ADVERTISEMENT

കുണ്ടറ∙ പതിവ് തെറ്റിച്ചില്ല, ടാർ ഉണങ്ങും മുൻപ് റോഡ് കുത്തി പൊളിച്ച് ജലവിഭവ വകുപ്പ്. നവീകരണം നടക്കുന്ന പള്ളിമുക്ക് - മുളവന റോഡാണ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് പൊളിച്ചത്. മുളവന ജമാഅത്ത് മുസ്‌ലിം പള്ളിയുടെ മുന്നിലാണ് പുന്നതടം, ആൽത്തറമുകൾ ഭാഗത്തേക്ക് ജല വിതരണം ചെയ്യുന്ന പിവിസി പൈപ്പ് പൊട്ടിയത്.

പള്ളിമുക്ക് മുതൽ മുളവന വരെ ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യുന്നത് പുരോഗമിക്കുകയാണ്. ടാർ ഇട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി റോഡ് തകരുകയായിരുന്നു. ആറു വർഷത്തിൽ ഏറെയായി നവീകരണം മുടങ്ങി ജനങ്ങൾക്ക് ദുരിതമായി കിടന്ന റോഡിന്റെ ഒരു ഭാഗം ദിവസങ്ങൾക്ക് മുൻപാണ് ടാർ ചെയ്തത്. പൊതുമരാമത്ത്, ജലവിഭവ വകുപ്പുകൾ തമ്മിൽ ഏകോപനം ഇല്ലാത്തതും കരാറുകാരന്റെ അനാസ്ഥയും കാരണമാണ് റോഡ് നവീകരണം ഇത്രയും കാലം മുടങ്ങിയത്.

2018ലാണ് പള്ളിമുക്ക് - മൺറോതുരുത്ത് റോഡ് നവീകരണം ആരംഭിക്കുന്നത്. 23.9 കോടി രൂപ ചെലവിൽ 17 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ 11 കിലോമീറ്റർ മാത്രമാണ് ഇതുവരെ നവീകരിക്കാൻ കഴിഞ്ഞത്. റോഡ് നവീകരണം ആരംഭിക്കും മുൻപ് കുണ്ടറ ശുദ്ധജലവിതരണ പദ്ധതിയിലെ പൈപ്പുകൾ മാറ്റി ഗേജ് കൂടിയ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനം ആരംഭിച്ചു. 2019 നവംബറോടെ നിർമാണം പൂർത്തിയാക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാൽ സമയബന്ധിതമായി പൈപ്പുകൾ മാറ്റാൻ ജലവിഭവ വകുപ്പിന് കഴിഞ്ഞില്ല.

പൈപ്പ് മാറ്റിയിട്ടും വിവിധ കാരണങ്ങളാൽ പള്ളിമുക്ക് മുതൽ പൊട്ടിമുക്ക് വരെയുള്ള ഭാഗത്തെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പ്രതിസന്ധികൾ പരിഹരിച്ച് കഴിഞ്ഞ ആഴ്ചയാണ് ടാറിങ് ആരംഭിച്ചത്. നവീകരണത്തിന് മുൻപ് മാറ്റി സ്ഥാപിച്ച ഗേജ് കൂടിയ പൈപ്പാണ് ഇപ്പോൾ പൊട്ടിയത്. ടാറിങ്ങിനായി റോഡ് റോളർ ഓടിച്ചപ്പോൾ ഉണ്ടായ പ്രകമ്പനത്തിൽ പൈപ്പ് പൊട്ടിയത് ആകാം എന്നാണ് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ജീവനക്കാർ എത്തി പൊട്ടിയ പൈപ്പ് മാറ്റി.‍ റോഡ് പൊളിച്ച ടാർ ഇട്ട് നികത്തിയത് അല്ലാതെ ശാസ്ത്രീയമായി കുഴി മൂടിയില്ല. റോഡിന്റെ മറുഭാഗം ടാർ ചെയ്യുമ്പോൾ കുഴി മൂടി ടാർ ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com