തിരൂർ ∙ പച്ചക്കൊടികൾ വീശി ആവേശത്തിന്റെ ചൂളം വിളിച്ച് ചെന്നൈയിലേക്ക് സ്പെഷൽ ട്രെയിൻ മുസ്ലിം ലീഗ് പ്രവർത്തകരുമായി ഇന്നലെ രാത്രി ചെന്നൈയിലേക്ക് യാത്ര പുറപ്പെട്ടു. പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനുള്ള പ്രവർത്തകരായിരുന്നു ട്രെയിൻ നിറയെ. സമ്മേളന നഗരിയിലേക്ക് പ്രവർത്തകർക്കെത്താൻ ഒരു ട്രെയിൻ തന്നെ വാടകയ്ക്ക് എടുക്കുകയായിരുന്നു.
Also read: 60 ലക്ഷം രൂപയ്ക്ക് ട്രെയിൻ വാടകയ്ക്ക് എടുത്ത് ചെന്നൈയിലേക്ക്; 19 സ്ലീപ്പർ കോച്ചുകൾ, 3 എസി കോച്ച്

കോഴിക്കോട് വിട്ടാൽ തിരൂരിലും പിന്നെ പാലക്കാട്ടുമാണ് സ്റ്റോപ്പുണ്ടായിരുന്നത്. 7.25ന് ട്രെയിൻ എത്തുന്നതിനു വളരെ മുൻപേ തിരൂരിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോം പച്ചക്കടലായി. പിന്നെ വണ്ടിക്കായുള്ള കാത്തിരിപ്പ്. അര മണിക്കൂർ വൈകിയാണ് ട്രെയിനെത്തിയത്. 06901 ചെന്നൈ സ്പെഷൽ ട്രെയിൻ ഏതാനും നിമിഷങ്ങൾക്കകം തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുമെന്ന അറിയിപ്പ് വന്നതോടെ പലരും ആർപ്പുവിളിച്ചു.
ദൂരെ നിന്നേ പച്ച നിറത്തിലുള്ള എൻജിൻ കണ്ടതോടെ കയ്യിലുള്ള കൊടികൾ ഉയർത്തി മുദ്രാവാക്യം വിളികളും ഉയർന്നു തുടങ്ങി. ട്രെയിൻ നിന്നതോടെ ഉള്ളിൽ ഉണ്ടായിരുന്നവരും ഉറക്കെ മുദ്രാവാക്യം വിളിച്ച് ഇവരെ സ്വീകരിച്ചു. വൈറ്റ് ഗാർഡ് പ്രവർത്തകരെത്തി യാത്രക്കാരെയെല്ലാം ട്രെയിനിൽ കയറ്റിയതോടെ വണ്ടി നീങ്ങിത്തുടങ്ങി. എന്നിട്ടും മുദ്രാവാക്യം വിളികളോ ആവേശമോ നിലച്ചിരുന്നില്ല. ഇന്ന് രാവിലെ 8ന് എഗ്മോറിൽ വണ്ടിയെത്തും. രാത്രി 10.20ന് ഇതേ വണ്ടിയിൽ പ്രവർത്തകർ ചെന്നൈയിൽനിന്ന് തിരിക്കും. നാളെ രാവിലെ 9.15ന് തിരൂരിലെത്തും.