കോട്ടയം∙ ഭിന്നശേഷിക്കാർക്ക് തൊഴിൽ അവസരം സൃഷ്ടിക്കാനുള്ള നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടു നീങ്ങുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ. രാജ്യാന്തര ഭിന്നശേഷി ദിനാചാരണത്തോട് അനുബന്ധിച്ചു മാമ്മൻ മാപ്പിള ഹാളിൽ ജില്ലാ സാമൂഹിക നീതി ഓഫിസ് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാരുടെ സാംസ്കാരികവും സാമ്പത്തികവും സാമൂഹികവുമായ ഉന്നമനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ചങ്ങനാശേരി എൻ.എസ്.എസ്. കോളജിൽ നിന്ന് 80 ശതമാനത്തോടെ എം.എ. ഇക്കണോമിക്സ് പാസായ ഭിന്നശേഷിക്കാർക്കുള്ള വിജയാമൃതം പദ്ധതി പുരസ്കാരത്തിന് അർഹനായ പ്രിൻസ് ജോസിന് മന്ത്രി ഉപഹാരം സമ്മാനിച്ചു. സഹകാരി പുരസ്കാരം പാമ്പാടി കെ.ജി. കോളജിലെ എൻഎസ്എസ് യൂണിറ്റിനും മന്ത്രി സമ്മാനിച്ചു.
ഭിന്നശേഷിക്കാരനായ സ്വാമി രാജ് താൻ വരച്ച മന്ത്രി വി.എൻ. വാസവന്റെ ചിത്രം മന്ത്രിക്ക് സമ്മാനിച്ചു. സ്വാമി രാജിന് മന്ത്രി ഉപഹാരം കൈമാറി. തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാംഗം ജയമോൾ ജോസഫ്, ജില്ലാ സാമൂഹികനീതി ഓഫിസർ വി.എ. ഷംനാദ്, ജില്ലാ സാമൂഹികനീതി ഓഫിസ് സീനിയർ സൂപ്രണ്ട് എൻ.പി. പ്രമോദ്കുമാർ, സംഘടനാ പ്രതിനിധികളായ കെ.കെ. സുരേഷ്, കെ.ജെ. പ്രസാദ്, സിസ്റ്റർ അനുപമ, കെ.കെ. സാബു, എം.കെ. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.