ADVERTISEMENT

തിരുവനന്തപുരം ∙ രാത്രി ഷിഫ്റ്റിൽ ജോലിക്കു കയറാമെന്നു വാക്കു നൽകി തലേദിവസം പോയ ഷഹ്നയുടെ മരണ വിവരം ഉൾക്കൊള്ളാൻ ഇപ്പോഴും സഹപാഠികൾക്കായിട്ടില്ല. മെഡിക്കൽ കോളജ് ക്യാംപസിൽ മെഴുകുതിരി തെളിച്ച് അവർ ഷഹ്നയുടെ ഓർമകൾക്ക് തെളിച്ചം നൽകി. " തിങ്കളാഴ്ച രാത്രി ഷഹ്നയ്ക്ക് രാത്രി ഷിഫ്റ്റായിരുന്നു. സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ ഫോണിൽ വിളിച്ചു. പ്രതികരണമുണ്ടായില്ല. തുടർച്ചയായി വിളിച്ചിട്ടും ഫോൺ എടുക്കാതായതോടെ താമസ സ്ഥലത്തേക്ക് വിളിച്ചു. അവരാണ് മരണ വിവരം ആദ്യം അറിഞ്ഞത്" – സർജറി വിഭാഗത്തിൽ ഷഹ്നയ്ക്കൊപ്പം ജോലി നോക്കുന്ന ഡോ. സോബിൻ പറഞ്ഞു.

വിവാഹം സംബന്ധിച്ച വിവരങ്ങൾ പങ്കു വച്ചിരുന്നെങ്കിലും സ്ത്രീധന പ്രശ്നമൊന്നും  പറഞ്ഞിരുന്നില്ല. മരണ ശേഷം വീട്ടുകാരോട് സംസാരിച്ചപ്പോഴാണ് ആത്മഹത്യയ്ക്ക് പിന്നിലെ യഥാർഥ കാരണം മനസ്സിലായത്. ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയാമായിരുന്നു. ഇടയ്ക്ക് അവധിയെടുത്ത് വീട്ടിൽ പോയിരുന്നു.  തിരിച്ചുവന്നപ്പോൾ കൂടുതൽ ഉത്സാഹവതിയായി തോന്നിയെന്നും സോബിൻ പറഞ്ഞു. കേസ് നടത്തിപ്പിൽ എന്തു സഹായം വേണമെങ്കിലും നൽകുമെന്നും ഷഹ്നയുടെ സഹപാഠികൾ പറഞ്ഞു. ക്യാംപസിൽ നടത്തിയ അനുസ്മരണത്തിനിടെ സഹപാഠികളിൽ ചിലർ വിതുമ്പി. അധ്യാപകരും സഹപാഠികളുമെല്ലാം ചേർന്ന് ഷഹ്നയുടെ ചിത്രത്തിന് മുന്നി‍ൽ മെഴുകുതിരി തെളിച്ച് ഓർമകൾ പങ്കിട്ടു.

പൊലീസിന് ജാഗ്രതക്കുറവ് ഉണ്ടായോ?: ഹസൻ‌
തിരുവനന്തപുരം ∙ഡോ.ഷഹ്നയുടെ കുറിപ്പ് കണ്ടെത്തിയിട്ടും അതു പ്രകാരം കേസെടുക്കുന്നതിൽ പൊലീസിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കണമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ ആവശ്യപ്പെട്ടു.  സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയ ഷഹ്നയുടെ വെഞ്ഞാറമൂട്ടിലെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നൽകണം,     മുതിർന്ന അഭിഭാഷകനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിക്കണം.  സ്ത്രീധന നിരോധന നിയമം ശക്തമായി നടപ്പാക്കാൻ വേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്നും ഹസൻ പറഞ്ഞു. ഇ.ഷംസുദീൻ, പുരുഷോത്തമൻ, ബിനു.എസ്.നായർ, സുധീർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

English Summary:

Dr. Shahana suicide case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com