതു സമയത്താണ് കൂറ്റൻ കല്ലുകൾ ഉരുണ്ടുവീഴുകയെന്നു പറയാൻ കഴിയില്ല. ഉടൻ നടപടിയെടുത്തില്ലെങ്കിൽ കൃഷി മാത്രമല്ല ഞങ്ങളുടെ ജീവനും അപകടത്തിലാകും’. ചെർക്കള കുണ്ടടുക്കം തോട്ടത്തിലെ എം.സുനിൽ കുമാറിന്റെ വാക്കുകളിൽ നിന്ന് ഈ നാട്  അനുഭവിക്കുന്ന ദുരിതം വ്യക്തമാകും. 

രാഷ്ട്രീയ കക്ഷികളുൾപ്പെടെ എല്ലാവരും ദേശീയപാതാ വികസനത്തിന്റെ നേട്ടങ്ങൾ പറയുമ്പോൾ കുണ്ടടുക്കത്തെ അൻപതോളം കുടുംബങ്ങൾക്ക് പറയാനുള്ളതു അതുണ്ടാക്കിയ ദുരിതങ്ങളെക്കുറിച്ചാണ്. ചെർക്കള ടൗണിന്റെ താഴ്‌വാരത്തുള്ള പ്രദേശമാണ് കുണ്ടടുക്കം. പാർശ്വഭിത്തി നിർമിക്കാതെ, ദേശീയപാതയ്ക്കായി ലോഡ് കണക്കിന് മണ്ണ് തള്ളുന്നതിനെതിരെ  പണി തുടങ്ങുമ്പോൾ തന്നെ ഇവർ പരാതിയായി ഉന്നയിച്ചെങ്കിലും ആരും കേട്ടില്ല. കഴിഞ്ഞ മഴക്കാലത്ത് മണ്ണ് മുഴുവൻ താഴേക്ക് ഒലിച്ചിറങ്ങി തോടും കുളങ്ങളും കിണറും ഉൾപ്പെടെ നികന്നു. ചിലത് മുഴുവനായും ഇല്ലാതായി. 

കുളവും കിണറും ഇല്ലാതായി
സുനിൽ കുമാറിന്റെ തോട്ടത്തിലെ കുളം ശക്തമായ വേനലിൽ പോലും വറ്റാത്തതായിരുന്നു . ഒരു ലക്ഷം ലീറ്റർ വെള്ളം സംഭരണശേഷിയുള്ള കുളം ഇപ്പോൾ ഓർമ മാത്രമാണ്. കഴിഞ്ഞ കാലവർഷത്തിൽ ഒഴുകിയെത്തിയ മണ്ണ് നികന്നു കുളം മൂടി. തൊട്ടടുത്ത് ഉണ്ടായിരുന്ന കിണറിനും ഇതേ സ്ഥിതി. പലരുടെയും കിണറിൽ ചെളി നിറഞ്ഞു. ഇതൊക്കെ പൂർവസ്ഥിതിയിലാക്കാൻ വലിയ തുക തന്നെ വേണ്ടി വരും.ചെർക്കള ടൗണിന്റെ തൊട്ടടുത്തു നിന്ന് ഉദ്ഭവിച്ച് തെക്കിലിൽ ചന്ദ്രഗിരിപ്പുഴയിൽ ചേരുന്ന ഒരു തോടും ഇതിന്റെ കൈവഴിയായ മറ്റൊരു തോടും മണ്ണും കല്ലും നിറഞ്ഞു കിടക്കുകയാണ്. കാലവർഷത്തിനു മുൻപ് ഇതു പഴയ സ്ഥിതിയിലാക്കിയില്ലെങ്കിൽ മഴവെള്ളം മുഴുവൻ കൃഷിയിടങ്ങളിലൂടെയാകും ഒഴുകുക. ചെർക്കള ടൗണിലെ മഴവെള്ളം ഉൾപ്പെടെ ഒഴുകിയിരുന്നത് ഈ തോടുകളിലൂടെയാണ്. 

ചെർക്കള മേൽപ്പാലം നിർമാണം നടക്കുന്ന ഭാഗത്ത് പാർശ്വഭിത്തി നിർമിക്കാത്തിനാൽ കുണ്ടടുക്കം ഭാഗത്തേക്ക് മണ്ണിടിഞ്ഞ നിലയിൽ
ചെർക്കള മേൽപ്പാലം നിർമാണം നടക്കുന്ന ഭാഗത്ത് പാർശ്വഭിത്തി നിർമിക്കാത്തിനാൽ കുണ്ടടുക്കം ഭാഗത്തേക്ക് മണ്ണിടിഞ്ഞ നിലയിൽ

തള്ളിയത് ലോഡ്  കണക്കിനു മണ്ണ്
റോഡ‍ിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി ലോഡ് കണക്കിന് മണ്ണാണ് ഇവിടെ ഇട്ടത്. പാർശ്വഭിത്തി ഇല്ലാത്തതിനാൽ മഴവെള്ളത്തിനൊപ്പം ഇതും കുണ്ടടുക്കത്തേക്കു ഒഴുകുമെന്നതിൽ തർക്കമില്ല. കഴിഞ്ഞ കാലവർഷത്തെക്കാൾ വലിയ മണ്ണൊലിപ്പാകും ഇത്തവണ ഉണ്ടാകാൻ പോകുന്നത് എന്ന ആശങ്കയിലാണിവർ. കൂറ്റൻ കല്ലുകളും ഇതിലുണ്ട്. ലോറിയിൽ മണ്ണ് ഇറക്കുമ്പോൾ തന്നെ ഇതിലെ കല്ലുകൾ താഴേക്കുരുണ്ടുപോയി വീഴുന്നതു കമുകിൻ തോട്ടങ്ങളിലാണ്.കല്ലുകൾ വീണ് വലിയ കമുകുകൾ ഉൾപ്പെടെ പൊട്ടിപ്പിളർന്ന നിലയിലാണ്. ഇപ്പോൾ മണ്ണിടുന്നതിന്റെ താഴ്ഭാഗത്ത് വീടുകളില്ല. എന്നാൽ മുന്നോട്ടു പോകുന്തോറും വീടുകളുള്ള പ്രദേശമാണ്. അങ്ങനെയെങ്കിൽ വീടുകൾക്കു മുകളിലേക്കു പോലും കല്ലുകൾ വീഴാൻ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com