അശരണരുടെ ചിരിയാണ് ഇവരുടെ പാട്ടിന്റെ താളം
Mail This Article
കോഴിക്കോട് ∙ ജെസുവിന്റെയും ജോഷ്വയുടെയും സംഗീതത്തിൽ സാന്ത്വനത്തിന്റെ മാന്ത്രികസ്പർശം കൂടിയുണ്ട്. ഇതു കേൾക്കുന്നവർ തിരിച്ചറിഞ്ഞില്ലെങ്കിലും അനുഭവിച്ചറിയുന്ന കുരുന്നുകളും വയോധികരുമടക്കം 450 പേർ തൊടുപുഴയിലുണ്ട്. പാശ്ചാത്യ വാദ്യോപകരണങ്ങളിൽ എ ഗ്രേഡ് നേടിയ സഹോദരങ്ങളായ ജോഷ്വ പ്രിൻസും ജെസു പ്രിൻസുമാണു സംഗീത ബാൻഡ് രൂപികരിച്ച് വരുമാനം ആതുര സേവനത്തിനു മാറ്റിവയ്ക്കുന്നത്. എച്ച്എസ്എസ് വിഭാഗം ഗിറ്റാറിൽ ജെസുവിനും ട്രിപ്പിൾ ജാസിൽ ജോഷ്വയ്ക്കും എ ഗ്രേഡ് ഉണ്ട്. വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് വിദ്യാർഥികളാണ്. സാമൂഹികപ്രവർത്തകനായ പിതാവ് കളപ്പുരയിൽ പ്രിൻസ് അഗസ്റ്റ്യന്റെ പാതയാണു പ്രചോദനം.
ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്കും അമ്മമാർക്കും തണലായ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ, മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള ദിവ്യരക്ഷാലയം, പ്രിൻസ് രക്ഷാധികാരിയായ പ്രത്യാശാഭവൻ എന്നിവിടങ്ങളിലെ അന്തേവാസികൾക്കു സാന്ത്വനം പകരാൻ രൂപംനൽകിയ ‘ബെൻ ബാൻഡി’ലെ അംഗങ്ങളാണ് ഇവർ. സംഗീതപരിപാടികളിൽനിന്നു ലഭിക്കുന്ന പ്രതിഫലം ഈ സ്ഥാപനങ്ങളുടെ നടത്തിപ്പിനു സംഭാവന ചെയ്യും. ഇന്നലെ ട്രിപ്പിൾ ജാസ് മത്സരം കഴിഞ്ഞയുടൻ എറണാകുളത്തെ വിവാഹവേദിയിലേക്കാണു സഹോദരങ്ങൾ വണ്ടികയറിയത്. സംഗീതമവതരിപ്പിക്കണം, കിട്ടുന്ന പ്രതിഫലവും സമ്മാനത്തിളക്കവുമായി അശരണരുടെ പക്കൽ ഓടിയെത്തണം. അതാണു ലക്ഷ്യം.