കഴുത്ത് അല്ലെങ്കിൽ കാൽ; ചിലന്തി വല വിരിച്ചതുപോലെ കേബിളുകൾ: ആകെ അപകടക്കെണി
![cable--gif കാൽനടയാത്രികർക്കും വാഹനയാത്രികർക്കും ഒരുപോലെ ഭീഷണിയായി ഒട്ടേറെ കേബിളുകളുകളാണ് കോഴിക്കോട് നഗരത്തിലുള്ളത്. നടപ്പാതയിലുള്ളവ കാരണം കാൽനടയാത്രികർ ഇതിൽ തട്ടി വീഴുന്നതും പതിവാണ്. ചിലത് വാഹനങ്ങളിൽ കുരുങ്ങി അപകടങ്ങൾ ഉണ്ടാകാൻ തക്കവണ്ണം അലക്ഷ്യമായി തൂക്കിയിട്ടിരിക്കുകയുമാണ്. 1) അരയിടത്തുപാലം ജംക്ഷനില് അപകടഭീഷണി ഉയർത്തുന്ന കേബിളുകൾ. 2) മാവൂർ റോഡിൽ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനു എതിർവശത്തെ നടപ്പാതയിൽ അപകടഭീഷണി ഉയർത്തുന്ന കേബിൾ. 3) ഇംഗ്ലിഷ് പള്ളിക്കു സമീപം കണ്ണൂർ റോഡിൽ പൊട്ടി വീണ കേബിൾ. ചിത്രങ്ങൾ/മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/district-news/kozhikode/images/2024/3/26/cable-.gif?w=1120&h=583)
Mail This Article
കോഴിക്കോട് ∙ കേബിളുകൾ കുരുക്കിട്ട നഗരമാണ് കോഴിക്കോട്. റോഡിലൂടെ നടക്കുമ്പോൾ ഇരുവശത്തേക്കും ഒന്ന് തലയുയർത്തി നോക്കൂ. ചിലന്തി വല വിരിച്ചതുപോലെ പലതരം കേബിളുകൾ. പോസ്റ്റുകൾക്കു മുകളിൽ പത്തും ഇരുപതും മീറ്റർ കേബിളുകൾ വട്ടത്തിൽ ചുരുട്ടി തൂക്കിയിട്ടിരിക്കുന്നു. നടവഴികളിൽ പലയിടത്തും കേബിളുകൾ തൂങ്ങിക്കിടക്കുന്നു. ഇവയിൽ വൈദ്യുതിക്കമ്പികൾ മുതൽ ഡേറ്റാ കേബിളുകൾ വരെ പലതരം ഉണ്ട്. ഒരു നിമിഷത്തെ അശ്രദ്ധ മതി, പലരുടെയും ജീവിതത്തിൽ ഇരുട്ടു പടരാൻ. കരുനാഗപ്പള്ളിയിൽ റോഡരികിൽ തൂങ്ങിക്കിടന്ന കേബിൾ തടിലോറിയിൽ കുടുങ്ങുകയും സ്കൂട്ടർ യാത്രക്കാരി ആ കേബിളിൽ കുരുങ്ങി അപകടത്തിൽ പെടുകയും ചെയ്തതു കഴിഞ്ഞ ദിവസമാണ്.
മാവൂർ റോഡിൽ കൈരളി –ശ്രീ തിയറ്ററുകൾക്കു സമീപം സീബ്രാ ക്രോസിന് അടുത്ത് നടപ്പാതയിൽ കേബിളുകൾ കെട്ടുപിണഞ്ഞ് തൂങ്ങിക്കിടക്കുകയാണ്. നടന്നുപോകുന്ന മനുഷ്യരുടെ തലയുടെ അതേ ഉയരത്തിലാണ് ഇവ. പലയിടത്തും കേബിളുകൾ തൂങ്ങിയാടുന്നുമുണ്ട്. മാവൂർ റോഡിൽ പുതിയ സ്റ്റാൻഡിന് എതിർവശത്ത് ജാഫർഖാൻ കോളനി റോഡിലേക്ക് തിരിയുന്ന ഭാഗത്ത് കേബിളുകൾ റോഡിൽ മുട്ടിയാണു വീണു കിടക്കുന്നത്. ഇതും സീബ്രാ ക്രോസിനു സമീപത്താണ്. ഒന്നു കാലുടക്കിയാൽ അതുവഴി വരുന്ന വാഹനത്തിനു മുന്നിലേക്കായിരിക്കാം തെറിച്ചു വീഴുന്നത്.
മാവൂർ റോഡ് അരയിടത്തുപാലം ജംക്‌ഷനിൽ എരഞ്ഞിപ്പാലത്തേക്കുള്ള മിനി ബൈപാസിലേക്ക് തിരിയുന്ന ഭാഗത്ത് വർഷങ്ങളായി റോഡരികിലാണു കേബിളുകൾ കിടക്കുന്നത്. നടക്കാവ് ഇംഗ്ലിഷ് പള്ളിക്കു സമീപം പെട്രോൾ പമ്പിന് എതിർവശത്ത് കേബിളുകൾ പൊട്ടി റോഡിലേക്ക് കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി പല വാഹനങ്ങളും ഇതിനു മുകളിലുടെ കയറിയിറങ്ങിയിട്ടുണ്ട്. നടപ്പാതയിലൂടെ പോകുന്ന ആളുകളുടെ കാലു കുരുങ്ങാറുമുണ്ട്. അപകടമുണ്ടാകുന്നതുവരെ കാത്തുനിൽക്കാതെ അധികൃതർ നഗരത്തിലെ റോഡരികുകളിലെ കേബിൾ കുരുക്കുകൾ അഴിച്ചെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.