ADVERTISEMENT

കോട്ടയം ∙ വെള്ളം തിളപ്പിക്കാനുള്ള ചൂടാണു പകൽ. ഈ പകലിൽ കെഎസ്ആർടിസി– സ്വിഫ്റ്റ് ബസിലേക്കു യാത്രക്കാരൻ കയറിയാൽ എരിതീയിൽനിന്നു വറചട്ടിയിലേക്കു വീഴുന്ന അനുഭവമായിരിക്കും. എസി ഘടിപ്പിച്ചിട്ടില്ലാത്ത സ്വിഫ്റ്റ് ബസുകളിൽ ചുട്ടുപഴുത്തല്ലാതെ യാത്ര ചെയ്യാൻ കഴിയില്ല. വായു കയറി ഇറങ്ങുന്ന രീതിയിലല്ല ഇതിന്റെ നിർമാണമെന്നതാണു പ്രശ്നം.

ഗ്ലാസ് വിൻഡോകളാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതു പകുതി മാത്രമേ നീക്കാൻ കഴിയൂ എന്നതിനാൽ പുറത്തുനിന്നുള്ള കാറ്റിന്റെ വരവും കുറവാണ്. ചില വിൻഡോ ഗ്ലാസുകൾ അനക്കാനും പാടാണ്. ബസിന്റെ ബോഡി കൂടി പഴുക്കുന്നതോടെ ഉള്ളിലെ ചൂട് അസഹനീയമാകും. ബസ് നിർത്തിയിടുമ്പോഴാണു യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നത്. മിക്ക യാത്രക്കാരും സൂര്യപ്രകാശം വരുന്ന ദിശയുടെ എതിർഭാഗത്തുളള സീറ്റുകളാണു തിരഞ്ഞെടുക്കുന്നത്. സ്വിഫ്റ്റ് ബസുകളിൽ ദീർഘദൂര യാത്രക്കാരാണു ഭൂരിഭാഗവും.

∙ ഒരു കർട്ടനെങ്കിലും  ഉണ്ടായിരുന്നെങ്കിൽ ...
ഗ്ലാസ്‌ വിൻഡോകൾ ഘടിപ്പിച്ച സ്വകാര്യ ബസുകൾ യാത്രക്കാരുടെ സീറ്റിന്റെ മുകളിലായി ചെറിയ ഫാനുകൾ സ്ഥാപിച്ചാണു ഉള്ളിലെ ചൂടിനെ പ്രതിരോധിക്കുന്നത്. സ്വകാര്യ ദീർഘദൂര സർവീസുകൾ ഒട്ടുമിക്കതും എസിയാണ്. അല്ലാത്തവയിൽ വിൻഡോ കർട്ടൻ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ സ്വിഫ്റ്റ് ബസുകളിൽ ഡ്രൈവർ കാബിനിൽ മാത്രമാണ് ഫാനുള്ളത്. പിന്നെയുള്ളത് മുകളിലുള്ള 2 എയർവെന്റുകൾ മാത്രം. ചൂട് നിയന്ത്രിക്കാൻ സംവിധാനം ഒരുക്കാതെയുള്ള സ്വിഫ്റ്റ് ബസിലെ യാത്ര ദുരിതമാണെന്നു യാത്രക്കാർ പറയുന്നു.

∙ ഗ്ലാസിന് വഴിമാറി  ഷട്ടർ വിൻഡോ
2017 മുതലാണു ബസുകളിൽ ഗ്ലാസ് വിൻഡോകൾ നിർബന്ധമാക്കിയത്. തീ പിടിക്കാത്ത മെറ്റീരിയൽ എന്ന നിലയിലാണു ഗ്ലാസ് ഉപയോഗിക്കുന്നത്. ഗ്ലാസ്‌ വിൻഡോകൾ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലെന്നാണു പരക്കെയുള്ള വിമർശനം. ഷട്ടർ വിൻഡോകൾ വഴി ലഭിക്കുന്ന വായു സഞ്ചാരത്തിന്റെ 50% കുറവാണു ഗ്ലാസ് വിൻഡോകൾ വഴി ലഭിക്കുന്നത്. ബസുകളുടെ പിൻഭാഗത്തെ വിൻഡോകൾ വഴി വായു അകത്തേക്കു കയറി മുൻവശത്തെ വിൻഡോകൾ വഴിയാണു പുറത്തു പോകുന്നത്. ബസിന്റെ വേഗത്തിനനുസരിച്ചു വായു സഞ്ചാരത്തിന്റെ വേഗം കൂടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com