ADVERTISEMENT

തിരുവനന്തപുരം∙ മരണം മുന്നിൽക്കണ്ട യുദ്ധമുഖത്തുനിന്ന് അവർ പ്രിയപ്പെട്ടവരുടെ തണലിലണഞ്ഞു. മത്സ്യത്തൊഴിലാളി യുവാവ് അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യനും പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനുമാണ് വീടുകളിൽ തിരിച്ചെത്തിയത്. ഏജന്റിന്റെ ചതിയിൽപെട്ട് റഷ്യയിലെത്തിയ ഇരുവരെയും റഷ്യൻ സൈന്യം യുക്രെയ്നെതിരായ യുദ്ധത്തിനു നിയോഗിക്കുകയായിരുന്നു. യുദ്ധത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ഇരുവരും ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണു മടങ്ങിയെത്തിയത്. യുദ്ധമുഖത്തു തുടരുന്ന അഞ്ചുതെങ്ങ് സ്വദേശികളായ വിനീതും ടിനുവും നാട്ടിലെത്താനുള്ള കാത്തിരിപ്പാണ് ഇനി. പ്രിൻസിന്റെ ബന്ധുക്കളാണ് ഇരുവരും. 

‘‘ നൂറു മീറ്റർ മാത്രം അകലെയായിരുന്നു യുക്രെയ്ൻ സൈന്യം. യുദ്ധത്തിനിറങ്ങി പതിനഞ്ചാം മിനിറ്റിൽ എനിക്കു വെടിയേറ്റു. ടാങ്കിൽ തട്ടിയ വെടിയുണ്ട ഇടതു ചെവിക്കു സമീപം തുളഞ്ഞുകയറി. വെടിയേറ്റു വീണത് ഒരു റഷ്യൻ സൈനികന്റെ മൃതദേഹത്തിനു മുകളിലേക്കാണ്. മറ്റൊരു റഷ്യൻ സൈനികന്റെ ശരീരം ചിതറിച്ച ഗ്രനേഡിന്റെ ഒരു ഭാഗം എന്റെ ഇടതുകാലിലും പതിച്ചു. ഇഴഞ്ഞിഴഞ്ഞ് ഒരു കിടങ്ങിലെത്തി. രാത്രി മുഴുവൻ അവിടെ കഴിച്ചുകൂട്ടി. ശരീരം മുഴുവൻ രക്തമായിരുന്നു. കുടിക്കാൻ തുള്ളി വെള്ളംപോലുമില്ല. പിറ്റേന്നു കിടങ്ങിലൂടെ മൂന്നു കിലോമീറ്ററോളം ഇഴഞ്ഞാണു റഷ്യൻ സൈനിക ക്യാംപിലെത്തിയത്. അവർ ആശുപത്രിയിലെത്തിച്ച് വെടിയുണ്ട പുറത്തെടുത്തു’’– യുദ്ധമുഖത്തെ അനുഭവം പ്രിൻസ് വിവരിച്ചു. മകൻ താണ്ടിയ ദുരിതങ്ങൾ കേട്ട് അച്ഛൻ സെബാസ്റ്റ്യനും അമ്മ നിർമലയും തരിച്ചിരുന്നു. 

5 ആശുപത്രികളിലെ ചികിത്സയ്ക്കുശേഷം സൈനിക കമാൻഡറിൽനിന്ന് 30 ദിവസത്തെ അവധി സംഘടിപ്പിച്ച പ്രിൻസ് മോസ്കോയിൽ ഒരു പള്ളിയിൽ അഭയം തേടുകയായിരുന്നു. ഇവിടെ താമസിക്കുന്നതിനിടെ ഇന്ത്യൻ എംബസിയെ ഫോണിൽ ബന്ധപ്പെട്ടു. എംബസി താൽക്കാലിക യാത്രാ രേഖകൾ നൽകി. ഏപ്രിൽ ഒന്നിനു പുലർച്ചെ ഡൽഹിയിലെത്തിയ പ്രിൻസ്, അവിടെ സിബിഐക്കു മൊഴി നൽകിയശേഷം ഇന്നലെ പുലർച്ചെയാണു തിരുവനന്തപുരത്തെത്തിയത്. ജനുവരി 4നാണു പ്രിൻസ്, വിനീത്, ടിനു എന്നിവർ റഷ്യയിലെത്തിയത്. നവംബറിൽ റഷ്യയിലെത്തിയ ഡേവിഡ് മുത്തപ്പനു ബോംബ് ആക്രമണത്തിലാണു കാലിനു പരുക്കേറ്റത്. തുടർച്ചയായി 10 ദിവസം യുദ്ധം ചെയ്തു. സംഘത്തിലുണ്ടായിരുന്ന 2 ഇന്ത്യക്കാർ യുക്രെയ്ൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ നടുക്കം ഡേവിഡ് പങ്കുവച്ചു. മുറിവ് ഉണങ്ങിയ ശേഷം ക്യാംപിനു പുറത്തുള്ള കേന്ദ്രത്തിൽ കഴിയവേ ഇന്ത്യൻ എംബസിയാണു യാത്രാ രേഖകൾ നൽകിയത്. 30നു ഡൽഹിയിലെത്തിയ ഡേവിഡ് ഇന്നലെ രാത്രിയാണു വീട്ടിലെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com