തിരുനാവായയിൽ വന്നാൽ നൂറ് ട്രെയിൻ കാണാം; പക്ഷേ കയറാൻ പറ്റില്ല !
Mail This Article
തിരുനാവായ ∙ നിളയുടെ തീരത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് തിരുനാവായ. പേരുണ്ടെങ്കിലും വികസനം ഒട്ടുമില്ലെന്നതാണ് സ്ഥിതി. മുൻപിലെ പാളത്തിലൂടെ നൂറിലേറെ ട്രെയിനുകളാണ് പാഞ്ഞുപോകുന്നത്. എന്നാൽ ഇവിടെ നിർത്തുന്നത്, ഇരുവശത്തേക്കുമായി 12 ട്രെയിനുകൾ മാത്രമാണ്. മറ്റു വണ്ടികളിൽ കയറാൻ ഇവിടെയുള്ളവർ തിരൂരിലോ, കുറ്റിപ്പുറത്തോ എത്തണം. ഏതോ കാലത്തു നിർമിച്ച പ്രധാന കെട്ടിടം തന്നെയാണ് ഇപ്പോഴും ഇവിടെയുള്ളത്. ഈ കെട്ടിടത്തിനു നവീകരണം നടത്താൻ പോലും അധികൃതർ ഇതുവരെ തയാറായിട്ടില്ല.
2 പ്ലാറ്റ്ഫോമുകളിലും വെയിൽ കൊള്ളാതെ നിൽക്കാൻ ഷെൽറ്റർ പോലുമില്ല. വർഷങ്ങൾക്കു മുൻപ് ഇവിടെ ഷെൽറ്റർ നിർമാണം തുടങ്ങിയെങ്കിലും ഷീറ്റുകൾ വിരിക്കാതെ ഇതു പാതിയായിക്കിടക്കുകയാണ്. പ്ലാറ്റ്ഫോമിൽ ഇരിപ്പിടങ്ങളുമില്ല. ട്രെയിനിൽ കയറാൻ പോലും സാധിക്കാത്ത തരത്തിൽ ഉയരം കുറഞ്ഞ പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്. ഇക്കാര്യത്തിൽ വർഷങ്ങളായുള്ള പ്രതിഷേധം കാരണം കഴിഞ്ഞ ദിവസം ഇവിടെ ഒരു ഭാഗത്തെ പ്ലാറ്റ്ഫോമിന്റെ കുറച്ചു ഭാഗത്ത് ഉയരം കൂട്ടുന്ന പ്രവൃത്തി നടക്കുന്നുണ്ട്.ഇവിടെ കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ് നൽകുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.