‘അപ്പായേ, ഒന്നെഴുന്നേൽക്ക് അപ്പാ.. മോളല്ലേ വിളിക്കുന്നത്, കണ്ണ് തുറക്ക്...’; സങ്കടക്കടലിൽ ബിജുവിന് കണ്ണീർവിട
Mail This Article
തുലാപ്പള്ളി ∙ ‘അപ്പായേ... ഒന്നെഴുന്നേൽക്ക് അപ്പാ... മോളല്ലേ വിളിക്കുന്നത്... കണ്ണ് തുറക്ക്...’ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജു മാത്യുവിന്റെ മൃതദേഹം വീട്ടിൽനിന്ന് എടുക്കുന്നതിനു മുന്നോടിയായി അന്ത്യചുംബനം നൽകുന്നതിനിടെ മകൾ ബിൻസിയുടെ വാവിട്ട കരച്ചിൽ കേട്ടുനിന്നവരെയും കണ്ണീരണിയിച്ചു. ബിജുവിന്റെ ഭാര്യ ഡെയ്സി, മക്കളായ ബിൻസൺ, ബിജോ എന്നിവരെ ആശ്വസിപ്പിക്കാൻ കഴിയാത്ത വിധം സങ്കടത്തിലായിരുന്നു പിആർസി മല നിവാസികൾ. നാടിന്റെ പ്രിയങ്കരനായ വട്ടപ്പാറ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ ബിജുവിന്റെ വിയോഗം കുടിയേറ്റ ഗ്രാമത്തിലെ ഓരോ കുടുംബത്തെയും അത്രയേറെ തളർത്തിയിരുന്നു. അത്രയ്ക്കും ആത്മബന്ധമായിരുന്നു ബിജുവിന് നാടിനോട്.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ഒന്നരയ്ക്കു വീടിനു സമീപമെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബിജുവിനെ ആന കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെ ഏഴരയോടെ ബിജുവിന്റെ മൃതദേഹവും വഹിച്ച് ആംബുലൻസ് പിആർസി മലയിൽ എത്തിയപ്പോഴേക്കും വീടും പരിസരവും ആളുകളാൽ നിറഞ്ഞിരുന്നു. വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം 8.15നു മൃതദേഹം വഹിച്ചുള്ള പേടകം തുലാപ്പള്ളി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിലേക്കു തിരിച്ചു. വട്ടപ്പാറ ജംക്‌ഷനിൽ വൻ ജനാവലി കാത്തു നിൽപ്പുണ്ടായിരുന്നു. ഇവിടെ നിന്ന് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു അന്ത്യയാത്ര. മാർത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിലാണ് സംസ്കാര ശുശ്രൂഷകൾ നടന്നത്. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, മാത്യൂസ് മാർ സെറാഫിം എന്നിവർ സഹകാർമികത്വം വഹിച്ചു. 12.30ന് സംസ്കാര ചടങ്ങുകൾ പൂർത്തിയായി.
ആന്റോ ആന്റണി എംപി, എംഎൽഎമാരായ പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, മാർത്തോമ്മാ സഭാ സെക്രട്ടറി റവ. എബി ടി.മാമ്മൻ, റവ. മാത്യു വർഗീസ്, ഫാ.സെബിൻ ഉള്ളാട്ടിൽ, ഫാ. ജയിംസ് കൊല്ലംപറമ്പിൽ, ഫാ. സ്കോട്ട് സ്ലീബാ പുളിമൂടൻ, തുലാപ്പള്ളി സെന്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി റവ. എബിൻ തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഏബ്രഹാം, വാർഡ് അംഗം സിബി അഴകത്ത്, ഹിൽ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ബി.അജി, പമ്പാവാലി സംരക്ഷണ സമിതി ചെയർമാൻ പി.ജെ.സെബാസ്റ്റ്യൻ, പെരുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ശ്രീകല, ആലിച്ചൻ ആറൊന്നിൽ, രാജീവ് വർഗീസ്, കെ.എം മാത്യു, റിൻസി, മറിയാമ്മ സണ്ണി, ജിജി മോൾ സണ്ണി എന്നിവർ അനുശോചനം രേഖപ്പെടുത്തി. റാന്നി ഡിഎഫ്ഒ ജയകുമാർ ശർമയുടെ നേതൃത്വത്തിൽ വനപാലകരും, റാന്നി ഡിവൈഎസ്പി ആർ.ബിനുവിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരും അന്ത്യാഞ്ജലി അർപ്പിച്ചു. ബിജുവിനോടുള്ള ആദരസൂചകമായി വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടന്നു. വട്ടപ്പാറ ജംക്‌ഷനിലെ ഓട്ടോറിക്ഷകളും ഓടിയില്ല.