വൺവേ തെറ്റിച്ചോടി സർക്കാർ വാഹനങ്ങൾ; ഇതു കണ്ട് മറ്റു വാഹനങ്ങളും നിയമം ലംഘിക്കുന്നു

Mail This Article
ഇട്ടിയപ്പാറ ∙ വൺവേ തെറ്റിച്ച് സർക്കാർ വാഹനങ്ങളും ഓടുന്നു, ഇതു കണ്ട് മറ്റു വാഹനങ്ങളും അവയെ പിന്തുടരുകയാണെന്നും പരാതി. ഇട്ടിയപ്പാറ ടൗണിലെ കാഴ്ചയാണിത്. വൺവേ ആരംഭിച്ചതു മുതൽ അഗ്നിരക്ഷാ യൂണിറ്റ്, ആംബുലൻസ് എന്നിവ മാത്രമാണ് കാവുങ്കൽപടി ജംക്‌ഷനിൽനിന്ന് നേരിട്ട് ഇട്ടിയപ്പാറ വഴി പോയിരുന്നത്. എന്നാൽ, ഇപ്പോൾ മറ്റു സർക്കാർ വാഹനങ്ങളും അനിയന്ത്രിതമായി വൺവേ തെറ്റിച്ചോടുകയാണ്. വേലി തന്നെ വിളവു തിന്നുമ്പോൾ കാഴ്ചക്കാരും ഇതേ പാത പിന്തുടരുന്നു.
മാമുക്കിൽ നിന്നെത്തുന്ന വാഹനങ്ങൾ കാവുങ്കൽപടിയിൽ നിന്ന് തിരിഞ്ഞ് കണ്ടനാട്ടുപടി, ഇട്ടിയപ്പാറ ബൈപാസ് വഴി മിനർവപടിയിലെത്തിയാണ് ചെത്തോങ്കര, ഇട്ടിയപ്പാറ ഭാഗങ്ങളിലേക്കു പോകേണ്ടത്. എന്നാൽ, ഇതു ലംഘിച്ച് മിക്ക വാഹനങ്ങളും നേരിട്ട് ഇട്ടിയപ്പാറയ്ക്കു പോകുന്നു. ഇത്തരത്തിൽ ഓടുന്ന വാഹനങ്ങൾ അപകടത്തിൽപെട്ടാൽ യാത്രക്കാർക്കും വാഹനത്തിനും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിലൂടെ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ അപകടത്തിൽപെട്ടാലും ഇതേ സ്ഥിതിയാണ്.
തിരുവല്ല, ചെറുകോൽപുഴ ഭാഗങ്ങളിൽനിന്ന് റാന്നിയിലേക്കു സർവീസ് നടത്തുന്ന ബസുകളിൽ പലതും പിജെടി ജംക്‌ഷനിൽ യാത്രക്കാരെ ഇറക്കിയ ശേഷം നേരിട്ട് കണ്ടനാട്ടുപടി വഴി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലെത്തുന്നുണ്ട്. ഇത്തരത്തിൽ ഓടുന്ന ബസുകൾ 2 തരത്തിലുള്ള നിയമ ലംഘനങ്ങളാണു നടത്തുന്നത്.
റാന്നിയിലെത്തുന്നതും പുറപ്പെടുന്നതുമായ എല്ലാ ബസുകളും വരുമ്പോഴും പോകുമ്പോഴും പെരുമ്പുഴ ബസ് സ്റ്റാൻഡിലെത്തണമെന്ന ഹൈക്കോടതി വിധിയും സർക്കാർ ഉത്തരവുമുണ്ട്. അതും വൺവേയും ലംഘിച്ചാണ് ഓട്ടം. ഇത്തരത്തിൽ ഓടുന്ന ബസുകൾ പിജെടി ജംക്‌ഷനും കാവുങ്കൽപടി ബൈപാസിനും മധ്യേ അപകടത്തിൽപെട്ടാലും യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ കിട്ടില്ല. ഇതെല്ലാം പൊലീസിനും മോട്ടർ വാഹന വകുപ്പിനും അറിയാമെങ്കിലും നിയമം ലംഘിക്കുന്നവരുടെ പേരിൽ നടപടിയുണ്ടാകുന്നില്ല.