17 സെന്റിൽ 200 ഫലവൃക്ഷങ്ങൾ പരിപാലിച്ച് ‘വനോ’മോഹൻ !

Mail This Article
തൃശൂർ ∙ അച്ഛൻ നട്ടുവളർത്തിയ 130 വയസ്സുള്ള വരിക്കപ്ലാവിലെ ചക്കച്ചുളയുടെ മധുരമാണു 77 വയസ്സുകാരനായ മനോമോഹൻ ദാസിന്റെ ഓർമകളിൽനിന്ന് ഇതുവരെ പടിയിറങ്ങാത്ത രുചി. വരുംതലമുറയ്ക്കായി അച്ഛൻ ചെയ്ത അതേ പുണ്യമാണ് അദ്ദേഹം നഗരഹൃദയത്തിലെ 17 സെന്റ് പുരയിടത്തിൽ നട്ടുവളർത്തുന്നത്. ഒന്നും രണ്ടുമല്ല 200ലധികം മരങ്ങളാണുള്ളത്.
മുഴുവനും ഫലവൃക്ഷങ്ങൾ. അതിൽത്തന്നെ 100ലധികം വ്യത്യസ്ത മാവുകൾ, 10 ഇനം പ്ലാവുകൾ, ഞാവൽ, ഓറഞ്ച്, അവക്കാഡോ, അബിയു, മാംഗോസ്റ്റിൻ, ബ്രസീലിയൻ ട്രീ ഗ്രേപ്, സ്ട്രോബറി, റംബുട്ടാൻ, ഞാവൽ തുടങ്ങിയവയും. ഒരു മാവിൽ നിന്നു 20 ഇനം മാമ്പഴം ലഭിക്കുന്ന ഒട്ടുമാവ്, മരമുന്തിരി (ജംബോട്ടികാബ) എന്നിവയാണു ഏറ്റവും കൗതുകം. സ്ഥലപരിമിതി പരിഹരിക്കാൻ ഡ്രമ്മുകളിലാണു കൃഷി. വളരെ വേഗത്തിൽ കായ്ക്കുന്ന ഇനം തൈകളാണു നട്ടിരിക്കുന്നത്. കാരണം രസകരം. ' എനിക്കീ പഴങ്ങളൊക്കെ കഴിക്കണം. കാത്തിരിക്കാൻ അധികനാൾ ഇല്ലല്ലോ..'
തൃശൂർ കുറുപ്പം റോഡിനു സമീപം വാരിയത്ത് ലൈനിലാണു അനേകം മരങ്ങൾ തണൽ വിരിച്ച തണ്ടാശേരി വീട്. ലൈബ്രേറിയൻ ആയി ജോലി ആരംഭിച്ച മനോമോഹൻ അബുദാബി ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്തു. പിന്നീടു നാട്ടിലെത്തിയാണു മരങ്ങളെ സ്നേഹിച്ചുതുടങ്ങിയത്. 16 വർഷം കൊണ്ടു പുരയിടത്തിൽ തോട്ടം തയാറാക്കി. ഓരോ മരത്തിന്റെയും പേരുകളും ശാസ്ത്രീയ നാമവും എഴുതി ഒട്ടിച്ചിട്ടുമുണ്ട്.
വരുന്നവർക്കു കാണാൻ മാത്രമല്ല, നട്ടുവളർത്തിയവയുടെ പേരുകൾ പ്രായാധിക്യംമൂലം മറന്നുപോവുമെന്നു തോന്നിയപ്പോൾ ചെയ്തതാണ്. മരങ്ങളെ പേരുചൊല്ലി വിളിക്കണം. നമ്മുടെ സാന്നിധ്യം അവയ്ക്കു വേണം. എന്നാലേ നന്നായി വളരൂ എന്നാണു മനോമോഹൻ പറയുന്നത്. രാവിലെ 6മുതൽ മരങ്ങളോടൊപ്പം ഉണ്ടാവും. തൊട്ടും തലോടിയും പേരുചൊല്ലി വിളിച്ചും കുറേനേരം ചെലവഴിക്കും. ടെറസിലുമുണ്ട് 15 ഇനം മാവുകൾ.
ആട്ടിൻകാഷ്ഠം, ചാണകം, കപ്പലണ്ടി പിണ്ണാക്ക് എന്നിവയുടെ മിശ്രിതം ഡ്രമ്മിൽ കാൽഭാഗം നിറയ്ക്കും. കൂടെ ചുവന്ന കൽപ്പൊടിയും ചേർക്കും. ഇതിലാണു തൈകൾ നടുക. ഡ്രിപ് ഇറിഗേഷൻ വഴിയാണു നനയ്ക്കുന്നത്. 17 സെന്റിൽതന്നെ മീൻകുളവും ഉണ്ട്. ഇതിലെ വെള്ളമാണു നനയ്ക്കാൻ ഉപയോഗിക്കുക. അതാണു ഏറ്റവും നല്ല വളമെന്നു മനോമോഹൻ.
പെരിങ്ങോട്ടുകരയിൽ ഒന്നേകാൽ ഏക്കറിലുമുണ്ട് നിറയെ മരങ്ങൾ. 50ലധികം മാവുകളും പ്ലാവുകളും 7 ഇനം കുരുമുളകും വിവിധ പച്ചക്കറികളും അവിടെയും തഴച്ചുവളരുന്നു. സമ്മിശ്ര കൃഷിക്കു കോർപറേഷന്റെ പുരസ്കാരവും ലഭിച്ചു.