ADVERTISEMENT

ഒരേ ഒരു പൂച്ചെടിയിനത്തിനു മാത്രമായി രാമകൃഷ്ണൻ നീക്കിവച്ചിരിക്കുന്നത് 8 ഏക്കർ സ്ഥലം. കേരളാ അതിർത്തിക്കടുത്ത്, തിരുവനന്തപുരത്തുനിന്ന് ഏറെ അകലെയല്ലാതെ തമിഴ്നാട് തക്കലയിൽ 5 ഏക്കറിലേറെ വിസ്തൃതി വരുന്ന മഴമറ നിറയെ ഡെൻഡ്രോബിയം ഓർക്കിഡുകൾ. തിരുവനന്തപുരം നെടുമങ്ങാട് ഫലനോപ്സിസ് മാത്രം വളരുന്നത് ഒരേക്കറിൽ. ഇത്രയധികം സ്ഥലം ഒറ്റച്ചെടിക്കു മാത്രമായി മാറ്റിവയ്ക്കാനും ഇത്രയധികം മൂലധനം ഒറ്റയിനത്തിനു മാത്രമായി ചെലവിടാനും എങ്ങനെ ധൈര്യം വന്നു എന്നു രാമകൃഷ്ണനോടു ചോദിച്ചാൽ. അദ്ദേഹം പറയും, ‘ഓർക്കിഡിനു തുല്യം ഓർക്കിഡ് മാത്രം, വിപണിയിൽ വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഓർക്കിഡിന്റെ താരപദവിക്ക് ഒട്ടും ചാഞ്ചല്യമില്ല.’ 

തമിഴ്നാട് നാഗർകോവിൽ സ്വദേശി എസ്.രാമകൃഷ്ണനും തക്കല പെരുംചിലമ്പിലുള്ള  അദ്ദേഹത്തിന്റെ റിൻകോ ഫാമും ഓർക്കിഡ് പ്രേമികൾക്കു സുപരിചിതമാണ്. സംസ്ഥാനത്ത് എൺപതുകളുടെ ഒടുവിൽ എവിടി കമ്പനി തുടങ്ങിവച്ച ഓർക്കിഡ് വിപ്ലവത്തെ ഊതിക്കത്തിച്ചവരിൽ ഒരാൾ രാമകൃഷ്ണനാണ്. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കവർഷങ്ങൾ വരെയും മൂന്നോ നാലോ ഓർക്കിഡ് ഇനങ്ങളിൽ തൃപ്തിപ്പെട്ട് പുതിയവയ്ക്കായി തായ്‌ലൻഡിലേക്കു കണ്ണയച്ചിരിക്കുകയായിരുന്നു സംസ്ഥാനത്തെ ഓർക്കിഡ് പ്രേമികൾ. രാമകൃഷ്ണനെപ്പോലുള്ള സംരംഭകർ ഇറക്കുമതിക്കു തുനിഞ്ഞതോടെയാണ് നമ്മുടെ ഉദ്യാനങ്ങളിൽ ഇത്രയേറെ ഓർക്കിഡ് വൈവിധ്യങ്ങൾ ഇടംപിടിച്ചത്. 20 വർഷമായി ഈ രംഗത്തുണ്ടെങ്കിലും ഇപ്പോഴും ഡിമാൻഡിന്റെ അടുത്തുപോലും വിപണനമെത്തുന്നില്ലെന്നു രാമകൃഷ്ണൻ. ‘‘ഇനിയും 20 വർഷത്തേക്കെങ്കിലും കേരളത്തിലെ ഓർക്കിഡ് വിപണി ഇതേ മൂല്യത്തോടെ നിലനിൽക്കും’’, രാമകൃഷ്ണൻ പറയുന്നു.

orchid-2
രാമകൃഷ്ണൻ ഓർക്കിഡ് ഫാമിൽ

എന്നും എപ്പോഴും വിപണി

വിപണി ഇത്ര വിശാലമെങ്കിൽ എന്തുകൊണ്ട് ഓർക്കിഡ് സംരംഭകരുടെ എണ്ണം വലിയ തോതിൽ വർധിക്കുന്നില്ലെന്നു ചോദിച്ചാൽ, ‘അതത്ര എളുപ്പമല്ല’ എന്നു രാമകൃഷ്ണന്റെ ഉത്തരം. മാതൃസസ്യത്തിൽനിന്ന് ഇളക്കിയെടുത്ത തണ്ടുകൾ നടീൽവസ്തുവാക്കി തൈകൾ ഉൽപാദിപ്പിക്കാമെങ്കിലും പരിമിതമായി മാത്രമേ നടക്കൂ. ഒരു ചെടിയിൽനിന്ന് വർഷം ഒന്നോ രണ്ടോ തൈകൾ  ലഭിച്ചതുകൊണ്ടു കാര്യമില്ല. പിന്നെ മാർഗം ടിഷ്യൂകൾച്ചറാണ്. ഓർക്കിഡിന്റെ ടിഷ്യൂകൾച്ചർ തൈ ഉൽപാദനം കൂടുതൽ ശ്രദ്ധ വേണ്ട കാര്യമായതിനാൽ അതിനു തുനിയുന്നവരും കുറവ്. പുണെ, ബെംഗളൂരു പോലുള്ള ഉദ്യാനനഗരങ്ങളെയും താ‌യ്‌ലൻഡ്, തായ്‌വാൻ എന്നീ രാജ്യങ്ങളെയുമാണ് ടിഷ്യൂകൾച്ചർ തൈകൾക്കായി നമ്മുടെ സംരംഭകർ ആശ്രയിക്കുന്നത്. ഫലനോപ്സിസിന്റെ മുഖ്യ ഉൽപാദകർ തായ്‌വാനാണ്. ഇതര ഓർക്കിഡുകളുടെ വിപണിയിൽ തായ്‌ലൻഡിനാണ് കുത്തക. ഈ രാജ്യങ്ങളിൽനിന്നെത്തുന്ന പുത്തൻ ഇനങ്ങളും നിറവൈവിധ്യങ്ങളുമാണ് നമ്മുടെ ഉദ്യാനപ്രേമികൾക്കും പ്രിയം. 

orchid-3
കുറിയർ ചെയ്യുന്നതിനുവേണ്ടിയുള്ള പായ്ക്കിങ്

ഓർക്കിഡ് വിപണി കൂടുതലായും ഇറക്കുമതി കേന്ദ്രീകരിച്ചു നിലനിൽക്കുന്നുവെന്നതും ഡിമാൻഡ് കൂട്ടുന്ന ഘടകമെന്നു രാമകൃഷ്ണൻ. ഓർക്കിഡ് പരിപാലനമാകട്ടെ, അത്ര എളപ്പവുമല്ല. രോഗ, കീടബാധകൾ ഏറെ. നേരമ്പോക്കുകാർക്ക് ഇണങ്ങാത്ത ഇനം. അതേസമയം യഥാർഥ പൂച്ചെടിപ്രേമികൾ എന്തു ത്യാഗം സഹിച്ചും സംരക്ഷിക്കുന്ന ഇനവും. തൈകളുടെ ഉയർന്ന വില, മഴമറ ഉൾപ്പെടെ അടിസ്ഥാന സൗകര്യത്തിനുള്ള ചെലവ്, ശാസ്ത്രീയ പരിപാലനത്തിലെ ധാരണക്കുറവ് എന്നിവയെല്ലാം പുതുസംരംഭകര്‍ക്കു കടമ്പകളാണ്. ചുരുക്കത്തിൽ, ഏറെ സംരംഭകരുടെയും കയ്യിലൊതുങ്ങാത്ത പൂച്ചെടിയിനമായി തുടരുകയാണ് ഓർക്കിഡ്. മറ്റു പല പൂച്ചെടികളും ‘ദാ വന്നു, ദേ പോയി’ എന്ന മട്ടിലെങ്കിൽ, ഓർക്കിഡ് ശക്തമായി തുടരുന്നതും മേൽപറഞ്ഞ കാരണങ്ങൾകൊണ്ടെന്നു രാമകൃഷ്ണൻ. ഇത് പുതുസംരംഭകർക്ക് അനുകൂലവുമാണ്. 

ഇറക്കുമതി, വിൽപന  

രണ്ടായിരത്തിന്റെ തുടക്കത്തിൽ ഓർക്കിഡ് തൈ ഇറക്കുമതി ആരംഭിച്ച രാമകൃഷ്ണൻ ഇന്നു വർഷം തോറും ലക്ഷക്കണക്കിനു തൈകളാണ് കേരളത്തിൽ മാത്രം വിറ്റഴിക്കുന്നത്. ഡെൻഡ്രോബിയമാണ് മുഖ്യം. സംസ്ഥാനത്തു കട്ഫ്ലവർ ആയി വളർത്താൻ ആരംഭിച്ച ആദ്യകാല ഓർക്കിഡ് ഇനമാണിത്. ഇതര ഇനങ്ങളെ അപേക്ഷിച്ച് രോഗ, കീടബാധ കുറവെന്നത് ഈയിനത്തോടു പ്രിയം നിലനിർത്തുന്നു. പൂവിൽപനയ്ക്കായി വളർത്തുന്നവർ കുറവായതിനാൽ കട്ഫ്ലവർ ഇനങ്ങളെക്കാൾ പോട്ട്ഫ്ലവർ ഇനങ്ങളാണ് വിൽപനയില്‍ മുന്നില്‍. പർപ്പിൾ–വെള്ള, മഞ്ഞ–പച്ച നിറഭേദങ്ങളിൽ ഇനങ്ങൾ ഒട്ടേറെ. ഫലനോപ്സിസിലുമുണ്ട് ഒട്ടേറെ നിറഭേദങ്ങൾ. ഉഷ്ണമേഖലാ കാലാവസ്ഥയിൽ നന്നായി പൂവിടുന്നവയാണ് ഡെൻഡ്രോബിയങ്ങൾ. ഉയരവും തണുപ്പും കൂടിയ പ്രദേശങ്ങളിലാണ് ഫലനോപ്സിസ് കൂടുതൽ പൂവുകൾ ഉൽപാദിപ്പിക്കുക. ഓർക്കിഡിലെ പ്രമുഖ കട്ഫ്ലവർ ഇനമായ മൊക്കാറയുടെ വിപുലമായ ശേഖരവും ഈ ഫാമിലുണ്ട്. പുഷ്പാലങ്കാരങ്ങൾക്കായുള്ള കട്ഫ്ലവർ ഇനങ്ങളുടെ കൃഷിയും ലാഭകരം തന്നെയെന്ന് രാമൃഷ്ണൻ. മറ്റിനങ്ങളെ അപേക്ഷിച്ച് ഓർക്കിഡ് കട്ഫ്ലവറിന് ഉയർന്ന വിലയാണുള്ളത്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ ഉയർന്ന ശ്രേണികളിലുള്ളവർ മാത്രമാണ് പുഷ്പാലങ്കാരങ്ങളിൽ ഓർക്കിഡ് ഉപയോഗിക്കുന്നത്. ഇറക്കുമതി ചെയ്ത, 8–10 സെ.മീ. വലുപ്പമുള്ള തൈകൾ 9–10 മാസം പരിപാലിച്ചാണ് വിപണിയിലെത്തിക്കുന്നതെന്ന് രാമകൃഷ്ണൻ. ഈ തൈകൾ വാങ്ങി ഒരു വർഷത്തോളം വളർത്തി പൂക്കൾ നിറയുന്നതോടെ ഇരട്ടിയിലേറെ വിലയ്ക്കു വിൽക്കുന്നവർ  ഒട്ടേറെ. 

orchid-4

വിദഗ്ധർ വിരളം

ഓർക്കിഡിന്റെ കാര്യത്തിൽ ഇങ്ങു കേരളത്തിൽ മാത്രമല്ല, അങ്ങു തായ്‌ലൻഡിലും അക്കാദമിക് വിദഗ്ധരുടെ എണ്ണം ചുരുക്കം. ഈ രംഗത്തെ വളര്‍ച്ച വൻകിട സംരംഭകരുടെ നേതൃത്വത്തിലുള്ള  ഗവേഷണങ്ങളുടെ ഫലമാണ്. സ്വന്തം വ്യവസായം നിലനിൽക്കാൻ അവർതന്നെ ആഴത്തിലുള്ള ഗവേഷണങ്ങൾ നടത്തുന്നു. നമ്മുടെ അക്കാദമിക് വിദഗ്ധർ ഈ രംഗത്തു കൂടുതൽ ശ്രദ്ധ കൊടുത്താൽ സാധാരണ സംരംഭകർക്കു വലിയ നേട്ടമുണ്ടാകുമെന്നു രാമകൃഷ്ണൻ. ഓർക്കിഡിന്റെ രോഗ,കീടബാധകൾ പലതിനും നിലവിൽ പരിഹാരമില്ല. അക്കാദമിക് സമൂഹവും സംരംഭക സമൂഹവും യോജിച്ചു പ്രവർത്തിച്ചാൽ നമ്മുടെ ഓർക്കിഡ് രംഗം കൂടുതൽ ഉയരങ്ങളിലെത്തുമെന്നും രാമകൃഷ്ണൻ പറയുന്നു.

ഫോൺ: 8344944431 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com