ADVERTISEMENT

തിരുവനന്തപുരം∙ പതിനഞ്ചാം വയസ്സു മുതൽ തുഴ പിടിച്ചു തഴമ്പിച്ച കയ്യിലേക്കാണു റഷ്യൻ പട്ടാളം തോക്കെടുത്തുവച്ചത്. മൂന്നാഴ്ച പരിശീലനം കിട്ടിയെങ്കിലും മറ്റൊരാളുടെ നെഞ്ചിലേക്കു തോക്കു ചൂണ്ടി കാഞ്ചിവലിക്കാനുള്ള മനക്കരുത്തില്ലായിരുന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട്, കുടുങ്ങിപ്പോയതിന്റെ ഗതികേടിലാണു റഷ്യൻ പട്ടാളക്കാരന്റെ വേഷം കെട്ടേണ്ടിവന്നതെന്ന് ഇന്നലെ നാട്ടിൽ തിരിച്ചെത്തിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ പറയുന്നു.

സെക്യൂരിറ്റി ജോലിക്ക് എന്ന പേരിലാണു കൊണ്ടുപോയതെങ്കിലും മൂന്നാംദിനം സൈനികരുടെ പരിശീലന ക്യാംപിലെത്തിച്ചതോടെ കാര്യങ്ങൾ ബോധ്യമായി. ഫോണും പാസ്പോർട്ടും അവർ കൈക്കലാക്കി. അനുസരിക്കുകയല്ലാതെ മാർഗമില്ലായിരുന്നു. തോക്കും ഗ്രനേഡുമെല്ലാം ഉപയോഗിക്കാൻ പരിശീലിച്ചു. ബന്ധുക്കളായ വിനീതിനും ടിനുവിനുമൊപ്പമാണു പോയതെങ്കിലും യുക്രെയ്നിലേക്ക് അയച്ചപ്പോൾ ടിനുവിനെ മറ്റൊരു സംഘത്തിലാക്കി.

എകെ 47 തോക്ക്, അഞ്ചു ബോംബ്, അഞ്ചു വെടിയുണ്ടയുറ (മാഗസിൻ), ഒരു സ്മോക്കർ എന്നിവ ദേഹത്തു ഘടിപ്പിച്ചാണു ടാങ്കിൽ കയറ്റിയത്. 15 മിനിറ്റ് ടാങ്കിൽ സഞ്ചരിച്ചിട്ടുണ്ടാകും. നേരെ മുൻപിൽ യുക്രെയ്ൻ സൈന്യം. തോക്കെടുത്തെങ്കിലും തോക്കിന്റെ ബെൽറ്റ് ടാങ്കിൽ കൊളുത്തിയതിനാൽ വെടിവയ്ക്കാനായില്ല. അപ്പോഴേക്കും ടാങ്കിൽ ഉരസിയെത്തിയ ഒരു വെടിയുണ്ട മുഖത്തു തറച്ചു. കുഴഞ്ഞുവീണത് ഒരു മൃതദേഹത്തിന്റെ പുറത്ത്. ഇതിനിടയിൽ ഗ്രനേഡ് കാലിൽ പതിച്ചു. മുഖമാകെ ചോര പൊതിഞ്ഞെങ്കിലും തലയില്ലാത്ത മൃതദേഹങ്ങൾ അവിടവിടെയായി കിടക്കുന്നതു കാണാമായിരുന്നു. 

കയ്യിൽ കിട്ടിയാൽ യുക്രെയ്ൻ സൈന്യം അരുംകൊല ചെയ്യുമെന്നു റഷ്യൻ സൈന്യം പറഞ്ഞതോർത്തു. രക്ഷപ്പെടാൻ ഒരിടം തിരയുമ്പോഴാണു വിനീതിന്റെ ഞരക്കം കേട്ടത്. അൽപമകലെ ഒരു കിടങ്ങിൽ (ട്രഞ്ച്) കിടക്കുകയാണ്. അവിടേക്ക് ഇഴഞ്ഞുനീങ്ങി. അപ്പോഴേക്കും രാത്രിയായി. ദാഹിച്ചു തൊണ്ട വരണ്ടു. ഒരു തുള്ളി വെള്ളം കയ്യിലില്ല. കഴിക്കാൻ ഒരു പാക്കറ്റ് ബിസ്കറ്റ് കയ്യിലെടുത്തിരുന്നെങ്കിലും ശരീരത്തിൽ യുദ്ധസാമഗ്രികളുടെ ഭാരം കാരണം അതു വഴിയിൽ ഉപേക്ഷിച്ചിരുന്നു. വേദനയും ദാഹവും സഹിച്ച് രാത്രി മുഴുവൻ കിടങ്ങിൽ കഴിഞ്ഞു. റഷ്യൻ സൈനിക ക്യാംപിലേക്കുള്ളതായിരുന്നു കിടങ്ങ്.

റഷ്യയിൽ നിന്ന് ഇന്നലെ രാത്രിയിൽ തിരിച്ചെത്തിയ ഡേവിഡ് മുത്തപ്പൻ തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ ബന്ധുവിനെ‍ാപ്പം. ചിത്രം: മനോരമ
റഷ്യയിൽ നിന്ന് ഇന്നലെ രാത്രിയിൽ തിരിച്ചെത്തിയ ഡേവിഡ് മുത്തപ്പൻ തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷനിൽ ബന്ധുവിനെ‍ാപ്പം. ചിത്രം: മനോരമ

പിറ്റേന്നു വെളിച്ചമായപ്പോൾ അതുവഴി ഇഴഞ്ഞു നീങ്ങി. കാലിനും തലയ്ക്കും വല്ലാത്ത ഭാരമായിരുന്നു. ക്യാംപിലെത്താൻ മൂന്നു കിലോമീറ്ററോളം ഇരുവരും ഇഴഞ്ഞു. റഷ്യൻ സൈന്യം സ്ട്രെച്ചറിൽ കയറ്റി വാഹനത്തിൽ സൈനിക ആശുപത്രിയിലെത്തിച്ചു.  വെടിയുണ്ട കീറി ഡോക്ടർ പുറത്തെടുത്തപ്പോഴാണ് ഒരു ദിവസം മുഴുവൻ തലയിൽ വെടിയുണ്ടയുമായാണു കഴിഞ്ഞതെന്നു പ്രിൻസ് തിരിച്ചറിഞ്ഞത്. താൽക്കാലിക യാത്രാരേഖകളുമായി ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ഒരു പകൽ മുഴുവൻ വിവിധ ഏജൻസികളുടെ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും വിധേയനാകേണ്ടിവന്നു. കേസ് സിബിഐ അന്വേഷിക്കുന്നതിനാൽ നിയമ നടപടികൾ ഇനിയും ബാക്കിയുണ്ട്. 

ജീവിക്കാൻ വീണ്ടും കടലിലേക്ക്
‘‘ പത്താം ക്ലാസ് കഴിഞ്ഞയുടൻ കടലിൽ പണിക്കിറങ്ങിയതാണ്. രക്ഷപ്പെടാൻ പല വഴിയും നോക്കി. ഒരുതവണ ഗൾഫിൽ പോയെങ്കിലും കോവിഡ് പ്രതിസന്ധിയിൽ തിരിച്ചുപോരേണ്ടിവന്നു. അവസാന അവസരമായിരുന്നു റഷ്യ. ജീവിക്കാൻ ഇനി വീണ്ടും കടലിലേക്ക് ഇറങ്ങുകയാണ്. റഷ്യൻ സൈന്യം അനുവദിച്ച 30 ദിവസത്തെ അവധിക്കിടയിലാണ് എംബസിയെ സമീപിച്ചു യാത്രാ രേഖകൾ സംഘടിപ്പിച്ചു നാട്ടിലെത്തിയത്. അവധി നാളെ  തീരുകയാണ്. താൻ നാട്ടിലെത്തിയതു മനസ്സിലാക്കി റഷ്യൻ സൈന്യം ടിനുവിനെയും വിനീതിനെയും അവിടെ തടഞ്ഞുവയ്ക്കുമോ എന്നതാണ്  ആശങ്ക. അവർ കൂടി നാട്ടിലെത്താതെ ആശ്വസിക്കാനാകില്ല.’’– പ്രിൻസ് പറയുന്നു.

പ്രിൻസ് തിരിച്ചെത്തിയതിൽ ആശ്വസിക്കുമ്പോഴും, ടിനുവിനെയും വിനീതിനെയും ഓർത്തുള്ള അങ്കലാപ്പ് കുടുംബത്തിലാകെയുണ്ട്. പ്രിൻസിന്റെ അമ്മയുടെ സഹോദരി പനിയമ്മയുടെയും സിൽവയുടെ മകനാണു വിനീത് (22). പ്രിൻസിന്റെ പിതൃസഹോദരി ബിന്ദുവിന്റെയും പരേതനായ പനിയടിമയുടെയും മകനാണു ടിനു (25). ഇരുവരും യുക്രെയ്ൻ അതിർത്തിയിൽ അഞ്ചു കിലോമീറ്റർ അകലത്തിലുണ്ടെന്ന വിവരം പ്രിൻസിനുണ്ട്. ഏതു നിമിഷവും യുദ്ധത്തിന് ഇറങ്ങണമെന്നതാണു സ്ഥിതി. വിനീതുമായി ഇടയ്ക്കു ഫോണിൽ ബന്ധപ്പെടാനാകുന്നുണ്ട്. പ്രിൻസിനെ കാണാനായി ഇരുവരുടെയും അമ്മമാരും സഹോദരിമാരും എത്തിയിരുന്നു. ഇവരെ കബളിപ്പിച്ച നാട്ടിലെ ഏജന്റ് തുമ്പ സ്വദേശി പ്രിയൻ എന്ന യേശുദാസൻ, പ്രിയനെ പരിചയപ്പെടുത്തിയ ടോമി, റഷ്യൻ പൗരനും മലയാളിയുമായ ഏജന്റ് സന്തോഷ് എന്ന അലക്സ് എന്നിവരെ പിടികൂടാൻ സിബിഐ ശ്രമിക്കുന്നുണ്ട്. 

ഡേവിഡ് മുത്തപ്പന് വിവാഹ സ്വപ്നം ബാക്കി
വിവാഹം ഉറപ്പിച്ച ശേഷമാണ് പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ റഷ്യയിലേക്കു പോയത്. കുറച്ചു പണമുണ്ടാക്കി തിരിച്ചുവന്നശേഷം വിവാഹം എന്നതായിരുന്നു ആഗ്രഹം. റഷ്യയിൽ സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ടെന്നു ഫെയ്സ്ബുക്കിൽ പരസ്യം കണ്ടാണു ഡൽഹിയിലെ ഏജന്റിനെ ബന്ധപ്പെട്ടത്. നേരിൽ കണ്ട് 3 ലക്ഷം രൂപ നൽകി. റഷ്യയിലെ ഏജന്റ് സന്തോഷ് എന്ന അലക്സ് തന്നെയായിരുന്നു. രണ്ടുലക്ഷം രൂപ ശമ്പളം വാഗ്ദാനമുണ്ടായിരുന്നു. ഒരു മാസത്തേതു കിട്ടി. 10 ദിവസമാണു യുദ്ധമുഖത്തുണ്ടായിരുന്നത്. അപ്പോഴേക്കും പരുക്കേറ്റ് ആശുപത്രിയിലായി. അവിടെ കിടക്കുമ്പോഴാണു റഷ്യൻ എംബസിയുടെ സഹായം തേടിയത്. മോസ്കോ മലയാളി അസോസിയേഷനും സഹായിച്ചെന്നു ഡേവിഡ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com