അവഗണനയിൽ മുങ്ങി മിനി പമ്പ ടൂറിസം പദ്ധതി; പുൽക്കാട് നിറഞ്ഞ് കാലുകുത്താൻ കഴിയാതെ കടവുകൾ
Mail This Article
കുറ്റിപ്പുറം ∙ നൂറുകണക്കിന് തീർഥാടകരും നാട്ടുകാരും കുളിച്ചിരുന്ന കടവുകൾ കണ്ടാലറിയാം. മിനിപമ്പ തീർഥാടന ടൂറിസം പദ്ധതി അവഗണനയുടെ ആഴങ്ങളിൽ മുങ്ങിത്താഴ്ന്നെന്ന്. പുൽക്കാട് നിറഞ്ഞ് കാലുകുത്താൻ കഴിയാത്ത കടവുകൾ. വൃത്തിഹീനമായ ചവിട്ടുപടികൾ. പ്രവർത്തനരഹിതമായ ഷവർബാത്ത് സംവിധാനം, കാര്യക്ഷമമായി പരിപാലിക്കാതെ കിടക്കുന്ന ശുചിമുറി സംവിധാനം. തുരുമ്പെടുത്ത് നശിക്കുന്ന രക്ഷാബോട്ടുകൾ.
വർഷങ്ങളായി അടഞ്ഞുകിടക്കുന്ന കച്ചവട സ്റ്റാളുകൾ. മിനിപമ്പയിൽ യാഥാർഥ്യമാക്കിയ സംവിധാനങ്ങളെല്ലാം അധികൃതരുടെ അനാസ്ഥയിൽ നശിക്കുകയാണ്. മിനിപമ്പയിൽ 2 കുളിക്കടവുകളാണുള്ളത്. എല്ലാ വർഷവും കടവ് ശുചീകരിക്കാറുണ്ട്. കോൺക്രീറ്റ് വേലികൾക്ക് അപ്പുറത്ത് ഏതാനും വർഷം മുൻപ് 10 ലക്ഷം രൂപ ചെലവിട്ട് ഇരുമ്പുകമ്പികൾ ഉപയോഗിച്ച് മറ്റൊരു സുരക്ഷാവേലികൾ അടക്കം സ്ഥാപിച്ചിരുന്നു. ഇതെല്ലാം നശിച്ചു.
പ്രദേശവാസികൾക്കുപോലും കുളിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. ടൂറിസം വകുപ്പിൽനിന്നും എംഎൽഎ ഫണ്ടിൽനിന്നുമുള്ള പണം ഉപയോഗിച്ച് ഘട്ടംഘട്ടമായി വികസിപ്പിച്ച പദ്ധതിയാണ് ആരും തിരിഞ്ഞുനോക്കാനില്ലാതെ നശിക്കുന്നത്. 2 ലൈഫ് ഗാർഡുകളും ശുചീകരണ തൊളിലാളിയും ഉണ്ടെങ്കിലും സന്ദർശകരെ ഇവിടേക്ക് ആകർഷിക്കാനുള്ള ക്രമീകരണങ്ങളൊന്നും അധികൃതർ ഒരുക്കുന്നില്ല.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലുള്ള മിനിപമ്പ ഇപ്പോഴും ശബരിമല തീർഥാടകരുടെ ഔദ്യോഗിക ഇടത്താവളം എന്ന പദവി അലങ്കരിക്കുന്നുണ്ട്. എന്നാൽ സംവിധാനം ഉപകാരപ്പെടുന്നില്ല. തൊട്ടടുത്ത് ആറുവരിപ്പാത യാഥാർഥ്യമാകുമ്പോൾ മിനിപമ്പയുടെ പ്രധാന്യം ഏറുമെന്ന തിരിച്ചറിവ് അധികൃതർക്കുണ്ടാകണം.